ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ അതിരൂപതാ സമിതിയംഗങ്ങള്‍ സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിനെ മൗണ്ട് സെന്റ് തോമസിലെത്തി സന്ദര്‍ശിച്ചു. സീറോമലബാര്‍സഭാദ്ധ്യക്ഷനായി ഉത്തരവാദിത്വമേറ്റ അഭിവന്ദ്യ പിതാവിന് കെ.സി.സി അതിരൂപതാസമിതി അഭിനന്ദനങ്ങള്‍ അറിയിച്ചു. സീറോമലബാര്‍സഭയുടെ വളര്‍ച്ചയില്‍ ക്‌നാനായ സമുദായം നല്‍കിയിട്ടുള്ളതും നല്‍കിക്കൊണ്ടിരിക്കുന്നതുമായ നിസ്തുല സംഭാവനകളെ മേജര്‍ ആര്‍ച്ചുബിഷപ്പ് അനുസ്മരിച്ചു. സമുദായാംഗങ്ങള്‍ക്കിടയിലുള്ള ഇഴയടുപ്പവും പരസ്പര സഹകരണ മനോഭാവവും പാരമ്പര്യങ്ങള്‍ പരിപാലിക്കുന്നതിലെടുക്കുന്ന താല്പര്യവും പ്രശംസനീയവും വേറിട്ടതുമാണെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് ചൂണ്ടിക്കാട്ടി.
കോട്ടയം അതിരൂപതയും ക്‌നാനായ സമുദായവും ഇന്നു നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍ പങ്കുവച്ചു. ഇന്‍ഡ്യമുഴുവന്‍ കോട്ടയം അതിരൂപതാദ്ധ്യക്ഷന് അജപാലന അധികാരം ലഭിക്കുന്നതിന് സിനഡ് ശുപാര്‍ശ നല്‍കിയിട്ടും ഇതുവരെ പരിശുദ്ധ സിംഹാസനത്തില്‍നിന്നും ഇക്കാര്യത്തില്‍ അനുമതി ലഭിക്കാത്ത പശ്ചാത്തലത്തില്‍ എത്രയും വേഗം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുവാന്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ ലോകമെമ്പാടുമുള്ള ക്‌നാനായ മക്കളുടെ ആഗ്രഹം കോട്ടയം അതിരൂപതാദ്ധ്യക്ഷന്റെ നേരിട്ടുള്ള അജപാലനഅധികാരത്തിലാകണമെന്നാണെന്നും ഇക്കാര്യത്തില്‍ പരിശുദ്ധ സിംഹാസനത്തില്‍ നിന്നും അനുകൂലനടപടിയുണ്ടാകണമെന്ന് ആഗ്രഹിച്ച് കെ.സി.സിയുടെ നേതൃത്വത്തില്‍ അതിരൂപതാംഗങ്ങള്‍ നിവേദനം തയ്യാറാക്കിവരികയാണെന്നും പ്രസ്തുത നിവേദനം നല്‍കുമ്പോള്‍ അക്കാര്യത്തില്‍ സീറോ മലബാര്‍ സഭയുടെ പരിപൂര്‍ണ്ണ പിന്തുണ ഉണ്ടാകണമെന്നും മേജര്‍ ആര്‍ച്ചുബിഷപ്പിനോട് അഭ്യര്‍ത്ഥിച്ചു.
മൗണ്ട് സെന്റ് തോമസില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന മ്യൂസിയത്തില്‍ ക്‌നാനായ സമുദായ ചരിത്രം കുറവു വരാതെയും തെറ്റുവരാതെയും അവതരിപ്പിക്കണമെന്നും ക്‌നാനായ സമുദായം നൂറ്റാണ്ടുകള്‍ പരിരക്ഷിച്ചതും തലമുറകളായി ഉപയോഗിച്ചിരുന്നതുമായ മഹത്തായ ക്‌നാനായ ആചാരങ്ങള്‍ വികലമാക്കുവാനും തെറ്റായി അവതരിപ്പിക്കുവാനുമുള്ള ആസൂത്രിത ശ്രമങ്ങളെ അതിജീവിക്കാന്‍ സഹായിക്കണമെന്നും യോഗം ആവശ്യപ്പെടുകയും ഇക്കാര്യങ്ങളടങ്ങിയ കത്ത് അഭിവന്ദ്യ മേജര്‍ ആര്‍ച്ചുബിഷപ്പിനു സമര്‍പ്പിക്കുകയും ചെയ്തു. അതിരൂപതാ സമിതിയംഗങ്ങളുടെ ആവശ്യങ്ങളെല്ലാം ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയും വിശദീകരണങ്ങള്‍ ചോദിക്കുകയും ചെയ്ത പിതാവ് ആവശ്യങ്ങള്‍ കഴിവതുംവേഗം സാധ്യമാകുവാന്‍ എല്ലാ പരിശ്രമവും നടത്തുന്നതാണെന്ന് ഉറപ്പുനല്‍കി.
അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെ.സി.സി അതിരൂപതാ ഭാരവാഹികളായ ബേബി മുളവേലിപ്പുറം, ജോണ്‍ തെരുവത്ത്, ടോം കരികുളം, ബിനു ചെങ്ങളം, സാബു കരിശ്ശേരിക്കല്‍, ഷിജു കൂറാന, ജോസ് കണിയാപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.