മാധ്യമ സ്വാതന്ത്ര്യത്തിനു താഴിടരുത്‌ മാധ്യമങ്ങള്‍ നിഷ്‌പക്ഷമാവുകയും വേണം

ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന നാലാം തൂണാണ്‌ മാധ്യമങ്ങള്‍. മാധ്യമ സ്വാതന്ത്ര്യത്തിനു വിലങ്ങു വീഴുന്നിടത്തു ജനാധിപത്യം മരിച്ചു തുടങ്ങും. ജനങ്ങളുടെ മനസ്സും ഇഷ്‌ടങ്ങളും താല്‌പര്യങ്ങളും പ്രതീകങ്ങളും അനിഷ്‌ഠങ്ങളും പ്രതിഷേധങ്ങളുമെല്ലാം ഭരണകൂടത്തിന്റെയും പൊതുസമൂഹത്തിന്റെയും മുന്‍പില്‍ കൊണ്ടു വരുന്നതില്‍ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ക്ക്‌ അദ്വതീയമായ സ്ഥാനമാണുള്ളത്‌. ആധുനിക ഡിജിറ്റല്‍ യുഗത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ അവഗണിക്കാനാവില്ല. ഏറ്റവും എളുപ്പത്തില്‍ കൂടുതല്‍ ആളുകളിലേക്കു താമസം കൂടാതെ വാര്‍ത്തകളും അഭിപ്രായങ്ങളും എത്തിക്കുന്നതില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കു പകരം വയ്‌ക്കാനൊന്നുമില്ല. ജനാധിപത്യ സംരക്ഷണത്തിനും ജനാധിപത്യ സ്ഥാപനങ്ങളുടെ സുരക്ഷിതമായ നിലനില്‍പ്പിനും ജനങ്ങളുടെ ആശയ പ്രകാശനത്തിനും തടസമുണ്ടാകാതിരിക്കാന്‍ മാധ്യമ സ്വാതന്ത്ര്യം പരിരക്ഷിക്കപ്പെട്ടേ മതിയാവൂ. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തെ ഭയപ്പെടുന്നവരും ഇല്ലാതില്ല. തങ്ങള്‍ അനുഭവിക്കുന്നതും തങ്ങള്‍ ആഗ്രഹിക്കുന്നതും മാത്രം ജനങ്ങള്‍ അറിഞ്ഞാല്‍ മതി എന്നു വാശി പിടിക്കുന്നവരും അതിനു വേണ്ടി മാധ്യമ സ്വാതന്ത്രത്തിനു താഴിടുന്നവരും ഇല്ലാതില്ല. ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യത്തിനു വിലങ്ങു വീണ അടിയന്തരാവസ്ഥകാലത്ത്‌ ഇന്ത്യയിലെ ഒരു പ്രമുഖ പത്രം തങ്ങളുടെ പത്രത്തിന്റെ ഒന്നാം പേജില്‍ കറുത്ത കളര്‍ മാത്രം അടിച്ച്‌ ഒന്നും എഴുതാതെ പ്രതികരിച്ചത്‌ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനുവേണ്ടിയുള്ള അഭിവാഞ്ചയും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനു എതിരു നിന്ന ഭരണകൂട താല്‌പര്യങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധവുമായിരുന്നു. ജനാധിപത്യ വിരുദ്ധമായിട്ടുള്ള ഏകാധിപത്യ ഫാസിസ്റ്റു ഭരണകൂടങ്ങള്‍ക്ക്‌ എന്നും സ്വതന്ത്ര മാധ്യമങ്ങള്‍ വിലങ്ങുതടിയാണ്‌. അതുകൊണ്ടുതന്നെ അപ്രകാരമുള്ള ഭരണകൂടങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ കടയ്‌ക്കു കത്തിവയ്‌ക്കുന്ന സമീപനം എക്കാലത്തും സ്വീകരിക്കാറുണ്ട്‌. എന്നാല്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ വിശ്വസിക്കുന്നവര്‍ ജനാധിപത്യപരമായി അധികാരത്തില്‍ ഏറിയ ഭരണകൂടങ്ങള്‍ക്കും മാധ്യമസ്വാതന്ത്ര്യത്തിനും താഴിടാറില്ല.
മാധ്യമ രംഗം കോര്‍പ്പറേറ്റു താല്‌പര്യങ്ങള്‍ക്കു അടിമപ്പെട്ടപ്പോള്‍ മാധ്യമങ്ങള്‍ക്കു തന്നെ സ്വന്തം അജണ്ട ഉണ്ടാവുകയും നിഷ്‌പക്ഷത കൂടാതെ അവ ഒന്നുകില്‍ ഭരണകൂടത്തെ തള്ളി പറയുകയോ അല്ലെങ്കില്‍ ഭരണകൂടത്തെ പ്രീണിപ്പിക്കുകയോ ചെയ്യുന്ന സമീപനം സ്വീകരിക്കുകയോ ചെയ്യാറുണ്ട്‌. അതു ജനാധിപത്യ വ്യവസ്ഥിതിയെ അരാജകത്വത്തിലേക്കു തള്ളിവിടുന്നതിലും ജനങ്ങളുടെ താല്‌പര്യ സംരക്ഷണത്തിനു തടസം സൃഷ്‌ടിക്കുന്നതിലുമാണ്‌ ആത്യന്തികമായി എത്തി നില്‌ക്കുക. *അതുകൊണ്ടു തന്നെ മാധ്യങ്ങള്‍ നിഷ്‌പക്ഷതയോടെ, സ്വതന്ത്രമായി, സത്യസന്ധതയോടെ വസ്‌തുനിഷ്‌ഠതയോടെ വാര്‍ത്തകള്‍ സംവേദനം ചെയ്‌തുകൊണ്ടിരിക്കണം. എന്നാല്‍ ഇക്കാലത്താകട്ടെ ഭരണകൂടം മാധ്യമ സ്വാതന്ത്ര്യത്തിനു തടസ്സം സൃഷ്‌ടിക്കുന്ന സമീപനം സ്വീകരിക്കുന്നു എന്ന ആരോപണത്തോടെപ്പം ചില മാധ്യമങ്ങള്‍ വിദേശ രാജ്യത്തുനിന്നും പണം കൈപ്പറ്റികൊണ്ടു ദേശവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നു എന്ന ആരോപണവും നിലനില്‍ക്കുന്നു. കഴിഞ്ഞ ദിവസം അടച്ചു പൂട്ടിയ ന്യൂസ്‌ ക്ലിക്‌, ഗവണ്‍മെന്റിനെ വിമര്‍ശിക്കുന്നതില്‍ മുന്നിട്ടുനിന്ന ഓണ്‍ലൈന്‍ മാധ്യമമാണ്‌. ഒപ്പം ന്യൂസ്‌ ക്ലിക്കിനെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ചൈന ബന്ധത്തെയും സാമ്പത്തിക ഇടപാടിനെ സംബന്ധിച്ചും വിശദീകരണവും ഉണ്ടാകണം. ഒക്‌ടോബര്‍ മൂന്നാം തീയതി രാവിലെ ആറു മണി മുതല്‍ 46 കേന്ദ്രങ്ങളില്‍ റെയ്‌ഡു നടക്കുകയും ന്യൂസ്‌ ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുര്‍ക്കായസ്‌ത പോലീസ്‌ കസ്റ്റഡിയിലാവുകയും ചെയ്‌തിട്ടുണ്ട്‌. ഇതിനു മുന്‍പു 2021 ലും ന്യൂസ്‌ ക്ലിക്ക്‌ ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ റെയ്‌ഡ്‌ നടത്തിയിട്ടുണ്ട്‌. ഈ മാധ്യമത്തിന്റെ വാര്‍ത്തകളിലും ലേഖനങ്ങളിലും ചൈനീസ്‌ സര്‍ക്കാരിന്റെ വാദങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നതായി കഴിഞ്ഞ ഓഗസ്റ്റ്‌ മാസത്തില്‍ ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ടു ചെയ്‌തിരുന്നു. ചൈനീസ്‌ സര്‍ക്കാരുമായി ബന്ധമുള്ള അമേരിക്കന്‍ പൗരനും കോടീശ്വരനുമായ നെവിന്‍ റോയ്‌ സിഗം, ന്യൂസ്‌ ക്ലിക്കിനു അമേരിക്ക വഴി 76.84 കോടി രൂപ കൊടുത്തെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകളെ തുടര്‍ന്നു രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനു എതിരെയുള്ള യു.എ.പി.എ വകുപ്പുകള്‍ ചുമത്തി പുതുതായി രജിസ്റ്റര്‍ ചെയ്‌ത കള്ളപ്പണ കേസിലാണ്‌ ഇപ്പോഴത്തെ റെയ്‌ഡ്‌. ഗവണ്‍മെന്റിന്റെ ഇക്കാര്യത്തിലുള്ള നിലപാട്‌ സത്യത്തിലധിഷ്‌ഠിതമാണെങ്കില്‍ അന്വേഷണത്തെ ആര്‍ക്കും നിഷേധിക്കാനാവില്ല. ഇന്ത്യക്കെതിരെ അന്താരാഷ്‌ട്ര വേദികളില്‍ കടുത്ത നിലവാടു സ്വീകരിക്കുന്ന ചൈനയില്‍ നിന്നു ന്യൂസ്‌ ക്ലിക്ക്‌ പണം സ്വീകരിച്ചു ചൈനിസ്‌ അനുകൂല നിലപാടു സ്വീകരിച്ചു എന്ന കാര്യത്തില്‍ വസ്‌തുനിഷ്‌ഠമായ അന്വേഷണം നടക്കണം. ഒപ്പം രാജ്യവിരുദ്ധ പ്രവര്‍ത്തനമെന്ന കുറ്റാരോപണം ഭരണകൂടത്തെ വിമര്‍ശിക്കുന്ന മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും നിശബ്‌ദരാക്കാനുള്ള മാര്‍ഗമായി ആരും സ്വീകരിച്ചു കൂടാ. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ സുപ്രീം കോടതി, പൗരന്മാരുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ ഭരണകൂടം ദേശ സുരക്ഷയെന്ന വാദം ഉപയോഗിക്കുന്നത്‌ നിയമ വ്യവസ്ഥക്കു നിരക്കുന്നതല്ലെന്ന നിലപാടാണ്‌ സ്വീകരിച്ചത്‌. അടുത്ത കാലത്തു കേരള സര്‍ക്കാരും മാധ്യമങ്ങളോടു അസഹിഷ്‌ണുത കാണിക്കുന്നു എന്ന ആരോപണം ഉന്നയിക്കുന്നവരുണ്ട്‌. ജനാധിപത്യത്തിന്റെ മാതാവാണ്‌ ഇന്ത്യയെന്ന്‌ നാം ഉറക്കെ പറയുമ്പോഴും ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്ന, ഊട്ടി ഉറപ്പിക്കുന്ന മാധ്യമങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. ഒപ്പം മാധ്യമങ്ങള്‍ കോര്‍പ്പറേറ്റ്‌ താല്‌പര്യങ്ങള്‍ക്കു വശംവദരായി സത്യം കൈവെടിഞ്ഞും നിഷ്‌പക്ഷത നശിപ്പിച്ചും സ്വന്തം താല്‌പര്യങ്ങളനുസരിച്ചും വാര്‍ത്തകള്‍, ഫീച്ചറുകള്‍ ലേഖനങ്ങള്‍ ഇവ നല്‌കുന്നതും ഒരിക്കലും ജനാധിപത്യ വ്യവസ്ഥിതിയില്‍ സ്വീകാര്യമല്ല.

Previous Post

ഉഴവൂര്‍: മറ്റപ്പള്ളിക്കുന്നേല്‍ എല്‍സമ്മ കുര്യന്‍

Next Post

യുദ്ധം മനുഷ്യരാശിയുടെ തോല്‍വിയാണ്‌, അതു അവസാനിപ്പിച്ചേ മതിയാവൂ

Total
0
Share
error: Content is protected !!