യുവജനദിനത്തിന്റെ മംഗളങ്ങള്‍

പ്രിയ ക്നാനായ യുവതീയുവാക്കളെ,

കേരളകത്തോലിക്ക സഭ ജൂലൈ 4-ാം തിയതി ആഘോഷിക്കുന്ന യുവജനദിനത്തിന്റെ മംഗളങ്ങള്‍ നിങ്ങള്‍ക്കേവര്‍ക്കും സ്നേഹപൂര്‍വ്വം ആശംസിക്കുന്നു.
പിടിതരാതെ പിന്തുടരുന്ന കോവിഡ്-19 നെ പ്രതിരോധിക്കുന്നതിനും പരാജയപ്പെടുത്തുന്നതിനുമുള്ള പരിശ്രമങ്ങളില്‍ ധൈര്യമായി മുന്നോട്ടുവന്ന് നമ്മുടെ അതിരൂപതയിലെ യുവജന പ്രസ്ഥാനമായ കെ.സി.വൈ.എല്‍. സംഘടനയിലൂടെ പ്രശംസാര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന യുവജനങ്ങളെ ഹൃദയപൂര്‍വ്വം ഞാന്‍ അഭിനന്ദിക്കുന്നു. നിങ്ങളുടെ ഊര്‍ജ്ജമാണ് ക്നാനായ സമുദായത്തിന്റെ ശക്തി. പ്രതികൂലസാഹചര്യങ്ങളില്‍ പതറാതെനിന്ന് ദൈവത്തിലാശ്രയിച്ചു സഹോദരങ്ങള്‍ക്ക് ആശ്വാസവും അത്താണിയുമാകുവാന്‍ നിങ്ങള്‍ നടത്തുന്ന പരിശ്രമങ്ങള്‍ അനേകര്‍ക്ക് മാതൃകയും പ്രചോദനവുമാകട്ടെ എന്നാശംസിക്കുന്നു.

ശക്തമായ ആത്മവിശ്വാസവും, പ്രതികൂലസാഹചര്യങ്ങളെ ചെറുത്തു തോല്പിക്കുന്ന ക്നാനായ പൈതൃകവും, സഹോദരങ്ങള്‍ക്കനുഗ്രഹമായി മാറുന്ന വിശ്വാസചൈതന്യവും കൈമുതലാക്കി മുന്നേറുവാന്‍, യുവജനദിനാഘോഷങ്ങള്‍ നിങ്ങള്‍ക്ക് പ്രചോദനമരുളട്ടെ.

പ്രിയമുള്ളവരേ, അഭിമാനപൂര്‍വ്വം നാം ഉയര്‍ത്തിപ്പിടിക്കുന്ന ചരിത്രവഴികളില്‍ തിളങ്ങി നില്‍ക്കുന്ന ഒരു സത്യമാണല്ലോ ദൈവത്തോടും സഭയോടുമുള്ള ക്നാനായ സമുദായത്തിന്റെ അചഞ്ചലമായ വിശ്വസ്തത. ഇതിനെ മുറുകെപ്പിടിച്ചാല്‍ നമ്മെ പരാജയപ്പെടുത്താന്‍ ഒരു ശക്തിക്കും സാധ്യമല്ല. കാറ്റിലും കോളിലും ആടിയുലഞ്ഞ തോണിയില്‍ പരിഭ്രാന്തരായ ശിഷ്യരോട് നമ്മുടെ കര്‍ത്താവു ചോദിച്ചത് നിങ്ങള്‍ക്കു വിശ്വാസമില്ലേ എന്നാണ്. വിശ്വാസത്തെ മുറുകെപ്പിടിച്ചുകൊണ്ടുമാത്രമേ കാറ്റും കോളും നിറഞ്ഞ സാഹചര്യങ്ങളില്‍ ജീവിതനൗകയെ സുരക്ഷിതമായി മുന്നോട്ടു കൊണ്ടുപോകുവാന്‍ സാധിക്കുകയുള്ളു എന്ന് നാം വിസ്മരിക്കരുത്. കര്‍ത്താവിന്റെ സാന്നിധ്യം നിരന്തരം ഹൃദയത്തില്‍ ജ്വലിക്കുന്ന സഭയുടെ വിശ്വാസ നൗകയിലാകണം നമ്മുടെ യാത്ര.

പ്രിയ ക്നാനായ യുവജനങ്ങളെ, ദൈവത്തോടും നമ്മുടെ പിതാക്കന്മാരോടുമുള്ള വിശ്വസ്തതയുടെ അടയാളവും ആധാരവുമായി ക്നാനായ സമൂഹം ഹൃദയത്തോടു ചേര്‍ത്ത് സംരക്ഷിക്കുന്ന സ്വവംശവിവാഹനിഷ്ഠ അഭംഗുരം പാലിക്കുവാന്‍ നിങ്ങള്‍ ഓരോരുത്തരും ദൃഢനിശ്ചയം ചെയ്യണം. അത് പൂര്‍വ്വപിതാക്കന്മാരോടുള്ള നിങ്ങളുടെ കൃതഞ്ജതയുടെയും വരുംതലമുറയോടുള്ള നിങ്ങളുടെ കടപ്പാടിന്റെയും അടയാളവും അടിസ്ഥാനവുമാണ്. വിലക്കപ്പെട്ട കനി ഭക്ഷിച്ച ആദിമാതാപിതാക്കളുടെ ചിത്രം നിങ്ങളുടെ ഓര്‍മ്മയിലുണ്ടായിരിക്കട്ടെ. നിങ്ങളുടെ ഭാവി തലമുറകളോട് നിങ്ങള്‍ക്കു ചെയ്യാവുന്ന ഏറ്റവും വലിയ ദ്രോഹമാണ് സ്വവംശവിവാഹനിഷ്ഠയെന്ന ക്നാനായപൈതൃകം പരിത്യജിക്കുന്നത്. അത് നഷ്ടപ്പെടുത്തിയവരെല്ലാം അപരിഹാര്യമായ ആ നഷ്ടത്തില്‍ ദുഖിക്കുന്നവരാണ്. മറ്റു നേട്ടങ്ങളൊന്നും ഈ നഷ്ടം പരിഹരിക്കുന്നില്ല എന്ന് അവരുടെ പ്രവൃത്തികള്‍ സാക്ഷ്യപ്പെടുത്തുന്നു. ക്നാനായ തനിമയുടെ അഭിമാനം നിങ്ങളില്‍ കുടികൊള്ളാനും, അത് വരുംതലമുറയ്ക്ക് കൈമാറുന്നതിലൂടെ നിങ്ങളുടെ സന്തോഷം വര്‍ദ്ധിക്കുന്നതിനും വേണ്ടിയാണ് ഞാനിക്കാര്യം നിങ്ങളെ അനുസ്മരിപ്പിക്കുന്നത്.

ഇന്നത്തേക്കാള്‍ മോശമായ പ്രതികൂലസാഹചര്യങ്ങളിലും പ്രലോഭനങ്ങളിലും പതറാതെ സഭയോടും സമുദായത്തോടുമുള്ള വിശ്വസ്തതയില്‍ അടിയുറച്ചുമുന്നേറിയ നമ്മുടെ പിതാക്കന്മാരുടെ നല്ല മാതൃക നമുക്ക് കരുത്ത് പകരട്ടെ. ഈ വഴിയില്‍ തളര്‍ന്നുപോകുന്നവരും പ്രലോഭനങ്ങള്‍ക്കു വശംവദരാകുന്നവരും എന്നുമുണ്ടാകാം. അവരാകരുത് നമ്മുടെ മാതൃക. എന്റെ പൂര്‍വ്വികര്‍ ശ്രദ്ധാപൂര്‍വ്വം പരിപാലിച്ച ക്നാനായപൈതൃകമാകുന്ന സുവര്‍ണ്ണ ശൃംഖലയുടെ അവസാനത്തെ കണ്ണിയാകാന്‍ ഞാന്‍ തയ്യാറല്ല, പ്രത്യുത എന്ത് ത്യാഗം സഹിച്ചും ആ സുവര്‍ണ്ണ ശൃംഖല മുറിയാതെ വരും തലമുറയിലേക്കു അഭിമാനപൂര്‍വ്വം ഞാന്‍ കൈമാറും എന്ന ഉറച്ച തീരുമാനത്തിലൂടെ ഈ യുവജനദിനത്തെ അവിസ്മരണീയമാക്കാന്‍ നിങ്ങള്‍ക്കേവര്‍ക്കും സാധിക്കട്ടെ എന്ന് ഞാന്‍ സ്നേഹപൂര്‍വ്വം ആശംസിക്കുന്നു.

മാര്‍ മാത്യു മൂലക്കാട്ട്
കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത

 

Previous Post

അതിരൂപതയിലെ വൈദികരുടെ സ്​ഥലംമാറ്റം

Next Post

ഉഴവൂര്‍: വട്ടക്കുന്നേല്‍ ടി.ജെ ചാക്കോ

Total
0
Share
error: Content is protected !!