വത്തിക്കാന്‍ വാര്‍ത്തകളില്‍ ഈ ആഴ്ച നിറഞ്ഞു നില്ക്കുന്നത് മാര്‍പാപ്പയുടെ രണ്ടു പ്രഭാഷണങ്ങളാണ്. ഒന്ന് ജി-7. രാജ്യങ്ങളുടെ മീറ്റിംഗില്‍ നിര്‍മിതബുദ്ധിയെക്കുറിച്ചുള്ള പ്രഭാഷണവും 25 ആഗോള കോര്‍പ്പറേറ്റ് തലപ്പത്തിരിക്കുന്നവരോടുള്ള പ്രവര്‍ത്തനശൈലിയുടെ മൂല്യനിര്‍ണയ വിശദീകരണവുമാണ്. ജി-7 ലോകത്തിലെ ഏഴ് വികസിതരാജ്യങ്ങളായ വടക്കെ അമേരിക്ക, കാനഡ, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ജപ്പാന്‍, ഇറ്റലി, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ്. തെക്കന്‍ ഇറ്റലിയിലെ ബോര്‍ഗോ ഇഗ്നാസിയോയിലെ ഒരു വിനോദ കേന്ദ്രത്തിലാണ് ഈ യോഗം നടന്നത്. ആഗോള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് ശരിയായ ദിശയിലേക്ക് ലോകത്തെ നയിക്കുകയാണ് ജി-7 ന്റെ ലക്ഷ്യം. സമാനചിന്താഗതിക്കാരും വികസനപാതയിലുള്ള രാഷ്ട്രത്തലവന്മാരേയും ഈ മീറ്റിംഗില്‍ ക്ഷണിക്കാറുണ്ട്. ആദ്യമായിട്ടാണ് ഒരു മാര്‍പാപ്പ ഇത്തരം മീറ്റിംഗില്‍ പങ്കെടുക്കുന്നത്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ യോഗത്തില്‍ പങ്കെടുത്തു പോപ്പ് ഫ്രാന്‍സിസുമായി സൗഹൃദസംഭാഷണം നടത്തുകയും ഇന്‍ഡ്യയിലേക്ക് ക്ഷണിക്കുകയും ചെയ്തത്രെ.
മാര്‍പാപ്പയുടെ പ്രസംഗത്തിന്റെ മുഖ്യവിഷയം നിര്‍മിതബുദ്ധിയെക്കുറിച്ച് ആയിരുന്നു. നിര്‍മിതബുദ്ധിയുടെ ഉപയോഗം എല്ലാ മേഖലകളിലേക്ക് ശീഘ്രം വ്യാപിക്കുകയാണ്. ഈ ടെക്‌നോളജി മനുഷ്യന് ഉപയോഗപ്രദവും അതേ സമയം അപകടകാരിയുമാകാം. വോട്ടിംഗ് മെഷീനില്‍ പോലും ക്രമക്കേട് നടത്താന്‍ സാധിക്കുമെന്ന ഇലോണ്‍ മസ്‌കിന്റെ ട്വിറ്റ് നമ്മുടെ രാജ്യത്ത് ചര്‍ച്ചയാകുന്നുണ്ട്. എക്‌സിന്റെ, (മുന്‍ ട്വീറ്ററിന്റെ) ഉടമയും വൈദ്യുതി കാറിന്റെ ഉപജ്ഞാതാവുമാണ് ഇലോണ്‍ മസ്‌ക്.
വിശ്വാസത്തിന് തെളിച്ചം നല്‍കുന്നതായിരിക്കണം എല്ലാ ശാസ്ത്ര കണ്ടുപിടത്തങ്ങളും. അവ
ശ്രദ്ധയോടെയും വിവേകത്തോടെയും നാം ഉപയോഗിക്കണമെന്ന് മാര്‍പാപ്പ രാഷ്ട്രത്തലവന്മാരെ ഓര്‍മ്മിപ്പിച്ചു. ഒരു രാക്ഷസമുഖവും ഒരു രക്ഷണീയമുഖവും നിര്‍മിതബുദ്ധിയില്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും മനുഷ്യമഹത്വത്തിനു സമൂഹ നന്മക്കുമെതിരായി ഇതുപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നറിയിപ്പ് നല്‍കി. ദൈവ മനുഷ്യ ബന്ധത്തിന്റെ കേന്ദ്രമാണ് ഹൃദയം. ഹൃദയം കൊണ്ട് മനനം ചെയ്തിട്ടുവേണം നിര്‍മിതബുദ്ധി ഉപയോഗിക്കുവാന്‍. ദരിദ്രരുടേയും സാധാരണക്കാരുടേയും ആവശ്യങ്ങള്‍ കണ്ടെത്താനും അവ പരിഹരിക്കാനും ആധുനിക ഗവേഷണങ്ങള്‍ക്ക് കഴിയണം. മനുഷ്യമഹത്വത്തേയും പരസ്പരമുള്ള ബന്ധങ്ങളേയും ഇല്ലാതാക്കുന്ന യാതൊരു സാങ്കേതിക വിദ്യയും ധാര്‍മ്മികമല്ല എന്ന് മാര്‍പാപ്പ എടുത്തു പറയുന്നു. ഇതിനാവശ്യമായ നിയമനിര്‍മ്മാണങ്ങളിലേക്കുള്ള ക്ഷണമായിരുന്നു മാര്‍പാപ്പയുടേത്.
വിവര സാങ്കേതികവിദ്യയിലെ ഏറ്റവും നവീന കണ്ടുപിടുത്തമാണ് നിര്‍മിതബുദ്ധി. 1956 ലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ആവിര്‍ഭാവം. നോര്‍ത്ത് അമേരിക്കയിലെ ന്യൂഹാമ്പ്് ഷെയറിലുള്ള ഡാര്‍ട്ട്മൂത്ത് യൂണിവേഴ്‌സിറ്റി ശാസ്ത്രജരാണ് നിര്‍മിതബുദ്ധി വികസിപ്പിച്ചെടുത്തത്. മനുഷ്യന്റെ പ്രവര്‍ത്തനരീതികളും ചിന്താധാരകളും കടമെടുത്ത് മനുഷ്യന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും യന്ത്രവല്‍ക്കരിക്കുകയാണ് നിര്‍മിതബുദ്ധി ചെയ്യുന്നത്. മനുഷ്യ ബുദ്ധിയെക്കാള്‍ മെച്ചമായി പലതും നിര്‍മിതബുദ്ധിക്ക് ചെയ്യാന്‍ സാധിക്കും. ഒരാള്‍ പറയാത്ത പ്രസംഗവും ചെയ്യാത്ത കാര്യങ്ങളും നിര്‍മിതബുദ്ധിയുടെ മൂശയിലിട്ടാല്‍ അത് യാഥാര്‍ത്ഥ്യമായി നമുക്ക് തോന്നാം.
കാല്‍ക്കുലേറ്ററില്‍ തുടങ്ങി കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍, സേര്‍ച്ച് എഞ്ചിനുകള്‍, സീറി, അലക്‌സാ എന്നിവയുടെ ടെക്‌നോളജി നിര്‍മിതബുദ്ധിയുടെ പിന്‍തലമുറയ്ക്കാരാണ്. വാണിജ്യരംഗത്തു മാത്രമല്ല സാധാരണ ജീവിതത്തെ തന്നെ മാറ്റി മറിയ്ക്കാന്‍ നിര്‍മിതബുദ്ധിക്ക് കഴിയുമെന്നും അതിന് തടയിടണമെന്നുമുള്ള മാര്‍പാപ്പയുടെ പ്രസംഗം അത്യന്തം പ്രസക്തമായി.
2024 ജൂണ്‍ 15-ാം തീയതി നടന്ന മറ്റൊരു പ്രധാന മീറ്റിംഗില്‍ 25 കമ്പനി തലവന്മാര്‍ പങ്കെടുത്തു. മൂന്നു കാര്യങ്ങളാണ് അവരോട് അദ്ദേഹം പ്രത്യേകം പറഞ്ഞത്. അവരുടെ സമ്പത്തും അധികാരവും സ്വാധീനവും ഉപയോഗിച്ച്, 1. പ്രകൃതിയെ സംരക്ഷിക്കണം. 2. പാവപ്പെട്ടവരേയും അതിര്‍വരമ്പുകളില്‍ ജീവിക്കുന്നവരേയും മറക്കരുത്. 3. യുവജനങ്ങളില്‍ ഏറ്റവും മിടുക്കന്മാരെ മാത്രം ജോലി സാധ്യതകളില്‍ പരിഗണിക്കാതെ സാധാരണ യുവാക്കളേയും പരിശീലിപ്പിക്കാന്‍ ശ്രമിക്കണം. പാവങ്ങളോടുള്ള തന്റെ ആഭിമുഖ്യം മലമുകളില്‍ നിന്നു വിളിച്ചു പറയാന്‍ ധൈര്യം കാണിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പായെ നാമും അനുകരിക്കേണ്ട ഒരു ക്രിസ്തീയ ജീവിശൈലിക്ക് ആഹ്വാനം ചെയ്യുന്നു.
വായനാദിനത്തില്‍
എഴുത്തുകാരി ശാരദക്കുട്ടി മറ്റൊരു പ്രസിദ്ധ ഗ്രന്ഥകാരി സാറാ ജോസഫുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചോദിച്ചു. നരേന്ദ്രമോദിക്ക് വായിക്കാന്‍ ഒരു പുസ്തകം കൊടുക്കുകയാണെങ്കില്‍ ഏതു പുസ്തകമായിരിക്കും കൊടുക്കുക? അല്ലെങ്കില്‍ എല്ലാ ഭരണാധികാരികളും വായിച്ചിരിക്കണമെന്ന് ടീച്ചര്‍ കരുതുന്ന പുസ്തകം ഏതാണ്? ഫ്രാന്‍സിസ് മാര്‍പാപ്പ എഴുതിയ ”ലവ്ദാത്തോസി” സാറാ ജോസഫ് പ്രത്യുത്തരിച്ചു.
റവ. ഡോ. തോമസ് എം. കോട്ടൂര്‍