ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏഷ്യന്‍ ഓഷ്യാനിയ രാജ്യങ്ങളിലേക്കുള്ള അപ്പസ്‌തോലിക യാത്ര ആരംഭിക്കുവാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം. മാര്‍പാപ്പയുടെ 45-ാമത് ഇറ്റലിക്ക് പുറത്തുള്ളതും ഏറ്റം ദൈര്‍ഘ്യമേറിയതുമായ തീര്‍ത്ഥയാത്രയാണിത്. ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ് കാര്‍ഡിനല്‍ ചാള്‍സ് മാവൂങ്ങ് ബൊ പരിശുദ്ധ പിതാവിനെ സ്വാഗതം ചെയ്തു. സുപ്രധാനമായ ഈ സന്ദര്‍ശനം ഇവിടങ്ങളിലെ ക്രിസ്ത്യാനികള്‍ക്ക് ആവേശം പകരുമെന്നും വ്യത്യസ്ത വിശ്വാസികളും ഗോത്രവംശജരും അടങ്ങുന്ന ഈ നാലു രാജ്യങ്ങളിലെ കത്തോലിക്കാവിശ്വാസികള്‍ക്ക് ആത്മവിശ്വാസവും സുവിശേഷതീഷ്ണതയും വളര്‍ത്താന്‍ മാര്‍പാപ്പയുടെ വരവ് സഹായിക്കുമെന്നും കര്‍ദ്ദിനാള്‍ ബോ അഭിപ്രായപ്പെട്ടു.
ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിക്കുന്ന നാലു രാജ്യങ്ങളും വലിയ ഒരുക്കത്തിലാണ്. ഇന്‍ഡോനേഷ്യയിലെ ജാക്കര്‍ത്ത ജി.ബി.കെ. സ്റ്റേഡിയത്തില്‍ വി. കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ 70,000 ആളുകള്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. മുസ്ലിം ഭൂരിപക്ഷം വളരെ കൂടുതലുള്ള ഈ രാജ്യത്തെ ഇസ്തിക്വിലാല്‍ മോസ്‌കില്‍ (ഏഷ്യയിലെ ഏറ്റവും വലിയ മോസ്ക്) പ്രാര്‍ത്ഥന നടത്തുന്നതും ഗ്രാന്‍ഡ് ഇമാമുമായി ഐക്യത്തിന്റെയും സഹകരണത്തിന്റെയും ഒൗദ്യോഗികരേഖ പ്രസിദ്ധപ്പെടുത്തുന്നതുമാണ്. മൂന്നുശതമാനം മാത്രം ജനസംഖ്യയുള്ള വിശ്വാസികള്‍ക്ക് ഇനിയുള്ള നാളുകള്‍ പ്രാര്‍ത്ഥനാദിനങ്ങളാണ്. മൂന്ന് രൂപതകളിലായി കത്തോലിക്കര്‍ ഭൂരിപക്ഷമുള്ള രാജ്യമാണ് റ്റ്റിമോര്‍ ലെസ്റ്റേ. 700,000 സന്ദര്‍ശകര്‍ മാര്‍പാപ്പയെ കാണുവാനെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ധ്യാനം, മതപഠനം, പ്രാര്‍ത്ഥന എന്നിവ തീഷ്ണമായി പാപ്പായുടെ സന്ദര്‍ശനത്തിനൊരുക്കമായി മാസങ്ങള്‍ക്കു മുമ്പെ ആരംഭിച്ചുകഴിഞ്ഞു. ”ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ പുത്രിമാര്‍” എന്ന സന്ന്യാസിനി സമൂഹമാണ് മാര്‍പാപ്പയുടെ വരവിന്റെ ആത്മീയ തയ്യാറെടുപ്പിന്റെ മുഖ്യ സംഘാടകര്‍. വിശ്വാസം, സാഹോദര്യം, കാരുണ്യം എന്നിവയിലൂന്നിയാണ് ഒരുക്കങ്ങള്‍. ഡിലി കണ്‍വന്‍ഷന്‍ സെന്ററില്‍ 4000-ത്തോളം യുവജനങ്ങളുമായി മാര്‍പാപ്പ സംവദിക്കും.
പാപ്പുവാന്യുഗിനിയായില്‍ സന്മനസുള്ള എല്ലാവരെയും പങ്കെടുപ്പിച്ചുള്ള മെഴുകുതിരി പ്രദക്ഷിണത്തിലൂടെയാണ് പാപ്പായെ സ്വീകരിക്കുക. പാപ്പുവാന്യുഗിനിയ കര്‍ദ്ദിനാള്‍ സര്‍ ജോണ്‍ റിബാറ്റ് ആണ് ഈ സന്ദര്‍ശനത്തിന് ചുക്കാന്‍ പിടിക്കുന്നത്. 87 കാരനായ മാര്‍പാപ്പയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കകളുണ്ടെങ്കിലും പാപ്പായുടെ മിഷനറി പ്രവര്‍ത്തനത്തോടും ഗോത്രവംശജരോടുമുള്ള സ്‌നേഹവായ്പും വ്യക്തമാക്കുന്നതാണ് ഈ സന്ദര്‍ശനമെന്ന് കര്‍ദ്ദിനാള്‍ ജോണ്‍ റിബാറ്റ് പ്രസ്താവിച്ചു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1984-ലും 1995-ലും ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. ഏറെ വെല്ലുവിളികള്‍ സഭ നേരിടുന്ന പാപ്പുവാന്യുഗിനിയയില്‍ ദൈവാനുഗ്രഹങ്ങള്‍ ഉണ്ടാവുമെന്ന് കര്‍ദ്ദിനാള്‍ പ്രതീക്ഷിക്കുന്നു.
സിംഗപ്പൂര്‍ ചെറിയ രാജ്യമാണെങ്കിലും സമ്പന്നമാണ്. വി. കുര്‍ബാനയ്ക്കുള്ള 40,000 സര്‍ന്ദര്‍ശന കാര്‍ഡ് ഇതോടെ വിതരണം ചെയ്തുകഴിഞ്ഞു. 3 ശതമാനം മാത്രം കത്തോലിക്കരുള്ള ഈ രാജ്യത്ത് കുടിയേറ്റക്കാര്‍ കൂടുതലുണ്ട്. നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കുര്‍ബാനയ്ക്ക് 1600 പേരുള്ള ഗായകസംഘമാണുള്ളത്. ബുദ്ധമതക്കാരാണ് ജനസംഖ്യയില്‍ കൂടുതല്‍. എല്ലാ വിശ്വാസികളും ആത്മീയ ഒരുക്കത്തിലാണെന്ന് ഏക അതിരൂപതയായ സിംഗപ്പൂരിന്‍െറ കാര്‍ഡിനല്‍ വില്യം ഗോ സെങ്ങ് പ്രസ്താവിച്ചു. ഇവിടെനിന്നും മാര്‍പാപ്പ വത്തിക്കാനിലേക്ക് മടങ്ങും.
വത്തിക്കാന്‍ ഡിപ്ലോമസി
സാര്‍വത്രികസഭയെ നയിക്കുന്നതും ഭരിക്കുന്നതും വത്തിക്കാനിലെ മാര്‍പാപ്പയാണ്. എന്നാല്‍ വത്തിക്കാന്‍ ഒരു രാജ്യം കൂടിയാണ്. മാര്‍പാപ്പയാണ് അതിന്റെ തലവന്‍. മറ്റു രാഷ്ട്രങ്ങളുമായുള്ള ബന്ധം നിലനിറുത്തുന്നത് നയതന്ത്രവിഭാഗമാണ്. വത്തിക്കാന്‍ 179 രാജ്യങ്ങളുമായി നയതന്ത്ര ബന്ധവും മറ്റു പല അന്തര്‍ദേശീയ സംഘടനകളില്‍ പ്രാതിനിധ്യവുമുണ്ട്. മാര്‍പാപ്പയുടെ നയതന്ത്രപ്രതിനിധികള്‍ക്ക് പ്രത്യേക പരിശീലന അക്കാദമിയുണ്ട്. അവിടെ പരിശീലനം ലഭിച്ച ഒരു വൈദികനാണ് കണ്ണൂര്‍ രൂപത സഹായമെത്രാനായി അടുത്ത നാളുകളില്‍ നിയമിതനായ മോണ്‍ . ഡെന്നിസ് കുറുപ്പശ്ശേരി. കോട്ടയം അതിരൂപതയില്‍ നിന്നും ആര്‍ച്ച്ബിഷപ് കുര്യന്‍ വയലുങ്കലും മോണ്‍. ലൂക്കാ ജോജി വടകരയും ഈ ഗണത്തില്‍പ്പെടുന്നു.
ഫാ. ഡോ. തോമസ് കോട്ടൂര്‍