ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ ഉച്ചയ്ക്ക് നടത്തിയ ”ആന്‍ജലൂസ്” പ്രാര്‍ത്ഥനയ്ക്കുശേഷം 21 കര്‍ദ്ദിനാള്‍മാരെ നിയമിച്ചതായി പ്രഖ്യാപിച്ചു. അതില്‍ ചങ്ങനാശേരി അതിരൂപതയില്‍നിന്നുള്ള ജോര്‍ജ് കൂവക്കാട്ട് അച്ചനും ഉള്‍പ്പെടുന്നു. അപൂര്‍വമായിട്ടാണ് മെത്രാഭിഷേകമില്ലാത്ത ഒരു വൈദികനെ നേരിട്ട് കര്‍ദ്ദിനാളാക്കുന്നത്. ഇന്ത്യയില്‍നിന്ന് ആദ്യവും . ദൈവശാസ്ത്രജ്ഞനായ ഫാ. റാഡ്ക്ലിഫും ഫാ. ഫാബിയോ ബാജിയോയും ഇക്കൂട്ടത്തിലുണ്ട്. ഡിസംബര്‍ 8-ാം തീയതിക്കു മുമ്പ് ഇവരെ മൂന്നുപേരെയും മെത്രാന്മാരായി അഭിഷേകിക്കേണ്ടതുണ്ട്.
2006 മുതല്‍ വത്തിക്കാന്‍ നയതന്ത്രവിഭാഗത്തില്‍ ശുശ്രൂഷ ചെയ്യുന്ന മോണ്‍. ജോര്‍ജ് കൂവക്കാട്ട് മാമ്മൂട് ലൂര്‍ദ്ദ്മാതാ ഇടവകക്കാരനാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിദേശ അപ്പസ്‌തോലിക യാത്രകളുടെ മുഖ്യസംഘാടകനായിരുന്നു. സെപ്റ്റംബര്‍ മാസത്തിലെ നാലു രാജ്യങ്ങളിലേക്കുള്ള ദൈര്‍ഘ്യമേറിയ അപ്പസ്‌തോലിക യാത്രകള്‍ക്ക് ഇദ്ദേഹമാണ് ചുക്കാന്‍ പിടിച്ചത്.
ഈ നിയമനങ്ങളോടെ 141 കര്‍ദ്ദിനാളന്മാര്‍ അടുത്ത പോപ്പിനെ തിരഞ്ഞെടുക്കാനാവുന്ന 80 വയസെന്ന പ്രായപരിധിക്കുള്ളിലാണ്. സഭയിലിപ്പോള്‍ 256 കര്‍ദ്ദിനാളന്മാരുണ്ട്. ഇന്ത്യയിലിപ്പോള്‍ 5 കര്‍ദ്ദിനാളന്മാരാണുള്ളത്. ജൂബിലി വര്‍ഷത്തിനു മുമ്പും സിനഡിനു ശേഷവും നടക്കുന്ന ഈ ”കണ്‍സിസ്റ്ററി” ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇറ്റലിയിലെ ടൂറിന്‍, റോം അതിരൂപതകള്‍ക്കു മാത്രമേ കര്‍ദ്ദിനാള്‍ സ്ഥാനം കിട്ടിയുള്ളു. എന്നാല്‍ റോമിലെ മേരി മേജര്‍ ബസലിക്കായുടെ ആര്‍ച്ച് പ്രീസ്റ്റിനേയും കര്‍ദ്ദിനാളാക്കിയിട്ടുണ്ട്. ഇറ്റലിയിലെ ”വമ്പന്‍” രൂപതകളൊന്നുംതന്നെ കര്‍ദ്ദിനാള്‍ ലിസ്റ്റിലില്ല. ചിലി, അര്‍ജന്റീന, ടോക്കിയോ, ഫിലിപ്പൈന്‍സ്, ഇറാന്‍, സേര്‍ബിയ, പോര്‍ത്തോ, അലേഗ്രാ, അള്‍ജീരിയ , ഐവറികോസ്റ്റ് എന്നീ രാജ്യങ്ങള്‍ക്ക് ഇക്കുറി കര്‍ദ്ദിനാള്‍ സ്ഥാനം കൊടുത്തിരിക്കുന്നത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പാവപ്പെട്ടവരോടും അതിര്‍വരമ്പുകളില്‍ താമസിക്കുന്നവരോടുമുള്ള സവിശേഷ ശ്രദ്ധയായി കണക്കാക്കപ്പെടുന്നു.
മ്യൂസിങ്‌സ്
പുതിയ നിയുക്ത കര്‍ദ്ദിനാള്‍ മോണ്‍ ജോര്‍ജ് കൂവക്കാട്ട് കോട്ടയം രൂപതാ വൈദികനായ ഫാ. ജിനു കാവിലിന്റെ റോമിലെ ”സാന്റാ ക്രോച്ചെ യൂണിവേഴ്‌സിറ്റി”യിലെ സഹപാഠിയും ”സേഡെ സപ്പിയെന്‍സായിലെ” സഹവാസിയും സുഹൃത്തുമാണ്. ഓപ്പൂസ് ദേയി എന്നു വിളിക്കുന്ന അന്താരാഷ്ട്ര കത്തോലിക്കാ സമര്‍പ്പിത സമൂഹത്തിന്റേതാണ് ഈ രണ്ടു സ്ഥാപനങ്ങളും. സഭയോടും മാര്‍പാപ്പായോടും അനുസരണവും വിശ്വസ്തതയും പുലര്‍ത്തുന്നതില്‍ അദ്വിതീയരാണ് ”ഓപ്പൂസ് ദേയി” സമൂഹം. ഒപ്പം ഇവരെ പാരമ്പര്യവാദികളായി ചിത്രീകരിക്കുന്ന ഡാവിഞ്ചിക്കോഡ് (നോവല്‍) ഏറെ വായിക്കപ്പെട്ടതാണ്.
ഫാ. തോമസ് കോട്ടൂര്‍