റോമിലെ അതിമനോഹരമായ ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രമാണ് പിയാത്സാ സ്പാഞ്ഞയും മുകളിലുള്ള ത്രിത്വത്തിന്റെ പള്ളിയിലേക്കുള്ള നടകളും. ഇവയെക്കുറിച്ചും ചുറ്റുപാടുമുള്ള കലാഭംഗി നിറഞ്ഞ വത്തിക്കാന്റെ കെട്ടിടങ്ങളുടേയും ഉടമസ്ഥാവകാശം തങ്ങളുടേതാണെന്ന് ഫ്രാന്‍സിലെ അക്കൗണ്ട് കോടതിയുടെ പരാമര്‍ശമാണ് ഇതൊരു നയതന്ത്ര തര്‍ക്കമായി മറ നീക്കി പുറത്തുവന്നത്. അതിനൊരു കാരണമുണ്ട്. 17-ാം നൂറ്റാണ്ടു വരെ റോമിലെ ഈ സ്ഥലങ്ങള്‍ ഫ്രാന്‍സിന്റെ ഉടമസ്ഥതയിലായിരുന്നു. ഇറ്റാലിയന്‍ മണ്ണിലാണെങ്കിലും അത് നിര്‍മ്മിക്കാനുള്ള ചിലവുകള്‍ ഫ്രാന്‍സ് ആണ് വഹിച്ചതെന്ന് പറയപ്പെടുന്നു. അവ ഇറ്റലിക്കും റോമിനും പിന്നീട് വിട്ടുകൊടുത്തെങ്കിലും ഉടമസ്ഥാവകാശം തങ്ങളുടേതാണെന്നാണ് അക്കൗണ്ട് ജനറലിന്റെ വാദം. വത്തിക്കാന്റെ സ്‌പെയിന്‍ സ്ഥാനപതി കാര്യാലയം ഇവിടെയായതുകൊണ്ട് സ്പാനിഷ് ചത്വരം എന്ന് ഈ സ്ഥലത്തിനും സ്പാനീഷ് നടകള്‍ക്കും പേരു ലഭിച്ചു. 138 നടകളാണ് പള്ളിയിലെത്താനുള്ളത്. ഫ്രാന്‍ചേസ്‌ക്കോ ഡെ സാങ്ങ്തിസ് എന്ന ശില്പി 1723 -1725 കാലഘട്ടത്തില്‍ നിര്‍മ്മിച്ചതാണ്. ചത്വരത്തിലുള്ള ജലധാര പിയെത്രൊ ബര്‍ണീനിയുടേതാണ്. വി. പത്രോസിന്റെ ബസിലിക്കായുടെ മുമ്പിലെ രണ്ടു ജലധാരകള്‍ നിര്‍മ്മിച്ച ലോറെന്‍സൊ ബെര്‍ണീനിയുടെ പിതാവാണ് പിയെത്രൊ ബര്‍ണീനി. അത്യന്തം ആകര്‍ഷകവും പ്രസിദ്ധവുമായ പെയിന്റിംഗ് പള്ളിക്കകത്തുണ്ട്. ഈശോയെ കുരിശില്‍നിന്നിറക്കുന്ന ചിത്രം ദാനിയേലെ ദ വോള്‍ത്തോറയുടേതും ലോക പ്രസിദ്ധവുമാണ്.
പിയാത്സാ സ്പാഞ്ഞെയുടെ ഒത്ത നടുക്ക് തലയെടുപ്പോടെ നില്ക്കുന്ന പ്രൗഢഗംഭീരമായ കെട്ടിടത്തിലാണ് വത്തിക്കാന്റെ വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ കേന്ദ്രാലയം. ടൈബര്‍ നദിയുടെ അടുപ്പവും നാലു വശത്തുമുള്ള രാജകീയ പാതകളും പിയാത്‌സാ സ്പാഞ്ഞയെ മനോഹരമാക്കുന്നു. കുബേരരും കുലീനരും താമസിക്കുന്ന ഈ സ്ഥലം വിയാവെനേത്തൊ, വിയ കൊണ്‍ഡോറ്റി എന്ന ഷോപ്പിംഗ് വഴികളും അന്താരാഷ്ട്ര പ്രസിദ്ധിയുള്ളതുതന്നെ.
അനന്തരം
ഇറ്റലിയില്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പുച്ഛത്തോടെയാണ് ഫ്രാന്‍സിന്റെ അവകാശവാദത്തെ തള്ളിക്കളഞ്ഞത്. അങ്ങനെയെങ്കില്‍ പാരീസിലെ ലോകപ്രസിദ്ധമായ ലൂവ്‌റ് മ്യൂസിയത്തിലെ അനേകം കലാരൂപങ്ങള്‍ ഇറ്റലിയില്‍ നിന്നും മോഷ്ടിച്ച് കൊണ്ടുപോയതാണെന്നും പറയേണ്ടിവരും. ഉദാഹരണങ്ങളായി കര്‍വാജിയോയുടെ പെയിന്റിംഗ്‌സ് ഫ്രാന്‍സിന്റെ അവകാശവാദത്തോട് വത്തിക്കാന്‍ ഔദ്യോഗികമായി പ്രതികരിച്ചതേയില്ല. മൗനം വത്തിക്കാനു ഭൂഷണം.
ഫാ. തോമസ് കോട്ടൂര്‍