വത്തിക്കാനില്‍ സുവിശേഷവത്കരണ ഡിക്കാസ്റ്ററിയുടെ സുപ്രധാന അസംബ്ലി

മിഷന്‍ രാജ്യങ്ങളില്‍നിന്നുമുള്ള വൈദികരെയും സെമിനാരിക്കാരെയും പരിശീലിപ്പിക്കുന്ന പൊന്തിഫിക്കല്‍ ഊര്‍ബാനിയന്‍ യൂണിവേഴ്‌സിറ്റിയുടെ അസാധാരണ അസംബ്ലി ജനിക്കുളം കുന്നിലുള്ള യൂണിവേഴ്‌സിറ്റി മെയിന്‍ ഹാളില്‍ ആരംഭിച്ചു. ഓഗസ്റ്റ് 30-ന് സമാപിക്കും. അഞ്ചു ഭൂഖണ്ഡങ്ങളിലുള്ള 26 രാജ്യ പ്രതിനിധികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പായുടെ പ്രത്യേക നിര്‍ദ്ദേശാനുസരണം ഇതില്‍ പങ്കെടുക്കുന്നു.  മിഷനറി പരിശീലനമാണ് മുഖ്യവഷയം. കാര്‍ഡിനല്‍ ലൂയിസ് ടാഗ്ലേയാണ് ഈ അസംബ്ലിക്ക് ചുക്കാന്‍ പിടിക്കുന്നത്.
1627-ല്‍ പോപ്പ് ഊര്‍ബന്‍ എട്ടാമന്‍ സ്ഥാപിച്ചതാണ് ഊര്‍ബന്‍ യൂണിവേഴ്‌സിറ്റിയും സെമിനാരിക്കാര്‍ക്കായി സ്ഥാപിച്ച പ്രൊപ്പഗാന്ത കോളജും. റോമിലെ മനോഹരമായ ജനിക്കുളം കുന്നില്‍ സ്ഥാപിതമായ ഈ മിഷനറി സെമിനാരിയിലും യൂണിവേഴ്‌സിറ്റിയിലും കേരളത്തില്‍നിന്നുള്ള അനേകം മെത്രാന്മാരും വൈദികരും മിഷനറി പരിശീലനം നേടിയിട്ടുണ്ട്. വ്യത്യസ്ത രാജ്യങ്ങളില്‍നിന്നുള്ള സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും ജീവിതശൈലികളും കണക്കിലെടുത്ത് ഓരോരുത്തരുടെയും രാജ്യത്ത് സുവിശേഷവത്കരണം നടത്തുകയാണ് ഇവിടെ പരിശീലിപ്പിക്കപ്പെടുന്നവരുടെ ദൗത്യം. ”ലോകമെങ്ങും പോയി എല്ലാ ജനതകളോടും സുവിശേഷം പ്രസംഗിക്കുക” എന്ന ഈശോയുടെ കല്പനയാണ് ഈ യൂണിവേഴ്‌സിറ്റി സ്ഥാപനത്തിന്റെ ഉദ്ദേശ്യവും ചൈതന്യവും.


ഇപ്പോള്‍ 106 വൈദിക സെമിനാരികള്‍ ഊര്‍ബനിയാന യൂണിവേഴ്‌സിറ്റിയുടെ അംഗീകാരമുള്ള ഡിഗ്രികള്‍ നല്‍കുന്നുണ്ട്. മാര്‍പാപ്പയുടെ പൊന്തിഫിക്കല്‍ ഡലിഗേറ്റ് പ്രൊഫസര്‍ വിന്‍ചന്‍സോബുനോമോ ആണ് ഊര്‍ബാനിയത്തിന്റെ റെക്ടര്‍.
ഓഗസ്റ്റ് 30-ന് ഫ്രാന്‍സിസ് മാര്‍പാപ്പ അസംബ്ലി അംഗങ്ങള്‍ക്ക് ”ഓഡിയന്‍സ് ” (സന്ദര്‍ശനം) നല്കും. എല്ലാ വിശ്വാസികളും ”മിഷനറി ദൗത്യ”മുള്ളവരാണ് എന്ന് പല അവസരങ്ങളിലും ഊന്നിപ്പറയുന്ന മാര്‍പാപ്പ, തന്റെ ”സുവിശേഷത്തിന്റെ സന്തോഷം” എന്ന തിരുവെഴുത്തില്‍ പ്രത്യേകം ഇക്കാര്യം ഉത്‌ബോധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
വാല്‍ക്കഷണം: ഊര്‍ബാനിയാനയില്‍ പഠിച്ച കേരളത്തില്‍നിന്നുള്ള എല്ലാവരുടെയും ഒരു ”എക്‌സ് അലൂമ്‌നി” അസോസിയേഷന്‍ എല്ലാ വര്‍ഷവും ഈസ്റ്ററിനുശേഷം ഒത്തുചേര്‍ന്ന് സ്മരണകള്‍ അയവിറക്കാറുണ്ട്. കൊല്ലം രൂപത മുന്‍ ബിഷപ് ഡോ. സ്റ്റാന്‍ലി റോമനാണ് ഈ യോഗം വിളിക്കുന്നത് (CAPO). നമ്മുടെ മുന്‍ രൂപതാ മെത്രാന്‍മാരായ  മാര്‍ തോമസ് തറയിലും മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയും പ്രൊപ്പഗാന്ത കോളജില്‍ പഠിച്ചവരാണ്.

ഫാ. തോമസ് കോട്ടൂര്‍

Previous Post

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

Next Post

മാര്‍ തോമസ് തറയില്‍ ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത; മാര്‍ പ്രിന്‍സ് ആന്റണി ഷംഷാബാദ് രൂപത മെത്രാന്‍

Total
0
Share
error: Content is protected !!