Vatican Musings – പൊട്ടിച്ചിരിച്ച് വെട്ടിത്തുറന്നു സംസാരിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ

ഈ നൂറ്റാണ്ടില്‍ ആദ്യമായി ”ചിരിക്കുന്ന മാര്‍പാപ്പ” എന്ന് പേരു ലഭിച്ചത് സഭയെ 33 ദിവസം മാത്രം നയിച്ച ജോണ്‍ പോണ്‍ ഒന്നാമന്‍ മാര്‍പാപ്പായ്ക്കാണ്. ഗൗരവമുഖമുള്ള പന്ത്രണ്ടാം പീയൂസും പോള്‍ ആറാമനും നയതന്ത്രജ്ഞരും കുലീന വംശജരുമായിരുന്നു. ജോണ്‍ 23-ാമന്‍ മാര്‍പാപ്പയുടെ നര്‍മ്മബോധം പ്രസിദ്ധമാണ്. വിശ്വാസികളെ തന്റെ ശരീരഭാഷകൊണ്ട് വശീകരിക്കുന്ന ജോണ്‍പോള്‍ രണ്ടാമനും പാണ്ഡിത്യത്തിന്റെ നിറകുടമായ ബനഡിക്ട് 16-ാമനും ഈ നൂറ്റാണ്ടിലെ വിജ്ഞാനവും വിശുദ്ധിയും നിറഞ്ഞ പാപ്പാമാരാണ്. എന്നാല്‍ പോപ്പ് ഫ്രാന്‍സിസാവട്ടെ പൊട്ടിച്ചിരിയുടേയും ലാളിത്യത്തിന്റെയും മാനവികതയുടേയും നിറകുടമായി കണക്കാക്കപ്പെടുന്നു.
മാര്‍പാപ്പയുടെ തുറന്നുപറച്ചില്‍ യാഥാസ്ഥിതിക കര്‍ദ്ദിനാളന്മാര്‍ക്കും മെത്രന്മാര്‍ക്കും അത്ര പിടിക്കുന്നില്ലത്രെ. ഗിനിയന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട്, സാറാ, അമേരിക്കന്‍ കര്‍ദ്ദിനാള്‍ ലിദയാ ബൂര്‍ക്ക്, ദിവംഗതനായ ആസ്‌ട്രേലിയന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്‍ തുടങ്ങിയവര്‍ക്ക് ഫ്രാന്‍സിസ് പാപ്പയുടെ ഈ പെരുമാറ്റ ശൈലി അത്ര താല്പര്യമില്ലത്രെ. ഇക്കൂട്ടത്തില്‍ ബനഡിക്റ്റ് 16-ാമന്‍ മാര്‍പാപ്പയുടെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗെന്‍സ്വയിനേയും ഉള്‍പ്പെടുത്താം.
കഴിഞ്ഞ ഏപ്രില്‍ 3-ാം തീയതി പ്രസിദ്ധീകൃതമായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു സ്പാനിഷ് പത്രത്തിന് നല്‍കിയ അഭിമുഖം അല്പം കൂടിപ്പോയി എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. 2005 ലേയും 2013 ലേയും കൊണ്‍ക്ലേവുകളിലെ അന്തര്‍നാടകങ്ങളാണ് പോപ്പ് ഫ്രാന്‍സിസ്, റിപ്പോര്‍ട്ടര്‍ സേവ്യര്‍ മാര്‍ട്ടിനോട് വെളിപ്പെടുത്തിയത്. 2005 ല്‍ ഇപ്പോഴത്തെ മാര്‍പാപ്പയ്ക്ക് 40 വോട്ടുകള്‍ കിട്ടിയെന്നും അത് തന്നെ മുമ്പില്‍ നിര്‍ത്തി ഒരു ഇറ്റാലിയന്‍ പോപ്പിനെ തിരഞ്ഞെടുക്കാനുള്ള തന്ത്രമായിരുന്നെന്നും പോപ്പ് ഫ്രാന്‍സിസ് പറയുകയുണ്ടായി. താന്‍ ആകത്തില്ല എന്ന് കട്ടായം പറയുകയും കാര്‍ഡിനല്‍ റാറ്റ്‌സിംഗറിന് (ബനഡിക്റ്റ് 16-ാമന്‍) വോട്ടും ചെയ്തത്രെ. ഈ രഹസ്യങ്ങളൊക്കെ വിളിച്ചു പറയാമോ എന്നതിനുത്തരമായി ഫ്രാന്‍സിസ് പാപ്പാ പറയുന്നത് കണ്‍സിസ്റ്ററി രഹസ്യം കര്‍ദ്ദിനാളാന്മാര്‍ക്കേ ബാധകമാവൂ, മാര്‍പാപ്പ ആകുന്ന ആള്‍ക്കില്ല എന്നാണ്.
ബനഡിക്റ്റ് മാര്‍പാപ്പ തനിക്കേറ്റവും പ്രിയപ്പെട്ടവനാണെന്നും ജ്ഞാനവൃദ്ധനാണെന്നും പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ സെക്രട്ടറി തന്നെക്കുറിച്ച് പല വിവാദങ്ങള്‍ക്ക് തിരി കൊളുത്തി. ആരൊക്കെ എന്തെല്ലാം ഗൂഢാലോചനകള്‍ നടത്തിയാലും പരിശുദ്ധാരൂപി തിരഞ്ഞെടുക്കുന്നയാള്‍ മാത്രമേ സഭയുടെ തലവനും ക്രിസ്തുവിന്റെ വികാരിയുമാകാന്‍ സാധിക്കുകയുള്ളൂ എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അസനിഗ്ദ്ധമായി പറയുന്നു. തന്റെ കാര്യത്തില്‍ അത് സുവിദിതമാണ്. ഈ വസ്തുത ആഗോള മീഡിയാ പലപ്പോഴും മറച്ചു വയ്ക്കുകയാണ്.

Fr. Thomas Kotto0r

Previous Post

കെ.സി.വൈ.എല്‍ കുടുംബ സംഗമം

Next Post

കോട്ടയം അതിരൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം

Total
0
Share
error: Content is protected !!