വടക്കെ സ്‌പെയിനില്‍ ബൂര്‍ഗോസ് അതിരൂപതയില്‍പ്പെട്ട ”പുവര്‍ ക്ലയേര്‍സ്” എന്ന സന്ന്യാസിനി സമൂഹത്തിലെ 10 കന്യാസ്ത്രീമാരെ മെത്രാപ്പോലീത്ത മാരിയോ ഐസ്ത്ത പുറത്താക്കി. വസ്തു വില്പനയുമായി ബന്ധപ്പെട്ട സഭാനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനും മാര്‍പാപ്പമാരെ പരസ്യമായി വെല്ലുവിളിച്ചതിനാലുമാണ് അച്ചടക്കനടപടി. പല പ്രാവശ്യം ഡയലോഗിന് രൂപതാധ്യക്ഷന്‍ വിളിച്ചിട്ടും ഇവരില്‍ 10 പേര്‍ ഹാജരായില്ല. മാത്രമല്ല രണ്ടാം വത്തിക്കാന്‍ കൗണ്‍സിലോ അതുകഴിഞ്ഞുള്ള മാര്‍പാപ്പമാരേയോ അംഗീകരിക്കുന്നില്ല എന്നും പറഞ്ഞ് 70 പേജുള്ള പുസ്തകവും (മാനിഫെസ്റ്റോ) പ്രസിദ്ധീകരിച്ചു. പ്രായമായ സഹോദരിമാര്‍ക്ക് ശുശ്രൂഷ ചെയ്യുന്നവരാണിവര്‍. 16 അംഗങ്ങളില്‍ 10 പേരാണ് വിമതരായി നിലകൊള്ളുന്നത്. ഇവര്‍ ശീശ്മയിലായതുകൊണ്ടാണ് അവരെ പുറത്താക്കുന്നത് എന്ന് ആര്‍ച്ച്ബിഷപ്പ് പത്ര സമ്മേളനത്തില്‍ പറഞ്ഞു. മാത്രമല്ല അവര്‍ അനുതപിച്ച് സഭയിലേക്ക് തിരിച്ചു വരണമെന്നും അതിനായി ധൂര്‍ത്തപുത്രന്റെ ഉപമയിലെ പിതാവിനെപ്പോലെ കാത്തിരിക്കുന്നു എന്നും ആര്‍ച്ച്ബിഷപ്പ് പറഞ്ഞു.
കത്തോലിക്കാസഭ പുറത്താക്കിയ പാബ്ലോ റോജാസ് ഫ്രാങ്കോ എന്ന സ്വയം പ്രഖ്യാപിത ബിഷപ്പിനെയാണ് ഇവര്‍ ബിഷപ്പായി അംഗീകരിക്കുന്നത് എന്ന് പുറത്തായ സഹോദരിമാരുടെ വക്താവ് പറഞ്ഞു. 2005 ലാണ് പാബ്ലോ റോജാസ് ബിഷപ്പ് എന്ന രീതിയില്‍ ജീവിക്കുന്നത്. വത്തിക്കാന്‍ ഈ വിഷയത്തില്‍ നേരിട്ട് ഇടപെട്ടില്ലെങ്കിലും ആര്‍ച്ച്ബിഷപ്പ് മാരിയോ ഐസത്തയ്ക്ക് കാനോനിക നടപടികള്‍ക്ക് അനുവാദം നല്‍കുകയായിരുന്നു.
വത്തിക്കാന്റെ കണ്ണിലെ കരടായിരിക്കുന്ന ഇറ്റാലിയന്‍ ആര്‍ച്ച്ബിഷപ്പ് കാര്‍ലോ മരിയ വിഗാനോ (മുന്‍ നോര്‍ത്ത് അമേരിക്കന്‍ ന്യൂണ്‍ഷ്യോ)യുമായി വിമത സിസ്റ്റേഴ്‌സ് ബന്ധപ്പെടുന്നുണ്ടെന്നും പടിഞ്ഞാറന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. സഭാകൂട്ടായ്മയും മാര്‍പാപ്പമാരോടുള്ള വിധേയത്വവുമാണ് കത്തോലിക്കാസഭയുടെ ശക്തി.