കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് കോട്ടയം അതിരൂപത സമിതിയുടെയും, കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ അതിരൂപതയിലെ തിരുവിതാംകൂര്‍ പ്രദേശത്തുള്ള അധ്യാപകരുടെ സംഗമം നവംബര്‍ 30 ശനിയാഴ്ച ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്നു. ടീച്ചേഴ്‌സ് ഗില്‍ഡ് അതിരൂപതാ പ്രസിഡന്റ് സുജി പുല്ലുകാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം അതിരൂപത പാസ്റ്ററല്‍ കോ-ഓഡിനേറ്റര്‍ റവ. ഡോ. മാത്യു മണക്കാട്ട് ഉദ്ഘാടനം ചെയ്തു. അപ്നാദേശ് ചീഫ് എഡിറ്റര്‍ റവ. ഡോ. മാത്യു കുരിയത്തറ ആശംസകള്‍ അര്‍പ്പിച്ച യോഗത്തില്‍ അതിരൂപത കോര്‍പ്പറേറ്റ് സെക്രട്ടറി റവ. ഡോ. തോമസ് പുതിയകുന്നേല്‍ സന്ദേശം പകര്‍ന്നു.
കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് കോട്ടയം അതിരൂപതയിലെ അധ്യാപകര്‍ സമാഹരിച്ച ഒരു ലക്ഷത്തി എഴുപത്താറായിരത്തി അഞ്ഞൂറ് രൂപയുടെ ചെക്ക് അതിരൂപതാ സമിതി ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ്ടോം കരികുളത്തിന് സമ്മേളനമദ്ധ്യേ കൈമാറി.
കരിങ്കുന്നം സെന്റ്. അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ ഡോ. ജയ്‌സണ്‍ കൊച്ചുവീടന്‍ വിശുദ്ധ അഗസ്റ്റിനെക്കുറിച്ച് രചിച്ച തഗാസ്‌തെയിലെ താരം എന്ന പുസ്തകം കോര്‍പ്പറേറ്റ് സെക്രട്ടറി ഡോ. തോമസ് പുതിയകുന്നേല്‍ സമ്മേളനമദ്ധ്യേ പ്രകാശനം ചെയ്തു.
റവ. ഡോ. ജ്യോതിസ് പോത്താറ അധ്യാപകര്‍ക്ക് സെമിനാര്‍ നയിച്ചു. ടീച്ചേഴ്‌സ് ഗില്‍ഡ് തെക്കന്‍ മേഖല ജന. സെക്രട്ടറി സ്റ്റീഫന്‍സണ്‍ എബ്രഹാം, തെക്കന്‍ മേഖലാ ജോയിന്റ് സെക്രട്ടറി ഉഷ മേരി ജോണ്‍, അതിരൂപത ജന. സെക്രട്ടറി അഭിലാഷ് ജിയോ സണ്ണി, അതിരൂപത ട്രഷറര്‍ ജോക്കി ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അതിരൂപതയിലെ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന 550 അധ്യാപകര്‍ സംഗമത്തില്‍ പങ്കെടുത്തു.