വയനാട്, വിലങ്ങാട് ദുരന്ത പുനരധിവാസത്തിനായി കത്തോലിക്കാ സഭയുടെ ഓഫീസ് ആരംഭിച്ചു

കല്പറ്റ: വയനാട്, വിലങ്ങാട് ഉരുള്‍പൊട്ടല്‍ മേഖലകളില്‍ കേരള കത്തോലിക്കാ സഭയുടെ നേതൃത്വത്തിലുള്ള ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തന ഏകോപനത്തിനായി കല്പറ്റയില്‍ സഭയുടെ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. പ്രാദേശിക പങ്കാളിത്തം ഉറപ്പുവരുത്തി സുസ്ഥിര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി ആസൂത്രണം ചെയ്തു നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഭവനനിര്‍മ്മാണം ആസൂത്രണം ചെയ്യുമ്പോള്‍ കുടുംബങ്ങളുടെയും വ്യക്തികളുടേയും ആവശ്യങ്ങളും അവരുടെ ഉപജീവനശേഷികളും പരിഗണിച്ചായിരിക്കണം അവ നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ സ്വാഗതം ആശംസിച്ചു. കെ.സി.ബി.സി. പോസ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടേഷന്‍ ടീമംഗങ്ങളായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. റൊമാന്‍സ് ആന്റണി, ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, കാരിത്താസ് ഇന്ത്യ ടീം ലീഡ് ഡോ. വി.ആര്‍. ഹരിദാസ്, കാത്തലിക് റിലീഫ് സര്‍വ്വീസസ് പ്രതിനിധി അരുളപ്പ, ജീവന ഡയറക്ടര്‍ ഫാ. ആല്‍ഫ്രഡ് വി.സി, കെ.സി.ബി.സി. വനിതാ കമ്മീഷന്‍ അംഗങ്ങള്‍, പ്രോഗ്രാം ലീഡ് കെ. ഡി. ജോസഫ്, കെ.എസ്.എസ്.എഫ്. ടീം അംഗങ്ങള്‍, മറ്റ് സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ദുരന്തത്തെത്തുടര്‍ന്ന് ഇതുവരെ നടത്തിയ അടിയന്തിര ഇടപെടലുകളും ലഭ്യമാക്കിയ സഹായധനമുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളും വിലയിരുത്തുകയും ഭാവി പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണനകളും പ്രവര്‍ത്തന പ്ലാനും തയ്യാറാക്കുകയും ചെയ്തു.

Previous Post

രാജപുരം: കള്ളിക്കാട്ട് ജോണി

Next Post

ലോക്കല്‍ റിസോഴ്‌സ് പോഴ്‌സണ്‍ (LRP)) പരിശീലനം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!