നിത്യവ്രതവാഗ്ദാനവും സെന്റ് തോമസ് അസൈലം ശതാബ്ദി ഉദ്ഘാടനവും

കോട്ടയം അതിരൂപതയില്‍ സ്ഥാപിതമായിരിക്കുന്ന സെന്റ് ജോസഫ്‌സ് സന്യാസിനി സമൂഹത്തിലെ സി. മെറീന & സി. സ്റ്റെനി എസ്. ജെ.സി. എന്നിവരുടെ നിത്യവ്രത വാഗ്ദാനം മെയ് 1-ാം തീയതി കൈപ്പുഴ സെന്റ് ജോസഫ്‌സ് കോണ്‍വെന്റെ് ചാപ്പലില്‍ വച്ച് കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്തില്‍ നടത്തപ്പെടും. തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചനാല്‍ സ്ഥാപിതമായ കൈപ്പുഴ സെന്റ് തോമസ് അസൈലത്തിന്റെ ശതാബ്ദി ഉദ്ഘാടനം കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത നിര്‍വ്വഹിക്കുന്നതാണ്. സെന്റ് ജോസഫ്‌സ് സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍സി. അനിത എസ്. ജെ.സി.  സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കും.  കോട്ടയം അതിരൂപത വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ജൂബിലി ലോഗോ പ്രകാശനം ചെയ്യും. തോമസ് ചാഴികാടന്‍ എം. പി, നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രദീപ് എന്നിവര്‍ പ്രസംഗിക്കും. ശാരീരികവും മാനസികവുമായി വെല്ലുവിളികള്‍ നേരിടുന്നവര്‍ കുടുംബത്തിനും സമൂഹത്തിനും ഭാരമായി കരുതിയിരുന്ന കാലഘട്ടത്തില്‍ അവരുടെ മുഖ്യാധാരാവത്ക്കരണവും വളര്‍ച്ചയും ലക്ഷ്യമിട്ട് സ്ഥാപിതമായ സെന്റ് തോമസ് അസൈലം കഴിഞ്ഞ ഒരു നൂറ്റാണ്ടായി ഒട്ടനവധി പേര്‍ക്ക് താമസസൗകര്യവും ചികിത്സാ സൗകര്യങ്ങളും തൊഴില്‍ പരിശീലനങ്ങളും നല്കുന്നതോടൊപ്പം ഭിന്നിശേഷിക്കാരുടെ സമഗ്ര വളര്‍ച്ചയ്ക്കുതകുന്ന നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിവരുന്നു. ഇതുവഴി നൂറുകണക്കിന് ഭിന്നശേഷിക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പൊതുസമൂഹത്തിനും കൈത്താങ്ങാകുവാന്‍ അസൈലത്തിനു കഴിഞ്ഞു. ഭിന്നശേഷിയുള്ളവരുടെ പരിചരണത്തില്‍ പ്രത്യേക പരിശീലനം നേടിയ സിസ്റ്റേഴ്സാണ് അസൈലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കുന്നത്. ശതാബ്ദിയോടനുബന്ധിച്ച് ഭിന്നശേഷിയുള്ളവരെയും അവരുടെ കുടുംബങ്ങളെയും കോര്‍ത്തിണക്കി ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാനാണ് അസൈലം ലക്ഷ്യമിടുന്നത്.

 

 

Previous Post

ഒളശ: പതിയകം മറിയാമ്മ സ്റ്റീഫന്‍

Next Post

അതിരൂപതാദ്ധ്യക്ഷന്റെ അധികാര വ്യാപനം – കാന്‍ബറ, സിഡ്നി മിഷനുകളില്‍ നിന്നുമുള്ള ഒപ്പുകള്‍ കൈമാറി

Total
0
Share
error: Content is protected !!