ശുദ്ധമാകട്ടെ ചലച്ചിത്രരംഗം നിഷ്‌പക്ഷമാകട്ടെ മാധ്യമങ്ങള്‍

മലയാള സിനിമ മേഖലയില്‍ മാത്രമല്ല പൊതുസമൂഹത്തിലും സ്‌ഫോടനാത്മകമായ പ്രതികരണമാണ്‌ മലയാള ചലച്ചിത്രരംഗത്ത്‌ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റീസ്‌ ഹേമ അദ്ധ്യക്ഷയായ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍ മേലുണ്ടായിരിക്കുന്നത്‌. ചലച്ചിത്രരംഗത്തെ അനാശാസ്യ പ്രവണതകളെക്കുറിച്ചുള്ള അവബോധം സാധാരണ മലയാളികളില്‍ ഉണ്ടായിരുന്നുവെങ്കിലും അതിത്രത്തോളം വ്യാപ്‌തിയുള്ളതും മാഫിയാസ്വഭാവം ആര്‍ജ്ജിച്ചതുമാണെന്ന വസ്‌തുത 2017 ജൂലൈയില്‍ ഗവണ്‍മെന്റ്‌ നിയോഗിച്ച ജസ്റ്റീസ്‌ ഹേമ കമ്മീഷന്‍, 2019 ഡിസംബര്‍ 31 നു സമര്‍പ്പിക്കുകയും നാലര വര്‍ഷത്തിനുശേഷം 2024 ഓഗസ്റ്റ്‌ 19 ന്‌ പുറത്തുവിടുകയും ചെയ്‌ത റിപ്പോര്‍ട്ടിലൂടെയാണ്‌ പുറത്തു വന്നിരിക്കുന്നത്‌. മലയാള ചലച്ചിത്ര നടിയെ 2017 ല്‍ കാറില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തോടെയാണ്‌ മലയാള ചലച്ചിത്രരംഗത്തെ അധോലോക ബന്ധം പുറത്താകുന്നത്‌. 2017 ല്‍ മെയ്‌ മാസത്തില്‍ വിമന്‍ ഇന്‍ സിനിമ കളക്‌റ്റീവ്‌ (ഡബ്ല്യു.സി.സി.) എന്ന സംഘടന രൂപീകരിക്കുകയും വനിതകള്‍ തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചു അന്വേഷിക്കണമെന്നു മുഖ്യമന്ത്രിയോട്‌ അഭ്യര്‍ത്ഥിക്കുകയും ചെയ്‌തതിന്റെ പശ്ചാത്തലത്തിലാണ്‌ ഇത്തരത്തിലൊരു കമ്മീഷന്‍ രൂപീകരിക്കപ്പെട്ടത്‌. ഈ കമ്മീഷനാണ്‌ സിനിമ രംഗത്തെ ലൈംഗികചൂഷണവും മലയാള സിനിമാരംഗത്തെ അടക്കി വാഴുന്നുവെന്നു ആരോപിക്കപ്പെടുന്ന പതിനഞ്ചംഗ പവര്‍ ഗ്രൂപ്പ്‌ സംഘത്തിന്റെ അധോലോകബന്ധവും തങ്ങളുടെ ഇച്ഛക്കു വഴങ്ങാത്തവര്‍ നേരിടുന്ന തൊഴില്‍ നിഷേധവുമെല്ലാം പുറത്തു കൊണ്ടുവന്നത്‌. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന പല പേരുകളും ഒഴിവാക്കിയാണ്‌ ഇത്‌ പ്രസിദ്ധീകരിക്കപ്പെട്ടത്‌.
യഥാര്‍ത്ഥത്തില്‍ വിവരാവകാശ കമ്മീഷന്റെയും ഹൈക്കോടതിയുടെയും ഇടപെടലാണ്‌ ഈ റിപ്പോര്‍ട്ട്‌ ഇപ്പോഴെങ്കിലും പുറത്തു വരുവാന്‍ നിമിത്തമായത്‌. പുറത്തു വന്ന ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും കുറ്റക്കാരുടെ പേരുകള്‍ ഉണ്ടായിരുന്നില്ല. 295 പേജുകള്‍ ഉണ്ടായിരുന്ന റിപ്പോര്‍ട്ടില്‍ നിന്ന്‌ 63 പേജുകള്‍ ഒഴിവാക്കിയാണ്‌ പ്രസിദ്ധീകരിച്ചത്‌. എന്നാല്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം കോടതി കാണാവാനുള്ള സാധ്യതയാണ്‌ ഇപ്പോള്‍ തെളിഞ്ഞു വന്നിരിക്കുന്നത്‌. സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമാണെന്നും വേട്ടക്കാരെ സംരക്ഷിക്കില്ലെന്നുമുള്ള നിലപാടാണ്‌ എടുത്തതെങ്കിലും അത്തരത്തിലുള്ള നടപടികളിലേക്കു കടക്കാത്തതിനാല്‍ ഇരകളില്‍ പലരും ശബ്‌ദമുയര്‍ത്തുകയും പ്രഗത്ഭരായ പല സിനിമ പ്രവര്‍ത്തകരുടെയും പേരില്‍ ആരോപണം ഉയരുകയും ചെയ്‌തു. കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ രഞ്‌ജിത്തിനെതിരെ ബംഗാളി നടി ചില വെളിപ്പെടുത്തലുകള്‍ നടത്തുകയും അദ്ദേഹം രാജി വെയ്‌ക്കുകയും ചെയ്‌തു. അതിനു മുന്‍പുതന്നെ മലയാള സിനിമയിലെ നടീനടന്മാരുടെ സംഘടനയായ അമ്മയുടെ (AMMA) ജനറല്‍ സെക്രട്ടറി സിദ്ദിഖിനെതിരെ ആരോപണം ഉയരുകയും അതേ തുടര്‍ന്നു അദ്ദേഹം രാജി വയ്‌ക്കുയും ചെയ്‌തു. എന്നാല്‍ പിന്നീട്‌ കണ്ടത്‌ ആരോപണങ്ങളുടെ പെരുമഴയാണ്‌. തുടര്‍ന്ന്‌ അമ്മയുടെ ഭാരവാഹികളായ 17 പേരും രാജി വച്ചു. ആരോപണങ്ങളെക്കുറിച്ചു അന്വേഷിക്കുവാന്‍ വനിത ഐ.പിഎസു കാരുള്‍പ്പെടുന്ന ഏഴംഗസംഘത്തെ ഗവണ്‍മെന്റ്‌ നിയോഗിക്കുകയും അവര്‍ അന്വേഷണം നടത്തി വരികയും ചെയ്യുന്നു. ഹേമ കമ്മീഷന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമ മേഖലയില്‍ ഒരു ശുദ്ധികലശത്തിനുള്ള സമയമായിരിക്കുന്നു. ആരോപിക്കപ്പെടുന്ന പവര്‍ ഗ്രൂപ്പിന്റെ നിയന്ത്രണങ്ങളില്‍ നിന്നു സിനിമാമേഖല മുക്തമാവുകയും ആത്മാഭിമാനത്തോടെയും ഭയം കൂടാതെയും ഭീഷണിയില്ലാതെയും തുല്യത ഉറപ്പു വരുത്തിയും വനിതകള്‍ക്കു സിനിമരംഗത്തു പ്രവര്‍ത്തിക്കാനാവണം.
ഈ അവസരത്തില്‍ ഇതുപോലുള്ള കാര്യങ്ങളില്‍ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്‌ പുറത്തുവരുന്നതും വിസ്‌മരിക്കാനാവില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പു കൃത്യമായി പറഞ്ഞാല്‍ 2009 ജനുവരി 1 ന്‌ അഭയ കേസുമായി ബന്ധപ്പെട്ട്‌ കേസിലെ കുറ്റാരോപിതര്‍ക്കു ജാമ്യം അനുവദിച്ചുകൊണ്ട്‌ നീതിയുടെ കൈയൊപ്പ്‌ പതിഞ്ഞ ജസ്റ്റീസ്‌ ഹേമയുടെ ഒരു വിധിയുണ്ടായി, അന്ന്‌ മാധ്യമങ്ങള്‍ ഭൂരിപക്ഷവും ആ വിധിയെ വേണ്ടത്ര ഗൗരവത്തോടെ കണ്ടില്ല എന്നതാണു സത്യം. വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ അനുഭവിക്കുന്ന ചൂഷണത്തിനെതിരെ ശബ്‌ദമുയര്‍ത്തുന്ന മാധ്യമങ്ങള്‍, സകല മര്യാദയും കാറ്റില്‍ പറത്തി കന്യകയായ ഒരു ക്രൈസ്‌തവ സന്യാസിനിയുടെ കന്യകത്വ പരിശോധന നടത്തിയതിനെതിരെയോ ജസ്റ്റീസ്‌ ഹേമ അതിനെ ശക്തമായി വിമര്‍ശിച്ചതിനെതിരെയോ അനങ്ങി കണ്ടില്ല എന്നതു ഖേദകരമാണ്‌. അന്ന്‌ തന്റെ വിധിന്യായത്തില്‍ ജസ്റ്റീസ്‌ ഹേമ പറഞ്ഞതുപോലെ മീഡിയ സൃഷ്‌ടിച്ച വ്യാജ പൊതുബോധ നിര്‍മ്മിതിയില്‍ പൊതുജനങ്ങള്‍ വിശ്വസിക്കുകയും രേഖകളും തെളിവുകളും നോക്കി വിധി പ്രസ്‌താവിക്കേണ്ട ജഡ്‌ജിമാര്‍ക്കുപോലും ഈ പൊതുബോധ നിര്‍മ്മിതിക്കെതിരെ വിധി നിര്‍ണ്ണയം നടത്താന്‍ എളുപ്പമല്ലാത്ത സമ്മര്‍ദ്ദ സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നതില്‍, റേറ്റിംങ്‌ കൂട്ടാന്‍ വേണ്ടി സെന്‍സേഷന്റെ പിറകെ പോകുന്ന മാധ്യമങ്ങള്‍ക്കു കുറ്റകരമായ പങ്കുണ്ട്‌ എന്ന്‌ വിസ്‌മരിക്കാനാവില്ല. സത്യത്തിന്റെ പക്ഷത്തു നില്‍ക്കേണ്ട മാധ്യമങ്ങള്‍ അതിനു വിരുദ്ധമായ പക്ഷത്തു നില്‌ക്കുമ്പോള്‍ നിഷ്‌കളങ്കരുടെ രക്തമായിരിക്കും ബലി കൊടുക്കേണ്ടി വരിക എന്നതു മറക്കരുത്‌. ഇന്നു ജസ്റ്റീസ്‌ ഹേമയുടെ റിപ്പോര്‍ട്ടിനെ വാഴ്‌ത്തുന്നവര്‍ അന്നത്തെ ജസ്റ്റീസ്‌ ഹേമയുടെ വിധിയെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കണ്ടില്ല എന്നതില്‍, മാധ്യമങ്ങള്‍ നടത്തുന്ന ചില വിവേചനങ്ങള്‍ വെളിപ്പെടുന്നതോടൊപ്പം, യഥാര്‍ത്ഥ മാധ്യമധര്‍മ്മത്തിന്റെ കടയ്‌ക്കു കോടാലി വെക്കുന്ന കുറ്റകരവും പക്ഷപാതിത്വപരവുമായ ചില സമീപനങ്ങളുമാണ്‌ പുറത്തു വരുന്നത്‌.

Previous Post

പയ്യാവൂര്‍: പന്നൂറയില്‍ ജോസഫ്

Next Post

അധ്യാപക ദിനം ആഘോഷിച്ചു

Total
0
Share
error: Content is protected !!