കേരളത്തിനു അഭിമാനിക്കാവുന്ന രണ്ടു പുരസ്ക്കാരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്ര ഗവണ്മെന്റില്നിന്നു ലഭിച്ചത് അങ്ങേയറ്റം ശ്ലാഘനീയമാണ്. അതു രണ്ടും സവിശേഷ പ്രാധാന്യമുള്ള മേഖലയിലാണെയെന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ വ്യവസായ നിക്ഷേപ സൗഹൃദ റാങ്കിംഗില്‍ കേരളം ഒന്നാമതെത്തി. രണ്ടാമത്തേത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ ഓണ്‍ലൈനില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ സജീവമായ ഇടപെടല്‍ നടത്തിയെന്നുള്ളതിനുള്ള പുരസ്ക്കാരമാണ് ലഭിച്ചത്. ഈ നേട്ടങ്ങള്‍ക്കു പിന്നില്‍ പോലീസിന്റെ കഠിന പരിശ്രമവും ഗവണ്മെന്റിന്റെ ഇച്ഛാശക്തിയും ഉണ്ടെന്നുള്ളതു വിസ്മരിച്ചു കൂടാ. നല്ലതിനെ അംഗീകരിക്കുവാനും തെറ്റിനെ ചൂണ്ടിക്കാണിക്കുവാനും സാധിക്കുമ്പോഴും തെറ്റുകള്‍ തിരുത്താനുള്ള ആര്‍ജ്ജവം കണിക്കുമ്പോഴാണ് ഒരു സമൂഹം വളരുക എന്ന കാര്യം വിസ്മരിക്കരുത്. ഇന്ത്യയില്‍ വ്യവസായ സൗഹൃദമെന്ന ഖ്യാതി ഉള്ള രണ്ടു സംസ്ഥാനമാണ് ഗുജറാത്തും ആന്ധ്രപ്രദേശും. ഈ രണ്ടു സംസ്ഥാനത്തെയും പിന്തള്ളി കേരളം വ്യവസായ നിക്ഷേപ സൗഹൃദ റാങ്കിംഗില്‍ ഒന്നാമതെത്തിയത് മധുരതരമാണ്. വ്യവസായികളെ കുത്തകകളും തൊഴിലാളി വിരുദ്ധരായി കാണുന്ന മനോഭാവത്തിലുണ്ടായ മാറ്റമാണ് ഈ നേട്ടത്തിനു പിന്നിലെ ഒന്നാമത്തെ കാരണം. ടൂറിസം വികസനത്തിലൂടെയും വ്യവസായ വികസനത്തിലൂടെയും മാത്രമെ ഇനി പ്രധാനമായും കേരളത്തിനു വളര്‍ച്ചാ സാധ്യതയുള്ളു എന്ന കാര്യം മറക്കാനാവില്ല. പുതിയ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ടു കേരളത്തിലെ യുവജനങ്ങളില്‍ നല്ലൊരു ശതമാനം കാനഡ, യൂറോപ്പ്, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ കുടിയേറുമ്പോള്‍, അതു സൃഷ്ടിക്കുന്ന നിഷേധാത്മക ഫലങ്ങളെക്കുറിച്ചു ഉണര്‍ന്നു ചിന്തിക്കുവാന്‍ സര്‍ക്കാരിനും ബാധ്യതയുണ്ട്. ഈ ബാധ്യത ഏറ്റെടുത്തുകൊണ്ട്, കേരളത്തില്‍ തൊഴിലും വികസന സാധ്യതയും വര്‍ദ്ധിപ്പിച്ചാല്‍ മാത്രമെ വൃദ്ധജനങ്ങള്‍ കുടിക്കൊണ്ടിരിക്കുന്ന കേരളത്തിനു വരുംകാലങ്ങളില്‍ പിടിച്ചു നില്‍ക്കാനാവൂ എന്ന തിരിച്ചറിവ് നമ്മുടെ നാടിനും സര്‍ക്കാരിനും ഉണ്ടാകുന്നുവെന്നത് അഭിനന്ദനീയമാണ്. നമ്മുടെ നാട്ടില്‍ ഒന്നും നടക്കുകയില്ല എന്ന കാഴ്ചപ്പാട് വ്യവസായികള്‍ക്കും സംരംഭകര്‍ക്കും ഒരു കാലത്തുണ്ടായിരുന്നു എന്ന വസ്തുത വിസ്മരിക്കാനാവില്ല. പൊതുജീവിതത്തെയും ജനജീവിതത്തെയും സ്തംഭിപ്പിച്ചുകൊണ്ടും നിരന്തരം നടന്നുകൊണ്ടിരുന്ന ബന്ദും ഹര്‍ത്താലുകളും പൊതു മുതല്‍ നശിപ്പിക്കലുമെല്ലാം കേരളത്തിന്റെ വ്യവസായ സൗഹൃദാന്തരീക്ഷത്തില്‍ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്. വ്യവസായ വിരുദ്ധ സമീപനം ഒരു കാലത്ത് കേരളത്തില്‍ സജീവമായിരുന്നു. വിദേശത്തു ജോലി ചെയ്ത് ഉണ്ടാക്കിയതും നാട്ടില്‍ നിന്നു ലോണെടുത്ത് കിട്ടിയ തുകയും ചേര്‍ത്ത് ഒരു പ്രസ്ഥാനം കെട്ടിപ്പെടുക്കാന്‍ തുനിഞ്ഞിറങ്ങിയവര്ക്കും പഞ്ചായത്തു ഓഫീസിന്റെ മുന്‍പിലും റോഡിലും കിടന്നു പ്രതിഷേധിക്കേണ്ടി വന്ന അനുഭവവും ജീവിക്കാന്‍ വേണ്ടി ഒരു വര്‍ക് ഷോപ്പ് തുടങ്ങാന്‍ ശ്രമിച്ച വ്യക്തിക്കു ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായ നിഷേധാത്മക നിലപാടുമൂലം ആത്മഹത്യ ചെയ്യേണ്ടി വന്നതുമൊക്കെ മറക്കാറായിട്ടില്ല. അതിനൊക്കെ ഒരു മാറ്റം വന്നു എന്നു സമര്‍ത്ഥിക്കാന്‍ പോരുന്ന സാക്ഷ്യപത്രമാണ് കേന്ദ്ര വാണിജ്യമന്ത്രി പിയുഷ് ഗോയലില്‍ നിന്നു കേരളത്തിന്റെ വ്യവസായമന്ത്രി ഏറ്റു വാങ്ങിയ അംഗീകാരം. വിവര സാങ്കേതിക വിദ്യയിലുണ്ടായ ദ്രുതഗതിയിലുള്ള മാറ്റം ഉള്‍ക്കൊള്ളാനും ഫലപ്രദമായി അതിനെ ഉപയോഗിക്കാനും തയ്യാറായാല്‍ പഴയ വികസന സങ്കല്പങ്ങളെ മാറ്റിമറിക്കാനും പുതിയ വികസനരീതികള്‍ ആവിഷ്ക്കരിക്കാനും സാധിക്കും. കേരളം അതു തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. അഴിമതിയും അലസതയും പിന്തിരിപ്പന് മനോഭാവവും ഉദ്യോഗസ്ഥ മേല്‍ക്കോയ്മയും കൊണ്ടു ഏതു വികസനത്തെയും സാങ്കേതിക വിദ്യയെയും തടയുന്ന സമീപനം ഉദ്യോഗസ്ഥതലത്തില്‍നിന്ന് ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയും അനിവാര്യമാണ്. കേരളത്തില്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നവരും സംരംഭകരും ഓഫീസുകള്‍ കയറി നിരാശരാകാനുള്ള സാഹചര്യം ഒഴിവാക്കാന്‍ ഗവണ്മെന്റ് ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കണം. സംരംഭകര്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന സാഹചര്യവും തൊഴിലാളികള്‍ സംരംഭകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന സാഹചര്യവും ഒഴിവാക്കപ്പെടണം. പരസ്പര ചൂഷണമല്ല പരസ്പര സഹകരണം കൊണ്ടു മാത്രമെ ഇരുകൂട്ടര്‍ക്കും നിലനില്‍പ്പുള്ളൂ എന്ന തിരിച്ചറിവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത് ശുഭകരമാണ്.
സാങ്കേതി വിദ്യകളെ കുറ്റാന്വേഷണവുമായി ബന്ധപ്പെടുത്തിയാണ് കേരള പോലീസും നേട്ടം ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യന്‍ സൈബര്‍ ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്ററിന്റെ ഒന്നാം വാര്‍ഷികത്തിലാണ് കേരള പോലീസിനു അഭിമാനിക്കാവുന്ന അംഗീകാരം ലഭിച്ചത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനും കണ്ടെത്താനും കേരള പോലീസ് സ്വീകരിച്ച നടപടികള്‍ ഏറെ ഫലം കണ്ടിരുന്നു. തട്ടിപ്പിനായി ഉപയോഗിച്ച 27,680 ബാങ്ക് അക്കൗണ്ടുകളും 11,999 സിം കാര്‍ഡുകളും 17,734 വെബ്സൈറ്റുകളും സൈബര്‍ ഫ്രോഡ് ആന്റ് സോഷ്യല്‍ മീഡിയ വിംഗിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനരഹിതമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ട്ടപെട്ട 210 കോടി രൂപയില്‍ 37 കോടി രൂപ വീണ്ടെടുത്തു. ഓണ്‍ലൈന്‍ തട്ടിപ്പിനു വിധേയരാകാതിരിക്കാന്‍ അവനവന് തന്നെ ഏറെ സൂക്ഷിക്കേണ്ടതായിട്ടുണ്ട്. ആധുനിക കാലത്തിലെ കവര്‍ച്ചകള്‍ കൂടുതലും രാത്രിയുടെ ഇരുണ്ടയാമങ്ങളിലല്ല അരങ്ങേറുന്നത്. പ്രത്യുത സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തിലൂടെയാണെന്നു മറക്കരുത്. ഈ ലഭിച്ച അംഗീകാരങ്ങള്‍ കേരളത്തിനു പുതിയ ഊര്‍ജ്ജം പകരാന്‍ നിമിത്തമാകട്ടെ. ഒപ്പം ഇനിയും നമുക്കേറെ വളരാനുണ്ട്, നാമേറെ മാറാനുണ്ട് എന്ന വസ്തുത വിസ്മരിക്കരുത്.