കോട്ടയം: കേരള മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിച്ച് ‘സേഫ് സോണ്‍ 2024-2025’ സംരംഭത്തിന് കീഴില്‍ കാരിത്താസ് ഹോസ്പിറ്റലില്‍ ‘കാരിത്താസ് എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് ട്രെയിനിംഗ് പ്രോഗ്രാം’ സംഘടിപ്പിച്ചു. കാരിത്താസ് ഹോസ്പിറ്റലിലെ ഡയമണ്ട് ജൂബിലി ഹാളില്‍ 2024 നവംബര്‍ 13 ന് നടന്ന ഉദ്ഘാടന കര്‍മ്മം കേരള സര്‍ക്കാരിന്റെ ദേവസ്വം തുറമുഖ സഹകരണ വകുപ്പ് മന്ത്രി ശ്രീ വി എന്‍ വാസവന്‍, നിര്‍വഹിച്ചു.
പരിശീലനപരിപാടിയെ അഭിസംബോധന ചെയ്തു സംസാരിച്ച കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത്, അപകടങ്ങളോടും അത്യാഹിത സംഭവങ്ങളോടും ഫലപ്രദമായി പ്രതികരിക്കാന്‍ സമൂഹത്തെ സജ്ജരാക്കുക എന്ന കാരിത്താസിന്റെ പ്രതിബദ്ധതയെയും ഇത്തരം പരിപാടികളുടെ ആവശ്യകതയെയും ചൂണ്ടിക്കാട്ടി.
CPR, ട്രോമ കെയര്‍, ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള മൊഡ്യൂളുകള്‍ ഉള്‍പ്പെടുത്തി രൂപകല്‍പ്പന ചെയ്ത പ്രോഗ്രാം, അടിയന്തര സാഹചര്യങ്ങളില്‍ സഹായം നല്‍കാന്‍ പരിശീലനം ലഭിച്ചവരുടെ ഒരു ശൃംഖല തന്നെ സൃഷ്ടിക്കും. എമര്‍ജന്‍സി മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.വിവേക്, കോട്ടയം ആര്‍ടിഒ കെ.അജിത് കുമാര്‍ എന്നിവര്‍ റോഡപകടങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രാദേശിക ശേഷി വര്‍ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചടങ്ങില്‍ സംസാരിച്ചു.
കാരിത്താസ് ഹോസ്പിറ്റല്‍ ജോയിന്റ് ഡയറക്ടര്‍ റവ. സ്റ്റീഫന്‍ തേവര്‍പറമ്പില്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ബി. അശോക് കുമാര്‍, ശ്രീശന്‍ എന്നിവരും സംസാരിച്ചു.