കോട്ടയം അതിരൂപതയിലെ വൈദികരുടെ കൂട്ടായ്മ പുറപ്പെടുവിക്കുന്ന പ്രസ്താവന

2022 നവംബര്‍ 3, 4 തീയതികളില്‍ തൂവാനിസാ പ്രാര്‍ത്ഥനാലയത്തില്‍ കോട്ടയം അതിരൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദികരുടേയും കൂട്ടായ്മ (പ്രസ്ബിറ്റേറിയം) അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേരുകയുണ്ടായി. അതിരൂപതയിലെ സഹായ മെത്രാന്മാരും 151 വൈദികരും യോഗത്തില്‍ പങ്കെടുത്തു.
കോട്ടയം അതിരൂപതയും ക്‌നാനായ സമുദായവും ഈ കാലയളവില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നമുക്ക് ഏവര്‍ക്കും വേദന ഉളവാക്കുന്നതാണ്. ഈ വേദന അഭിവന്ദ്യ പിതാക്കന്മാര്‍ക്കും ഞങ്ങള്‍ വൈദികര്‍ക്കുമുണ്ട്. ക്‌നാനായ മക്കള്‍ അനുഭവിക്കുന്ന ഈ വേദന ഞങ്ങളുടേതുമാണ്. ഇതുവരെ ക്‌നാനായ സമുദായം വളര്‍ന്നതും പ്രതിസന്ധികളെ തരണം ചെയ്തതും നമ്മുടെ ഐക്യവും കൂട്ടായ്മയും വഴിയാണ്. ഈ മാതൃക പിന്‍തുടര്‍ന്ന് അഭിവന്ദ്യ പിതാക്കന്മാരും വൈദികരും സമര്‍പ്പിതരും അല്‍മായ സഹോദരങ്ങളും ഒന്നിച്ചുനിന്ന് ഒരേമനസ്സോടെ പ്രവര്‍ത്തിച്ച് ഈ പ്രതിസന്ധികളെ നമ്മള്‍ അതിജീവിക്കും.
നവീകരണസമിതികേസ് ഉള്‍പ്പടെ എല്ലാകാര്യങ്ങളും ബന്ധപ്പെട്ട സമിതികളിലും അതിരൂപതാ ലീഗല്‍ സെല്ലിലും അതിരൂപതയിലെ എല്ലാ തലങ്ങളിലുമുള്ള നിയമവിദഗ്ദ്ധരുമായും ആലോചിച്ചാണ് അതിരൂപതാദ്ധ്യക്ഷന്‍ തീരുമാനങ്ങള്‍ എടുത്തിട്ടുള്ളതും നടപടിക്രമങ്ങളുമായി മുന്‍പോട്ടു പോകുന്നതും. കൂടാതെ, സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും പ്രഗത്ഭരായ അഭിഭാഷകരുടെ സേവനങ്ങളും ഉപദേശങ്ങളും ഈ കേസില്‍ പ്രയോജനപ്പെടുത്തുന്നുമുണ്ട്. ഇക്കാര്യത്തില്‍ ആരെയും അവിശ്വസിക്കേണ്ട കാര്യമില്ലെന്നും അഭിവന്ദ്യ അതിരൂപതാദ്ധ്യക്ഷനോടൊപ്പം സമുദായം ഒറ്റക്കെട്ടായി നിന്നാല്‍ ഏതുപ്രതിസന്ധികളെയും തരണം ചെയ്യാന്‍ നമുക്കു സാധിക്കുമെന്നും യോഗം വിലയിരുത്തി. നമ്മുടെ അപ്പീലിന്മേല്‍ ഹൈക്കോടതി ഇന്നു നമുക്കനുകൂലമായ നിലപാടെടുത്തതു പ്രതീക്ഷ നല്‍കുന്നതു തന്നെയാണ്.
വസ്തുത ഇതായിരിക്കെ ഇതിനു ഘടകവിരുദ്ധമായ കാര്യങ്ങള്‍ ചിലര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതു സമുദായത്തിനു തീര്‍ത്തും ദോഷകരമാണ്. തെറ്റിദ്ധാരണകള്‍ ഒഴിവാക്കാനും സത്യാവസ്ഥ മനസ്സിലാക്കാനും എല്ലാവരും സന്നദ്ധരാകണമെന്നു യോഗം ആഹ്വാനം ചെയ്യുന്നു. നമ്മുടെ പൂര്‍വ്വപിതാക്കന്മാരെ വഴിനടത്തിയ ആഴമായ ദൈവവിശ്വാസം മാതൃകയാക്കി, ദൈവത്തിലാശ്രയിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകാന്‍ നമുക്ക് ആത്മാര്‍ത്ഥമായി പരിശ്രമിക്കാം.

ഫാ. അബ്രാഹം പറമ്പേട്ട്
സെക്രട്ടറി, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍
കോട്ടയം അതിരൂപത

Previous Post

ചൈതന്യ കാര്‍ഷികമേള 2022 ഭക്ഷ്യസുരക്ഷ വിളംബര സന്ദേശയാത്രയ്ക്ക് തുടക്കം

Next Post

അരീക്കര: പരപ്പനാട്ട് മേരി തോമസ്

Total
0
Share
error: Content is protected !!