കോട്ടയം അതിരൂപതയില്‍ പുതുതായി രൂപീകരിക്കപ്പെട്ട പാസ്റ്ററല്‍ കൗണ്‍സിലിന്റെ പ്രഥമയോഗം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്നു. അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കുകയും തിരിതെളിച്ച് പുതിയ പാസ്റ്ററല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ദൈവസ്നേഹം അനുദിനജീവിതത്തില്‍ പ്രതിഫലിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. വിശ്വാസത്തിലുറച്ച് സഭയോടൊത്തു യാത്രചെയ്ത് അതിരൂപതയ്ക്കും ക്നാനായ സമുദായത്തിനും പൊതുസമൂഹത്തിനും നന്മചെയ്യാന്‍ കടപ്പെട്ടവരാണു പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂര്‍വ്വപിതാക്കന്മാര്‍ പകര്‍ന്നു നല്കിയ ദൈവാശ്രയബോധവും സമുദായഐക്യവും തുടര്‍ന്നുകൊണ്ടുപോകുവാനും പൂര്‍വ്വികരുടെ പാതയില്‍ പൊതുസമൂഹത്തില്‍ ചാലകശക്തിയായി നിലകൊള്ളാനും ഓരോത്തരും യത്നിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ടിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തിന് സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം സ്വാഗതം ആശംസിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെ വിളിയും ദൗത്യവും എന്ന വിഷയത്തില്‍ ഫാ. ജോസഫ് കടുപ്പില്‍ ക്ലാസ്സ് നയിച്ചു. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ചര്‍ച്ചകള്‍ക്കു നേതൃത്വം നല്കി. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരായി ഫാ. തോമസ് ആനിമൂട്ടിലില്‍, സാബു കരിശ്ശേരിക്കല്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. കമ്മിറ്റി അംഗങ്ങളായി ബേബി മുളവേലിപ്പുറത്തിലിനെയും പ്രൊഫ. മേഴ്സി മൂലക്കാട്ടിലിനെയും കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രതിനിധികളായി അഡ്വ. മാത്യു തോട്ടുങ്കലിനെയും ഷൈനി സിറിയക് ചൊള്ളമ്പേലിനെയും യോഗം തെരഞ്ഞെടുത്തു.