സുവിശേഷത്തിന്റെ തീക്ഷ്ണതയുള്ള ദാസന്‍; കൊല്ലപ്പെട്ട മെക്‌സിക്കന്‍ വൈദികനെ അനുസ്മരിച്ച് പാപ്പ

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ചിയാപാസില്‍ അടുത്തിടെ കൊല്ലപ്പെട്ട മെക്‌സിക്കന്‍ വൈദികനെ അനുസ്മരിച്ച് ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയോട് അനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് അക്രമബാധിത പ്രദേശത്ത് കൊല്ലപ്പെട്ട ഫാ. മാര്‍സെലോ പെരെസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരിച്ചത്. ‘സുവിശേഷത്തിന്റെയും ദൈവത്തിന്റെ വിശ്വസ്തരായ ജനങ്ങളുടെയും തീക്ഷ്ണതയുള്ള ദാസന്‍’ എന്നാണ് ഫാ. മാര്‍സെലോയെ ഫ്രാന്‍സിസ് പാപ്പ വിശേഷിപ്പിച്ചത്. ശുശ്രൂഷയോടുള്ള വിശ്വസ്തതയ്ക്കായി കൊല്ലപ്പെട്ട മറ്റ് വൈദികരെപ്പോലെ അദ്ദേഹത്തിന്റെ ത്യാഗവും സമാധാനത്തിന്റെയും ക്രിസ്തീയ ജീവിതത്തിന്റെയും വിത്തായിരിക്കട്ടെയെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കു പിന്നാലെയാണ് വൈദികന്‍ കൊല്ലപ്പെട്ടത്. കുക്സിറ്റാലിയിലെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ഗ്വാഡലൂപ്പ പള്ളിയിലേക്ക് പോകുവാന്‍ തുടങ്ങുന്നതിനിടെ മോട്ടോര്‍ സൈക്കിളില്‍ എത്തിയ അക്രമികള്‍ വൈദികന് നേരെ നിറയൊഴിക്കുകയായിരിന്നു. കൊലപാതകത്തെ അപലപിച്ച് മെക്‌സിക്കന്‍ മെത്രാന്‍ സമിതി രംഗത്തു വന്നിരിന്നു. ചിയാപാസ് പ്രദേശത്തു സത്യത്തിനും നീതിക്കും വേണ്ടി അക്ഷീണം പോരാടിയ പ്രവാചകശബ്ദത്തെയാണ് അക്രമികള്‍ നിശബ്ദമാക്കിയതെന്ന് മെത്രാന്‍ സമിതി പ്രസ്താവിച്ചിരിന്നു.

പോലീസ് അന്വേഷണത്തിന് ഒടുവില്‍ കൊലപാതകത്തിന് പിന്നില്‍ മയക്കുമരുന്ന് മാഫിയ ആണെന്ന് വ്യക്തമായി. പ്രാദേശിക മയക്കുമരുന്ന് കച്ചവടക്കാരനായ എഡ്ഗറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചിയാപാസില്‍ മയക്കുമരുന്ന് കടത്തിനെതിരെ വലിയ രീതിയില്‍ പോരാടിക്കൊണ്ടിരിന്ന വൈദികനായിരിന്നു കൊല്ലപ്പെട്ട ഫാ. മാര്‍സെലോ. ഇതാണ് സംഘത്തെ കൊലപാതകത്തിലേക്ക് നയിക്കുവാനുള്ള കാരണമായി പോലീസ് നിരീക്ഷിക്കുന്നത്.

Previous Post

സംക്രാന്തി : മുകളേല്‍ അന്നമ്മ തോമസ്

Next Post

കെ.സി.വൈ.എല്‍ ജപമാല റാലി നടത്തി

Total
0
Share
error: Content is protected !!