ശ്വാസകോശസംബന്ധിയായ ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ഫെബ്രുവരി 14 വെള്ളിയാഴ്ച ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഫ്രാന്‍സിസ് പാപ്പാ അപകടസ്ഥിതി തരണം ചെയ്തിട്ടില്ലെന്ന് വത്തിക്കാന്‍ പ്രെസ് ഓഫീസ് അറിയിച്ചു. ആസ്ത്മായുമായി ബന്ധപ്പെട്ട് ശ്വാസതടസം നേരിട്ടതിനാല്‍, ഫെബ്രുവരി 22 പാപ്പായ്ക്ക് കൂടുതല്‍ ഓക്‌സിജനും മറ്റു മരുന്നുകളും നല്‍കി. രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ്‌സ് കുറഞ്ഞതിനെത്തുടര്‍ന്ന്. ഹീമോഗ്ലോബിന്‍ അളവ് ശരിയായ തോതില്‍ നിലനിറുത്തുവാന്‍ വേണ്ടി, പാപ്പായ്ക്ക് രക്തം നല്‍കേണ്ടിവന്നുവെന്നും പ്രെസ് ഓഫീസ് വിശദീകരിച്ചു.
രോഗാവസ്ഥയില്‍ തുടരുന്ന പാപ്പാ കഴിഞ്ഞ ദിവസത്തേക്കാള്‍ ക്ഷീണിതനാണെന്നും എന്നാല്‍ അദ്ദേഹം ജാഗരൂഗനായാണിരിക്കുന്നതെന്നും, ബുദ്ധിമുട്ടുണ്ടായിട്ടും ഇന്ന് കസേരയില്‍ ഏറെ സമയം ചിലവഴിച്ചുവെന്നും അറിയിച്ച പ്രെസ് ഓഫീസ് പക്ഷെ, പാപ്പായുടെ ആരോഗ്യകാര്യങ്ങള്‍ എപ്രകാരമായേക്കുമെന്നതിനെക്കുറിച്ച് കൂടുതല്‍ അനുമാനങ്ങള്‍ പുറത്തുവിട്ടില്ല.
കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ, പാപ്പാ മാരകാവസ്ഥയിലല്ലെന്നും എന്നാല്‍ അതേസമയം അപകടനില തരണം ചെയ്തുവെന്ന് പറയാനാകില്ലെന്നും, ഒരാഴ്ചകൂടിയെങ്കിലും ആശുപത്രിയില്‍ തുടരേണ്ടിവരുമെന്നും വത്തിക്കാനിലെയും ജെമെല്ലി ആശുപത്രിയിലെയും മെഡിക്കല്‍ സംഘം വ്യക്തമാക്കിയിരുന്നു.