ലോക അഹിംസാദിനമായി ആചരിച്ചുകൊണ്ട് രാഷ്‌ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനം (ഒക്‌ടോബര്‍ 2) ഒരിക്കല്‍കൂടി കടന്നുപോയി. സത്യം കൊണ്ടും അഹിംസകൊണ്ടും സത്യാഗ്രഹമെന്ന സഹനസമരം വഴിയും ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വശക്തിയെ കീഴടക്കിയ മഹാത്മാവിന്റെ സ്‌മരണ ഇന്നും ഏറെ പ്രസക്തമാണ്. നൂറിലധികം നാട്ടുരാജ്യങ്ങളായി ചിതറി കിടന്ന ഇന്ത്യയെന്ന ദേശത്തെ, മതത്തിന്റെ, ജാതിയുടെ, വര്‍ണ്ണത്തിന്റെ, വര്‍ഗ്ഗത്തിന്റെ പേരില്‍ വിഘടിച്ചു നിന്ന ജനതതിയെ, ഇന്ത്യയുടെ സ്വാതന്ത്ര്യമെന്ന ഒരൊറ്റ വികാരത്തിന്റെ ചരടില്‍ കോര്‍ത്തിണക്കാനും സ്വാതന്ത്ര്യസമരത്തിനു നേതൃത്വം കൊടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ മാറ്റു കൂട്ടുന്നു. ഗാന്ധിജിയുടെ ജന്മദിനമായ ഒക്‌ടോബര്‍ 2 അന്താരാഷ്‌ട്ര അഹിംസാദിനമായി ഐക്യരാഷ്‌ട്രസഭ ആചരിക്കുകയാണ്. അഹിംസക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച ആ മഹാത്മാവിനെ, അതിലൂടെ സ്വാതന്ത്ര്യം നേടി തന്ന മഹാത്മാവിനെ വര്‍ഗീയ ഭ്രാന്തിന്റെ മദം ബാധിച്ചവര്‍ ഹിംസിച്ചു കൊലപ്പെടുത്തി എന്നത് ആര്‍ഷഭാരത സംസ്‌ക്കാരത്തിന്റെ ഗരിമക്കു മങ്ങലേല്‍പ്പിച്ചു എന്നതില്‍ സംശയമില്ല. മനുഷ്യബന്ധങ്ങളുടെ അടിസ്ഥാനം അഹിംസയും സത്യസന്ധതയുമാണെന്ന ഉത്തമബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. സ്‌നേഹത്തിന്റെയും സത്യത്തിന്റെയും അഹിംസയുടെയും മാര്‍ഗം അവലംബിച്ചു മാത്രമേ മനസിന്റെ കവാടങ്ങള്‍ വികസിക്കുകയുള്ളുവെന്നു തിരിച്ചറിഞ്ഞ അദ്ദേഹം എല്ലാവിധ ചൂഷണോപാധികളില്‍ നിന്നും ഒഴിഞ്ഞു നിന്നാല്‍ മാത്രമേ അഹിംസ ഉണ്ടാകുകയുള്ളുവെന്നു ഉറച്ചു വിശ്വസിച്ചു നിലനില്‍ക്കുന്നതും സ്ഥായിയായതുമായ യാതൊരു നന്മയും ഹിംസകൊണ്ടു ആര്‍ജ്ജിക്കാനാവില്ല എന്ന ഉത്തമ വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. 1893 ജൂണ്‍ 7 ന് ദക്ഷിണ അഫ്രിക്കയിലെ ട്രെയിന്‍ യാത്രക്കിടെ വര്‍ണ്ണവിവേചനത്തിന്റെ കാലുഷ്യം അനുഭവിച്ച അദ്ദേഹം വര്‍ണ്ണവിവേചനവും വര്‍ഗീയതയും അക്കാലത്തെ പാശ്ചാത്യര്‍ക്കായ് നാഗരികതയുടെ ഘടനാപരമായ പ്രശ്‌നമാണെന്നു മനസിലാക്കി. എന്നാല്‍ ഇന്നാകട്ടെ മനുഷ്യന്റെ സമസ്‌ത മേഖലകളിലേക്കും ഹിംസ കടന്നു കയറിയിരിക്കുകയാണ്. മനുഷ്യന്റെ പ്രായോഗിക ജീവിതം മാത്രമല്ല ചിന്തകളിലും മനോവ്യാപാരങ്ങളിലും ബോധ-അബോധ മനസുകളിലും പ്രവര്‍ത്തികളിലും ഹിംസ കടന്നു കൂടുന്നു. രാജ്യങ്ങള്‍ തമ്മിലും രാജ്യത്തിനുള്ളിലും ഹിംസ വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം ഇന്നു കൂടുതല്‍ തലങ്ങളിലേക്കു വ്യാപിക്കുകയും ലബനനും സിറിയയും ഇറാനുമെല്ലാം ഇന്നു അതിലുള്‍പ്പെടുകയും ചെയ്‌തിരിക്കുന്നു. ഒരു വര്‍ഷത്തിലധികമായി ഹമാസ് ഭീകരവാദികള്‍ തടങ്കലിലാക്കിയിരിക്കുന്ന ഇരുനൂറോളം ഇസ്രായേല്‍ക്കാരെ വിട്ടുകൊടുക്കാനുള്ള സാഹചര്യമൊന്നും ഇതുവരെ സംജാതമായിട്ടില്ല. നൈജീരിയയിലും സുഡാനിലും ഇറാക്കിലുമെല്ലാം ക്രിസ്‌ത്യാനികള്‍ ഹിംസക്കു വിധേയമായികൊണ്ടിരിക്കുന്നു. കാശ്‌മീരിലും മണിപ്പൂരിലും ഹിംസയുടെ ശക്തികള്‍ ക്രൂരതകള്‍ ആവര്‍ത്തിക്കുന്നു. അഹിംസയുടെ ദിനത്തില്‍ തന്നെ ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ തങ്ങള്‍ക്കു സ്വീകാര്യനല്ലായെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇറാനിലെ മത-രാഷ്‌ട്രീയ ഭരണകൂടം നേതൃത്വം നല്‌കുന്ന ഹമാസും ഹിസ്‌ബുള്ളയും ഹുതികളും ഇസ്രായേലിനു തലവേദന സൃഷ്‌ടിക്കുന്നു. പശ്ചിമേഷ്യയില്‍ ആരംഭിച്ചിരിക്കുന്ന അശാന്തി ആഗോളതലത്തില്‍ വ്യാപിക്കാതിരിക്കാനുള്ള സത്വര ശ്രമങ്ങളാണ് ലോകരാഷ്‌ട്രങ്ങളുടെ നേതൃത്വത്തില്‍ ഉണ്ടാകേണ്ടത്.
ലോകത്തു നടക്കുന്ന ഹിംസയെക്കുറിച്ചു നിസംഗത പാലിക്കുന്നവരാണ് ഭൂരിപക്ഷവും. മനുഷ്യ ശരീരത്തെ കഷ്‌ണമാക്കി വെട്ടിനുറുക്കുന്ന സ്‌ത്രീകളെയും കുഞ്ഞുങ്ങളെയും വൃദ്ധജനങ്ങളെയുമെല്ലാം കൊല്ലുകയും ചെയ്യുന്ന വാര്‍ത്തകള്‍ തികഞ്ഞ നിസംഗതയോടെയാണ് ഭൂരിപക്ഷവും കേള്‍ക്കുകയും അതിനോടു പ്രതികരിക്കുകയും ചെയ്യുക. കൊച്ചിയില്‍ മുനമ്പത്ത് വര്‍ഷങ്ങളായി കരമടച്ചു പോന്നതും പണം കൊടുത്തു പേരിലാക്കിയതുമായ വസ്‌തുക്കളുള്ളവര്‍ക്ക് വഖഫ് ബോര്‍ഡിന്റെ ക്ലെയിം മൂലം കരമടക്കാനോ ലോണ്‍ വെക്കാനോ പറ്റാത്ത സാഹചര്യമാണുള്ളത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‌കുന്ന ഭരണഘടനയുടെ സംരക്ഷണം മറ്റൊരു മത നിയമം വഴി ലംഘിക്കപ്പെടുന്നതും ഒരു തരത്തിലുള്ള ഹിംസ പ്രവര്‍ത്തിതന്നെയാണ്. തങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം മറ്റുള്ളവരില്‍ നിന്നു മത നിയമത്തിന്റെ മറവില്‍ കവര്‍ന്നെടുക്കുകാന്‍ ശ്രമിക്കുന്നതും അഹിംസാധിഷ്‌ഠിത പ്രവര്‍ത്തിയായി നോക്കി കാണാനാവില്ല. ചൂഷണവും അനീതിയും അധിശത്വവും മേധാവിത്തവും നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ അഹിംസ അവലംബിക്കുവാന്‍ എളുപ്പമല്ല. അതുകൊണ്ടുതന്നെ ഘടനാപരമായ അനീതിയുടെയും ചൂഷണത്തിന്റെയും വ്യവസ്ഥിതികളുടെയും നിര്‍മ്മാര്‍ജ്ജനം സത്യത്തിന്റെ നിലനില്‍പ്പിനും അഹിംസയുടെ വ്യാപനത്തിനും അനുപേക്ഷണീയമാണ്. ഉച്ചനിചത്വങ്ങളും അസമത്വവും ഹിംസാധിഷ്‌ഠിതമാകയാല്‍ അവ സമൂഹത്തില്‍ നിന്നു ഇല്ലാതാകണം. യുദ്ധം മനസില്‍ ആരംഭിക്കുന്നു. പിന്നീടു പ്രവര്‍ത്തിയില്‍ രൂപപ്പെടുന്നു എന്നു പറയാറുള്ളതുപോലെ, മനുഷ്യമനസില്‍ നിന്നു ഹിംസയെ ഇല്ലാതാക്കിയാലേ പ്രവര്‍ത്തിപഥത്തില്‍ അഹിംസാവലംബികളാകാന്‍ നമുക്കു സാധിക്കൂ. കുടുംബങ്ങളിലൂം തൊഴിലിടങ്ങളിലും ഒക്കെ നിലനില്‍ക്കുന്ന ഭീക്ഷണികളും ചൂഷണങ്ങളും ഹിംസക്കു പ്രേരണ നല്‍കുന്നതാണ്. സമസ്‌ത ലോകത്തിന്റെയും സുഖവും ക്ഷേമവും കാംക്ഷിക്കുന്ന ഭാരതീയ ദര്‍ശനം പുസ്‌തക താളുകളില്‍ നിന്നു മനുഷ്യന്റെ മനസിലേക്കു സന്നിവേശിപ്പിക്കുക എന്നതാണ് അഹിംസാധിഷ്‌ഠിത സമൂഹനിര്‍മ്മിതിക്കു അത്യന്താപേക്ഷിതമായിട്ടുള്ളത്. അഹിംസയുടെ ആചാര്യനായിരുന്ന ഗാന്ധിജിയുടെ ജയന്തി അഹിംസാദിനമായി ആഘോഷിക്കുമ്പോഴും ഹിംസയുടെ വിവിധരൂപഭാവങ്ങള്‍ തീവ്രതയോടെ പ്രത്യക്ഷപ്പെടുന്നുവെന്നതു നമ്മെ അസ്വസ്ഥരാക്കിയേ തീരൂ.