അദ്ധ്യാപകരോട്‌ അനീതി കാണിക്കരുത്‌

അക്ഷര വെളിച്ചം വിദ്യാര്‍ത്ഥികള്‍ക്കു പകര്‍ന്നു കൊടുക്കുന്ന അദ്ധ്യാപകര്‍ തലമുറകളെ സാംസ്‌ക്കാരികോന്നതിയിലേക്കും വിദ്യാഭ്യാസ വളര്‍ച്ചയിലേക്കും വികസനത്തിലേക്കും നയിക്കുന്ന പ്രധാന ചാലകശക്തികളാണ്‌. പൊതുസമൂഹത്തിനു അദ്ധ്യാപകര്‍ തങ്ങളുടെ വിദ്യാഭ്യാസ പ്രക്രിയയിലൂടെ നല്‍കുന്ന സവിശേഷ സംഭാവന മറ്റേതു സേവനമേഖലയിലെ സംഭാവനയേക്കാളും വേറിട്ടതും അനന്യവുമാണ്‌. അതുകൊണ്ടുതന്നെ തലമുറയെ രൂപപ്പെടുത്തുന്ന അദ്ധ്യാപകരോട്‌ അനീതി കാണിക്കുന്നത്‌ അങ്ങേയറ്റം ക്രൂരതയാണ്‌. കേരളത്തിലെ എയ്‌ഡഡ്‌ മേഖലയിലെ പതിനാറായിരത്തിലധികം അദ്ധ്യാപകരും അവരുടെ സേവനം പറ്റുന്ന വിദ്യാര്‍ത്ഥികളുമൊക്കെ അങ്ങേയറ്റം ആശങ്കയിലാണ്‌. കുട്ടികള്‍ക്കു വിദ്യ പകര്‍ന്നു കൊടുക്കുന്ന അദ്ധ്യാപകര്‍ കുടുംബം പുലര്‍ത്താന്‍ മറ്റു പണിക്കു പോകേണ്ട സാഹചര്യം, കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരത്തെ സാരമായി ബാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. വേലക്കു തക്ക പ്രതിഫലം ലഭിക്കാത്ത അദ്ധ്യാപകര്‍ തങ്ങളുടെ അദ്ധ്യാപകവൃത്തിയോടു കാണിക്കേണ്ട പ്രതിബദ്ധത കുറഞ്ഞു പോകുമെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. ഭിന്നശേഷിക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട്‌ സുപ്രീംകോടതിയുടെ ഒരു പഴയ വിധിയെ കൂട്ടുപിടിച്ച്‌ അര്‍ഹരായ ആയിരക്കണക്കിനു അദ്ധ്യാപകരുടെ സ്ഥിര നിയമനം സര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണ്‌. 2017 മുതല്‍ നാലു ശതമാനം ഭിന്നശേഷിക്കാരെ സ്‌കൂളുകളില്‍ നിയമിക്കണമെന്നാണ്‌ വ്യവസ്ഥ. മാനേജ്‌മെന്റുകള്‍ പത്ര പരസ്യം നല്‍കിയിട്ടും എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകളെ സമീപിച്ചിട്ടും യോഗ്യതയുള്ള ഭിന്നശേഷിക്കാരെ പല വിഷയത്തിലും കിട്ടാനില്ല എന്നതാണ്‌ സത്യം. ഈ വസ്‌തുത ഗവണ്‍മെന്റിനും അറിയാന്‍ പാടില്ലാത്തതല്ല. അദ്ധ്യാപക നിയമനത്തിലെ ഭിന്നശേഷിക്കാരെ സംബന്ധിച്ച ഈ സംവരണ തത്വം പാലിച്ചിട്ടില്ലെങ്കില്‍, 2021 നവംബര്‍ എട്ടിനു ശേഷമുള്ള മറ്റു അദ്ധ്യാപകരുടെ നിയമനങ്ങളും അതിനു മുന്‍പുള്ള തസ്‌തികയാണെങ്കില്‍ പോലും, സ്ഥിര നിയമനം നല്‍കിയത്‌. ഈ തീയതിക്കുശേഷമാണെങ്കില്‍, അത്‌ താത്‌ക്കാലിക നിയമനമായേ അംഗീകരിക്കു. സര്‍ക്കാരിന്റെ ഈ നയം മൂലം അര്‍ഹരായ അദ്ധ്യാപകര്‍ക്കു അര്‍ഹമായ വേതനം ലഭിക്കുന്നില്ല. താത്‌ക്കാലിക നിയമനം നേടുന്നവര്‍ക്കു ഉയര്‍ന്ന ശമ്പളമോ ആനുകൂല്യങ്ങളോ ശമ്പളത്തോടൊപ്പമുള്ള മറ്റു ആനുകൂല്യങ്ങളോ കൊടുക്കേണ്ടതില്ലാത്തതിനാല്‍ സര്‍ക്കാരിനു ലാഭമായിരിക്കാം. യഥാര്‍ത്ഥത്തില്‍ 2025 മാര്‍ച്ച്‌ മാസം സുപ്രീംകോടതിയില്‍ നിന്നു എന്‍.എസ്‌.എസ്‌. മാനേജ്‌മെന്റിനു കീഴിലുള്ള സ്‌കൂളുകളിലെ നിയമനം സംബന്ധിച്ച്‌ എന്‍.എസ്‌.എസിന്‌ അനുകൂലമായ വിധിയില്‍, സമാന സ്വഭാവമുള്ള സൊസൈറ്റികള്‍ക്കും ഈ ഉത്തരവു നടപ്പാക്കാമെന്നു പറഞ്ഞിട്ടുണ്ട്‌. ആ വിധി അനുസരിച്ചു ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്‌ അവകാശപ്പെട്ട നിയമാനുസൃതമായ ഒഴിവുകള്‍ എയ്‌ഡഡ്‌ സ്‌കൂളുകളില്‍ ഒഴിച്ചിട്ടശേഷം, മറ്റു നിയമനങ്ങള്‍ക്ക്‌ അംഗീകാരം നല്‍കി അതു ക്രമവല്‍ക്കരിക്കാവുന്നതാണ്‌. തുടര്‍ന്നു എന്‍.എസ്‌.എസിനു അനുകൂലമായ സര്‍ക്കാര്‍ ഉത്തരവ്‌, എന്‍.എസ്‌.എസ്‌ മാനേജ്‌മെന്റിന്റെ കിഴിലുള്ള സ്‌കൂളുകളില്‍ നടപ്പാക്കി. എന്നാല്‍ ക്രിസ്‌ത്യന്‍, മുസ്ലിം മാനേജ്‌മെന്റിന്റെ കീഴിലുള്ള ഈ ഉത്തരവ്‌ സര്‍ക്കാര്‍ നടപ്പാക്കുന്നില്ല.
കൂടാതെ ഇക്കാര്യത്തില്‍ ക്രിസ്‌ത്യന്‍ എയ്‌ഡഡ്‌ സ്‌കൂള്‍ മാനേജ്‌മെന്റ്‌ കണ്‍സോര്‍ഷ്യം ഹൈക്കോടതിയില്‍ നിന്നു അനുകൂലമായ ഉത്തരവ്‌ നേടിയിട്ടുണ്ട്‌. ഈ വിധിയുടെ അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ട്‌ ഗവണ്‍മെന്റിനു ഇച്ഛാശക്തിയുണ്ടെങ്കില്‍ ഒറ്റ ഉത്തരവിലൂടെ കേരളത്തിലെ എയ്‌ഡഡ്‌ മേഖലയിലെ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട പ്രതിസന്ധി ഗവണ്‍മെന്റിനു പരിഹരിക്കാവുന്നതേയുള്ളൂ. ഗവണ്‍മെന്റ്‌ അതിനു തയ്യാറാകുന്നില്ലെന്നു മാത്രമല്ല, സര്‍ക്കാരിന്റെ ഭാഗമായ വിദ്യാഭ്യാസ മന്ത്രി, ഭിന്നശേഷിക്കാരായ ആളുകള്‍ക്കു നിയമനം നല്‍കുന്നതില്‍ ക്രൈസ്‌തവ മാനേജ്‌മെന്റുകള്‍ തടസ്സം സൃഷ്‌ടിക്കുന്നു എന്നു ധ്വനിപ്പിക്കുന്ന തരത്തിലുള്ള പ്രസ്‌താവനയാണ്‌ അടുത്തകാലത്ത്‌ നടത്തിയത്‌. ഇത്‌ അങ്ങേയറ്റം ദുരുദ്ദേശപരവും സത്യത്തിനു നിരക്കാത്തതുമാണ്‌. ഈ വിഷയങ്ങളൊക്കെ ബന്ധപ്പെട്ടവര്‍ ഉന്നയിക്കുമ്പോള്‍ “നിങ്ങള്‍ വേണമെങ്കില്‍ കോടതിയില്‍ പൊയ്‌ക്കോളൂ” എന്ന നിസംഗവും നിരുത്തരവാദിത്വപരവുമായ മറുപടിയാണ്‌ ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്നു ഉണ്ടാകുന്നത്‌. ഇതൊരിക്കലും നിയമാനുസൃതം കാര്യങ്ങള്‍ ചെയ്യുന്ന ഗവണ്‍മെന്റിനു ഭൂഷണമല്ല. ന്യായമായ പൗരാവകാശങ്ങള്‍ നേടുന്നതിനു പൗരന്മാരെ കോടതി കയറ്റേണ്ട സാഹചര്യമല്ല ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍ ചെയ്യേണ്ടത്‌. അര്‍ഹരായ ഭിന്നശേഷിക്കാര്‍ക്കു നിയമനം നല്‍കുന്നതില്‍ ക്രൈസ്‌തവ മാനേജ്‌മെന്റിനു ഒരു എതിര്‍പ്പുമില്ല. എന്നാല്‍ യോഗ്യരായ ഭിന്നശേഷിക്കാര്‍ ഇല്ലാത്തതിന്റെ പേരില്‍ യോഗ്യതകളും മാനദണ്ഡങ്ങളും പാലിച്ചു അദ്ധ്യാപകരായ മറ്റുള്ളവരുടെ നിയമനങ്ങളും ശമ്പളവും തടയുന്നത്‌ കടുത്ത അനീതിയാണ്‌. ഗവണ്‍മെന്റിനു ചെലവു ചുരുക്കണമെങ്കില്‍ അതിനു കാലാനുസൃതവും യുക്തിക്കും നീതിക്കു നിരക്കുന്നതുമായ നയ സമീപനങ്ങളാണ്‌ എടുക്കേണ്ടത്‌. ഒരു ക്ലാസില്‍ ഒരു കുട്ടിയുണ്ടെങ്കില്‍ പോലും ഗവണ്‍മെന്റ്‌ സ്‌കൂളുകളില്‍ അദ്ധ്യാപകരെ നിയമിക്കുന്ന നയം പുനഃ പരിശോധിക്കപ്പെടണം. അതിന്റെ പേരില്‍ ആ കുട്ടിയുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കണം എന്നല്ല നിലപാട്‌. മറിച്ച്‌ രണ്ടുമൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള പല സ്‌കൂളുകളിലെയും ഡിവിഷനുകള്‍ ഏകോപിപ്പിക്കണം. ആവശ്യത്തിനു കുട്ടികള്‍ പല സ്‌കൂളുകളിലും കാണില്ല. അവിടെയൊക്കെ കാലാനുസൃതമായ, യുക്തിക്കിണങ്ങുന്ന ബുദ്ധിപൂര്‍വ്വകമായ പുനഃക്രമീകരണങ്ങള്‍ ചെയ്‌തുകൊണ്ടു അനാവശ്യമായ ചെലവ്‌ സര്‍ക്കാരിനു കുറക്കാനാകും. അതാവശ്യമാണെന്നു മാത്രമല്ല, അനു പേക്ഷണിയവുമാണ്‌.
റവ. ഡോ. മാത്യു കുരിയത്തറ ഒ.എസ്‌.എച്ച്‌

Previous Post

പെര്‍ത്തില്‍ ഉണ്ണിമിശിഹായുടെ തിരുന്നാളും ആദ്യ കുര്‍ബാന സ്വീകരണവും

Next Post

അനുഗ്രഹ പൂമഴയായി യു.കെ വാഴ്വ് 2025

Total
0
Share
error: Content is protected !!