യുദ്ധം മനുഷ്യരാശിയുടെ തോല്‍വിയാണ്‌, അതു അവസാനിപ്പിച്ചേ മതിയാവൂ

പശ്ചിമേഷ്യ വീണ്ടും യുദ്ധവെറി പൂണ്ട്‌ സംഘര്‍ഷപൂര്‍ണ്ണമായിരിക്കുന്നു. ഒക്‌ടോബര്‍ 7-ാം തീയതി ഹമാസ്‌ വിഭാഗം തെക്കന്‍ ഇസ്രായേലില്‍ നടത്തിയ മിന്നലാക്രമണത്തെ തുടര്‍ന്നാണ്‌ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടത്‌. ലോകത്തിലെ ഏറ്റവും മികച്ച ചാരസംഘടനയായ ഇസ്രായേലിന്റെ മൊസാദിനെ കബളിപ്പിച്ച്‌ 20 മിനിറ്റിനുള്ളില്‍ 5000 റോക്കറ്റാക്രമണം ഇസ്രായേലില്‍ ഹമാസ്‌ നടത്തുകയുണ്ടായി. കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയും ഹമാസ്‌ ഭീകരര്‍ തെക്കന്‍ ഇസ്രായേലില്‍ എത്തുകയും തലങ്ങുംവിലങ്ങും വെടി ഉതിര്‍ത്തു നിരവധി നിരപരാധികളെ കൊല്ലുകയും 250-ഓളം ആളുകളെ ബന്ധിയാക്കി പാലസ്‌തിനിലേക്കു കടത്തുകയും ചെയ്‌തു. ബന്ധികളെ വെച്ച്‌ വിലപേശുന്ന തന്ത്രം ഹമാസ്‌ ഇതിനോടകം അവലംബിച്ചു പോരുന്ന യുദ്ധതന്ത്രമെന്നോ ഭീകര പ്രവര്‍ത്തനമെന്നോ വിളിക്കാവുന്ന പ്രവര്‍ത്തന രീതിയാണ്‌. ഹമാസിനെ പോരാളികളായി കരുതുന്നവര്‍ തീവ്രവാദത്തിനു വഴിമരുന്നിടുന്നവരാണെന്നു കരുതുന്നവര്‍ ഏറെയാണ്‌. ഇപ്പോഴത്തെ ഇസ്രായേല്‍ ഹമാസ്‌ യുദ്ധത്തിനു പെട്ടെന്നുള്ള കാരണമായി ഭവിച്ചത്‌ ഹമാസ്‌ ഇസ്രായേലില്‍ നടത്തിയ ഭീകര പ്രവര്‍ത്തനമാണ്‌. ദീര്‍ഘവും ദുഷ്‌ക്കരവുമായ യുദ്ധത്തിന്‌ തയ്യാറെടുക്കുവാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു ആഹ്വാനം ചെയ്‌തതിലൂടെ ഇസ്രായേല്‍-ഹമാസ്‌ യുദ്ധത്തിനു ഇസ്രായേലിന്റെ ഭാഗത്തുനിന്നു ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. ഹമാസിന്റെ ഭീകരാക്രമണങ്ങള്‍ വഴി ആയിരത്തിലധികം പേര്‍ ഇസ്രായേലില്‍ മരിച്ചു. വിവിധ രാജ്യക്കാര്‍ മരണമടഞ്ഞവരിലുണ്ട്‌. 3478 പേര്‍ ഗാസയില്‍ ഇതിനോടകം കൊല്ലപ്പെട്ടുവെന്നും 12065 പേര്‍ക്കു പരിക്കു പറ്റിയെന്നും ഗാസ ആരോഗ്യ മന്ത്രാലയം വക്താവ്‌ ഡോ. അഷറഫ അല്‍ ഖുദ്ര ആരോപിച്ചു. ഒക്‌ടോബര്‍ 17-ാം തീയതി ചൊവ്വാഴ്‌ച വൈകുന്നേരം ഗാസയിലെ ബ്രിട്ടനിലെ ആംഗ്ലിക്കന്‍ സഭയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന അല്‍ അഹ്‌ലി അറബി ആശുപത്രിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 471 പേര്‍ മരിച്ചെന്നും 314 പേര്‍ക്കു പരിക്കു പറ്റിയെന്നും ഗാസ ആരോഗ്യവകുപ്പ്‌ അറിയിച്ചു. ആശുപത്രിയിലെ സ്‌ഫോടനത്തിനു പിന്നില്‍ ഇസ്രായേല്‍ ആണെന്നും ഹമാസും അറബ്‌ രാജ്യങ്ങളും ആരോപിക്കമ്പോള്‍ പാലസ്‌തീന്‍ തീവ്രവാദികളാണ്‌ ഗാസ ആശുപത്രി ആക്രമണത്തിന്റെ പിന്നിലെന്ന്‌ ഇസ്രായേല്‍ സൈനിക വക്താവ്‌ ഡാനിയേല്‍ ഹഗാരി വ്യക്തമാക്കി. ഹമാസുമായി ബന്ധമുള്ള ഇസ്ലാമിക്‌ ജിഹാദിന്റെ റോക്കറ്റ്‌ ലക്ഷ്യം തെറ്റി ആശുപത്രിയില്‍ പതിച്ചതാണെന്നും ആക്രമണത്തിനു മുന്‍പും പിമ്പുമുള്ള ചിത്രങ്ങളിലൂടെ അദ്ദേഹം വിശദീകരിച്ചു.
1948 ലെ യു.എന്‍. പ്രമേയത്തില്‍ അധിഷ്‌ഠിതമായി ഇസ്രായേല്‍ പാലസ്‌തിന്‍ എന്നീ രണ്ടു സ്വതന്ത്ര രാജ്യങ്ങള്‍ എന്ന ഫോര്‍മുലയില്‍ നിന്ന്‌ അറബ്‌ രാജ്യങ്ങള്‍ പിന്തിരിഞ്ഞതും സംഘര്‍ഷത്തിനു ശാശ്വതമായ പരിഹാരം കാണാനുള്ള ശ്രമത്തിനു വിപരീത ഫലമുണ്ടാക്കും. ഇസ്രായേലിന്‌ അന്നു സ്വീകാര്യമായ ഈ പരിഹാര നിര്‍ദ്ദേശം കണക്കിലെടുക്കാതെ അറബ്‌ രാജ്യങ്ങള്‍ ഒന്നുചേര്‍ന്നു ഇസ്രായേലിനോടു യുദ്ധത്തിനു തയ്യാറായി എന്നതു വസ്‌തുതയാണ്‌. ഇന്ന്‌ അതേ ഫോര്‍മുല ഇസ്രായേലിന്‌ എത്രത്തോളം സ്വീകാര്യമാണെന്ന്‌ സംശയിക്കുന്നവരുണ്ട്‌. എന്നായാലും ഐക്യരാഷ്‌ട്ര സഭയുടെ നേതൃത്വത്തില്‍ യു.എന്‍ പ്രമേയത്തില്‍ ഊന്നി നിന്നുകൊണ്ടുള്ള പരിഹാരത്തിനു ലോകരാജ്യങ്ങള്‍ മുന്‍കൈ എടുക്കണം. ക്രിസ്‌തുവിനു മുന്‍പു യഹൂദര്‍ വസിച്ചിരുന്നതും അവരുടെ രാജാക്കന്മാര്‍ നിര്‍മ്മിച്ച കൊട്ടാരങ്ങളുടെയൊക്കെ അവശിഷ്‌ടങ്ങള്‍ ഇപ്പോഴുമുള്ളതുമായ ഇസ്രായേലില്‍, യഹൂദര്‍ അഭയാര്‍ത്ഥികളാണെന്ന കാഴ്‌ചപ്പാട്‌ ചരിത്രത്തോടു നീതിപുലര്‍ത്താത്തതും നിഷ്‌പക്ഷത പുലര്‍ത്താത്തതുമാണ്‌. ചരിത്ര വസ്‌തുതകളെ തമസ്‌ക്കരിച്ചുകൊണ്ടും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളെ അവഗണിച്ചുകൊണ്ടും ഇസ്രായേല്‍ പാലസ്‌തീന്‍ പ്രശ്‌നത്തിനു പരിഹാരം ഉണ്ടാക്കാനാകില്ല. ഇസ്രായേല്‍ തങ്ങളുടെ ആദ്യ ലക്ഷ്യം മാത്രമാണെന്നും യഹൂദരും ക്രിസ്‌ത്യാനികളും ഇല്ലാത്ത ലോകമാണ്‌ തങ്ങളുടെ ലക്ഷ്യമെന്നും ഹമാസ്‌ കമാന്‍ഡര്‍ മഹ്‌മൂദ്‌ അല്‍ സഹര്‍ പ്രഖ്യാപിച്ചത്‌ കഴിഞ്ഞ ഡിസംബറിലാണ്‌. ഈ പ്രഖ്യാപനം ഗൗരവത്തിലുള്ളതാണെങ്കില്‍ അതിന്‌ ലോകരാജ്യങ്ങള്‍ അര്‍ഹിക്കുന്ന ഗൗരവം കൊടുത്തോ എന്നതു സംശയമാണ്‌. തങ്ങളുടെ വംശത്തിനും മതത്തിനും പുറത്തുള്ളവരെയൊക്കെ നശിപ്പിക്കപ്പെടേണ്ടവരാണെന്ന ആപത്‌കരമായ ചിന്ത ആരു വെച്ചു പുലര്‍ത്തിയാലും അതു മാപ്പര്‍ഹിക്കാത്ത അപരാധമാണ്‌. മനുഷ്യാവകാശങ്ങള്‍ പലപ്പോഴും മതപരമായ കാഴ്‌ചപ്പാടില്‍ ഒതുക്കുകയും ആ നിലയില്‍ വിശദീകരിക്കുകയും ചെയ്യുന്ന ഇന്നത്തെ രീതി ആധുനിക സമൂഹത്തിനു സ്വീകാര്യമല്ലെന്നു മാത്രമല്ല എന്തു വലിയ വംശഹത്യയിലൂടെയാകാം അതു സാധ്യമാകുന്നത്‌. ഇത്തരത്തിലുള്ള വംശഹത്യയെക്കുറിച്ചുള്ള ചിന്തപോലും മുളയിലെ നുള്ളി കളയണം. മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ മതപക്ഷ നിലപാട്‌ ഉള്ളതുകൊണ്ടാണോ ജന്മനാടായ നാഗോര്‍ണോ-കരാബാക്ക്‌ പ്രദേശത്തു നിന്ന്‌ പതിനായിരകണക്കിന്‌ ക്രിസ്‌ത്യാനികള്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ അസര്‍ബൈജാന്റെ വംശഹത്യ ഭയന്ന്‌ ആര്‍മേനിയായിലേക്കു പലായനം ചെയ്യുന്നതിനെക്കുറിച്ചും നൈജീരിയായില്‍ നൂറുകണക്കിനു ക്രിസ്‌ത്യാനികളെ ഇസ്ലാമിക ഭീകരര്‍ അറും കൊല ചെയ്യുന്നതിനെക്കുറിച്ചും ബുദ്ധിജീവികള്‍ മൗനം അവലംബിക്കുന്നത്‌. കൂടുതല്‍ മനുഷ്യജീവന്‍ നഷ്‌ടമാകാതിരിക്കാന്‍ ആയുധങ്ങള്‍ നിശബ്‌ദമാകണമെന്ന ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ ആഹ്വാനം ഇന്ന്‌ എത്രയോ പ്രസക്തമാണ്‌. യുദ്ധം തോല്‍വിയാണ്‌. മനുഷ്യവംശത്തിന്റെ തോല്‍വി. യുദ്ധം ഒരിക്കലും സമാധാനം കൊണ്ടുവരില്ല. അതു മരണം വിതച്ച്‌ വെറുപ്പ്‌ മുളപ്പിച്ച്‌, പ്രതികാര വാഞ്‌ഛ കൊയ്‌തെടുക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. അതു ഭാവിയെ തുടച്ചു നീക്കും. ഫ്രാന്‍സിസ്‌ മാര്‍പാപ്പയിലൂടെ മുഴങ്ങുന്നത്‌ ലോക സമാധാനത്തിനുവേണ്ടിയുള്ള മനഃസാക്ഷിയുള്ള മനുഷ്യരുടെ ധാര്‍മ്മിക നിലവിളിയുടെ ശബ്‌ദമാണെന്നു മറക്കാതിരിക്കാം.

Previous Post

മാധ്യമ സ്വാതന്ത്ര്യത്തിനു താഴിടരുത്‌ മാധ്യമങ്ങള്‍ നിഷ്‌പക്ഷമാവുകയും വേണം

Next Post

കേരളം 68-ാം ജന്മദിനം ആഘോഷിക്കുമ്പോള്‍

Total
0
Share
error: Content is protected !!