വിലക്കയറ്റം നിയന്ത്രിച്ചേ തീരു

കേരളത്തില്‍ അരിയുടെയും മറ്റു പലവ്യജ്ഞനങ്ങളുടെയും വില ക്രമാതീതമായി കുതിച്ചുയരുകയാണ്‌. ഒരു ഉപഭോക്‌തൃ സംസ്ഥാനമായ കേരളത്തിനു ആവശ്യമായ ഭക്ഷ്യവിഭവങ്ങളുടെ ഏറിയ പങ്കും ആന്ധ്ര, തമിഴ്‌നാട്‌, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നു വരണം. പെട്രോളിന്റെ വില അല്‌പം കുറഞ്ഞിട്ടും അതിന്റെ ഗുണം നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ ഉണ്ടായിട്ടില്ല. നാലു നേരം അരിയാഹാരം കഴിക്കുന്ന കേരളീയര്‍ക്കു അരി വിലയില്‍ ഉണ്ടായ കനത്ത വര്‍ദ്ധന താങ്ങാവുന്നതിലുമധികമാണ്‌. ജനജീവിതത്തെ ദുസ്സഹമാക്കുന്നവിധത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഉപ്പു തൊട്ടു കര്‍പ്പൂരം വരെ കുത്തനെ വില കൂടി. അരിക്കും പലവ്യജ്ഞനത്തിനും പച്ചക്കറികള്‍ക്കും അന്‍പതു ശതമാനം മുതല്‍ നൂറു ശതമാനം വരെയാണ്‌ വില കൂടിയിരിക്കുന്നത്‌. കുട്ടികളും മുതിര്‍ന്നവരും ഉപയോഗിക്കുന്ന ബിസ്‌ക്കറ്റ്‌ ഐറ്റങ്ങള്‍ക്കു അന്‍പതു ശതമാനംവരെ വില കൂടി. ഇതര സംസ്ഥാനങ്ങളില്‍ കാലം തെറ്റി പെയ്‌ത മഴയും ഉക്രൈന്‍ യുദ്ധവും അസംസ്‌കൃത ഇറക്കുമതി ഉല്‌പന്നങ്ങളുടെ വിലക്കയറ്റവുമെല്ലാം വിലക്കയറ്റത്തിനു കാരണമായി പറയുന്നുണ്ട്‌. വിലക്കയറ്റത്തിനു കാരണങ്ങള്‍ കണ്ടെത്തി ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുന്നതിനു പകരം വിലക്കയറ്റത്തെ നിയന്ത്രിക്കാനുതകുന്ന ക്രിയാത്മകമായ ഇടപെടലുകളും നടപടികളുമാണ്‌ ജനം ആഗ്രഹിക്കുന്നത്‌. അതിനു കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ യോജിച്ചുള്ള ഇടപെടലുകള്‍ ആവശ്യമാകാം. 2017-ല്‍ രാജ്യവ്യാപകമായി ജി.എസ്‌.ടി നടപ്പാക്കിയപ്പോള്‍ പല സാധനങ്ങള്‍ക്കും ഒറ്റയടിക്കു വില വര്‍ദ്ധിപ്പിക്കുകയുണ്ടായി. അതിനുശേഷം രണ്ടു വര്‍ഷമായി ഉല്‌പന്നങ്ങള്‍ക്കു തുടര്‍ച്ചയായി വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതു ജനങ്ങളുടെ നടുവൊടിക്കുകയും കുടുംബ ബഡ്‌ജറ്റിനെ താളം തെറ്റിക്കുകയും ചെയ്യും.
ഓണത്തിനുശേഷം വില കുറയുമെന്ന പ്രതീക്ഷ തെറ്റിച്ചു. വില ഉയര്‍ന്നുതന്നെ നില്‌ക്കുന്നു. സോപ്പിനങ്ങളില്‍ അലക്കു സോപ്പിനും കുളി സോപ്പിനും വില ഉയര്‍ന്നിട്ടുണ്ട്‌. വില ഉയര്‍ന്നതിന്റെ ആഘാതം ഉപഭോക്താവിനു പെട്ടെന്നു മനസ്സിലാകാതിരിക്കാന്‍ ബിസ്‌ക്കറ്റിന്റെയും സോപ്പിന്റെയും ഒക്കെ തൂക്കം കുറച്ചതായും ഉപഭോക്താക്കള്‍ക്കു പരാതിയുണ്ട്‌. പൊതു വിപണിയിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഇടപെടലുകള്‍ക്ക്‌ അനുപേക്ഷണീയമായ സാഹചര്യമാണ്‌ ഉണ്ടായിരിക്കുന്നത്‌. കേന്ദ്രത്തിന്റെ സഹായം ലഭ്യമാക്കാന്‍ ഭരണപ്രതിപക്ഷകക്ഷികള്‍ സംയുക്തമായി സമ്മര്‍ദ്ദം ചെലുത്തണം. സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷനും പൊതുവിപണിയില്‍ വേണ്ടത്ര ചലനമുണ്ടാക്കാന്‍ സാധിക്കുന്നുണ്ടോ എന്നു വിമര്‍ശനാത്മകമായി വിലയിരുത്തുകയും പോരായ്‌മകള്‍ പരിഹരിക്കുകയും ചെയ്യണം. കണ്‍സ്യൂമര്‍ഫെഡിനും ഇക്കാര്യത്തില്‍ പലതും ചെയ്യുവാന്‍ കഴിഞ്ഞേക്കും. പച്ചക്കറിയുടെ ലഭ്യതയും വിലനിയന്ത്രണവും ഹോര്‍ട്ടികോര്‍പ്പിന്റെ ഇടപെടല്‍ വഴി സാധിച്ചെടുക്കേണ്ടതാണ്‌. സംസ്ഥാനത്തെ 92.88 ലക്ഷം കാര്‍ഡുടമകളില്‍ 10 ശതമാനത്തോളം പേര്‍ക്കുള്ള സാധനങ്ങളെ സപ്ലൈകോ വഴി വിതരണം ചെയ്യുന്നുള്ളൂ എന്നാണ്‌ പറയപ്പെടുന്നത്‌. പലവ്യജ്ഞനങ്ങളില്‍ 10 ഇനമാണ്‌ സബ്‌സിഡി നിരക്കില്‍ നല്‌കുന്നത്‌. അതു നിശ്ചിത അളവില്‍ മാത്രം. ഇതിലൂടെ പൊതുവിപണിയെ കാര്യമായി സ്വാധിനിക്കാനാവില്ല. കേരളത്തിനു പ്രിയമുള്ള നെല്ലിന്റെ ഉല്‌പാദനം അയല്‍ സംസ്ഥാനങ്ങളില്‍ കുറയുകയാണെന്ന വാര്‍ത്ത കൂടുതല്‍ ആശങ്ക പരത്തുന്നതാണ്‌. സപ്ലൈകോയ്‌ക്കുവേണ്ടി കേരളത്തിലെ മില്ലുകള്‍ നെല്ലു സംഭരിക്കുന്നതിനെപ്പറ്റിയുള്ള ആക്ഷേപങ്ങള്‍ ഇപ്പോഴും നിലനില്‌ക്കുന്നുണ്ട്‌. സര്‍ക്കാരിന്റെ താല്‌പര്യവും പ്രോത്സാഹനവും വഴി കേരളത്തില്‍ നെല്‍കൃഷി വര്‍ദ്ധിക്കുന്നുണ്ടെന്ന്‌ പറയുന്നുവെങ്കിലും അതിന്റെ നന്മകള്‍ കേരളത്തിലെ ജനങ്ങള്‍ക്കോ കര്‍ഷകര്‍ക്കോ പലപ്പോഴും ലഭിക്കുന്നില്ല എന്ന പരാതി ഒഴിവാക്കിയെ പറ്റൂ. കേരളത്തില്‍ ഉല്‌പാദിപ്പിക്കുന്ന നെല്ല്‌ അരിയാക്കി കേരളത്തില്‍ ന്യായവിലക്ക്‌ വിതരണം ചെയ്യുന്നതിനുള്ള സംസ്ഥാന ഇടപെടല്‍ ആവശ്യമാണ്‌. പലപ്പോഴും സമയത്തു നെല്ലു ഏറ്റെടുക്കാന്‍ ആളില്ലാതെ കര്‍ഷകര്‍ വിഷമിക്കുന്ന അവസ്ഥ പത്രദ്വാര നാം പലവുരു അറിഞ്ഞിട്ടുള്ളതാണ്‌. രാജ്യത്താകെയുള്ള വിലക്കയറ്റം തടയാന്‍ റിസര്‍വ്‌ ബാങ്ക്‌ അടിക്കടി പലിശനിരക്ക്‌ ഉയര്‍ത്തുന്നുണ്ട്‌. വായ്‌പയുടെ പലിശ കൂടുമ്പോള്‍ ജനത്തിന്റെ കൈയ്യില്‍ പണ ലഭ്യത കുറയുമെന്നും അതുവഴി വിപണിയിലെ അനാവശ്യ ഡിമാന്‍ഡ്‌ കുറയുമെന്നും അങ്ങനെ വില കുറയാന്‍ കാരണമാകുമെന്ന സാമ്പത്തിക സിദ്ധാന്തത്തിന്റെ പിന്‍ബലത്തിലാണത്‌. പക്ഷേ നിത്യോപയോഗത്തിനുള്ള അവശ്യസാധനങ്ങള്‍ ജനത്തിനു വാങ്ങാതിരിക്കാനാകില്ലല്ലോ. കേരള ഗവണ്‍മെന്റ്‌ ആന്ധ്ര ഗവണ്‍മെന്റുമായി ചര്‍ച്ച ചെയ്‌തു അരി ഉള്‍പ്പെടെ ആറിനം ഭക്ഷ്യവസ്‌തുക്കള്‍ ആന്ധ്രപ്രദേശില്‍ നിന്നു വാങ്ങി ന്യായവിലക്ക്‌ ജനങ്ങള്‍ക്കു എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതു ശ്ലാഘനീയമാണ്‌. അവ അടുത്ത മാസം കേരളത്തില്‍ എത്തിക്കാനാണ്‌ ധാരണയായിട്ടുള്ളത്‌. പ്രീമിയം നിലവാരത്തിലുള്ള വിവിധ ഇനം അരി, മുളക്‌, മല്ലി തുടങ്ങിയ ഒന്‍പതിനം സാധനങ്ങള്‍ ആവശ്യകത അനുസരിച്ചു മിതമായ നിരക്കില്‍ കേരളത്തിനു ലഭ്യമാക്കാന്‍ ആന്ധ്രപ്രദേശ്‌ സര്‍ക്കാര്‍ തയ്യാറാണെന്നു ആന്ധ്രപ്രദേശിലെ ഭക്ഷ്യമന്ത്രി നാഗേശ്വരറാവു അറിയിച്ചതും അതിനുള്ള സാഹചര്യം സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്നതും കേരളത്തിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സഹായകകരമാകുമെന്നു പ്രതീക്ഷിക്കാം. ആന്ധ്രയില്‍ നിന്നു കയറ്റുമ്പോഴും കേരളത്തില്‍ എത്തുമ്പോഴും ഭക്ഷ്യവസ്‌തുക്കളുടെ ഗുണനിലവാര പരിശോധനക്കായി ഒരു സ്വതന്ത്ര ഏജന്‍സിയെ ചുമതലപ്പെടുത്താനും കേരള-ആന്ധ്ര ഭക്ഷ്യമന്ത്രിമാരുടെ ചര്‍ച്ചയില്‍ തീരുമാനമായതു നല്ലതു തന്നെ. ന്യായവിലക്കു ഗുണമേന്മയുള്ള നിത്യോപയോഗസാധനങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുന്നതില്‍ സര്‍ക്കാരും അതിന്റെ സംവിധാനങ്ങളും സ്ഥാപനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചേ മതിയാവൂ.

Previous Post

വെളിയന്നൂര്‍ : ഇലവുങ്കല്‍ ചിന്നമ്മ ഫിലിപ്പ് 

Next Post

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ മലബാര്‍ റീജിയണ്‍ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്കു വര്‍ണ്ണശബളമായ സമാപനം

Total
0
Share
error: Content is protected !!