സ്ത്രീകളെ വെറും ഉപഭോഗ വസ്തുവായി കാണുന്ന, അവരുടെ ശരീരത്തെ ലൈംഗിക വൈകൃതത്തിനു ഉപയോഗപ്പെടുത്തുന്ന ഇസ്ലാമിക തീവ്രവാദികളുടെ ഞെട്ടിപ്പിക്കുന്ന കഥയാണ് ഗാസയില്‍ നിന്നു അടുത്തകാലത്തു ലോകം അറിഞ്ഞത്. ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഇസ്ലാമിക ഭീകരസംഘടന 2014 ല്‍ ഇറാക്കില്‍ ലൈംഗിക അടിമയാക്കിയ ഫൗസിയ അമീന് സീദോ എന്ന പെണ്‍കുട്ടിയെ ഈ അടുത്ത ദിവസമാണ് ഇസ്രായേലും അമേരിക്കയും ഇറാക്കും ചേര്‍ന്ന് ഗാസയില്‍ നിന്നു രക്ഷപ്പെടുത്തിയത്. ഇസ്ലാമിക സ്റ്റേറ്റുമായി തങ്ങള്‍ക്കു ബന്ധമില്ലെന്നു ഹമാസ് എന്ന സംഘടന വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ സംഭവം ഇവര്‍ തമ്മിലുള്ള തീവ്രവാദ സാഹോദര്യത്തെ സുവ്യക്തമാക്കുന്നുണ്ട്. പാലസ്തിന് വിഷയത്തെ കൃത്യമായി ജനങ്ങളിലെത്തിക്കുന്ന മലയാള മാധ്യമങ്ങള്‍, ഇസ്ലാമിക് സ്റ്റേറ്റ,് യസിദികളെയും ക്രിസ്ത്യാനികളെയും വംശഹത്യ നടത്തിയപ്പോള്‍ അതൊന്നും വാര്ത്തയാക്കാതിരുന്നതുകൊണ്ട്, മലയാളികള്‍ ഇത്തരം കാര്യങ്ങള്‍ കാര്യമായി അറിഞ്ഞില്ല. മുസ്ലീം തീവ്രവാദികളുടെ ഇതര മത വംശീയ വിരുദ്ധതയുടെയും അവരുടെ നേരെയുള്ള കൊടുംക്രൂരതകളുടെയും നടക്കുന്ന അനുഭവങ്ങളാണ് ദിവസങ്ങള്‍ക്കു മുന്‍പു ഗാസയില്‍ നിന്നു മോചിപ്പിച്ച് ഇറാക്കില്‍ എത്തിച്ച ഫൗസിയ അമീന് സീദോ മാധ്യമങ്ങളുമായി പങ്കു വെച്ചത്. 2014 ഓഗസ്റ്റിലാണ് ഉത്തര ഇറാക്കിലെ നിനവെയിലെ സിന്‍ജാറില്‍ നിന്ന് മറ്റു പെണ്‍കുട്ടികള്‍ക്ക് ഒപ്പം അന്ന് പത്തു വയസുകാരിയായ ഫൗസിയയെ തട്ടിക്കൊണ്ടുപോയത്. യസിദി പുരുഷന്മാരെയും ബാലന്മാരെയും കൂട്ടക്കൊല ചെയ്തതിനുശേഷം യസിദി പെണ്‍കുട്ടികളെ ലൈംഗിക അടിമകളായി പിടിച്ചുകൊണ്ടു പോവുകയായിരുന്നു. ഒന്‍പതു മാസം ഭീകരരുടെ തടവില്‍ കഴിഞ്ഞ അവളെ നാലു തവണ സിറിയയില്‍ നിന്നുള്ള ഐ.എസ് ഭീകരര്‍ക്കു കൈമാറി. ക്രൂരമായി ലൈംഗിക പീഡനങ്ങള്‍ക്കും വിധേയയായ അവളെ പിന്നീട് 2015 ല്‍ സിറിയയിലെ റാഖായില്‍ വച്ച് ഐ.എസ് തീവ്രവാദിയായ പാലസ്തീന് യുവാവ് മയക്കുമരുന്ന് കൊടുത്ത് അവളെ ലൈംഗികമായി പീഡിപ്പിച്ചു. അയാളില്‍നിന്നു അവള്‍ക്കു 15 വയസ്സു തികയുന്നതിനു മുന്‍പു 2 കുട്ടികള്‍ ഉണ്ടായി. തുടര്‍ന്നു ആ ഭീകരന് മറ്റൊരാളെ വിവാഹം ചെയ്യുകയും ഫൗസിയയെ ക്രൂരമായ പീഢനത്തിനു ഇരയാക്കുകയും ചെയ്തു. അയാള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനുശേഷം അയാളുടെ അമ്മയോടൊപ്പം അവള് ഗാസയില്‍ എത്തുകയാണുണ്ടായത്. തീവ്രവാദിയില്നിന്നുള്ള രണ്ടു മക്കളുമായി എത്തുന്ന തന്നെ തന്റെ യസിദി സമൂഹം സ്വീകരിക്കുമോ എന്ന ഭയാശങ്കയാണ് ഗാസയില്‍ തുടരാന്‍ അവളെ പ്രേരിപ്പിച്ചത്. ഹമാസും യസിദികളെ വെറുപ്പോടെയാണ് കാണുന്നത്. ഒരിക്കല്‍ വീടിനു പുറത്തിറങ്ങി എന്ന കുറ്റത്തിനു തലയില്‍ തോക്കു ചൂണ്ടി വീടിനകത്തു കയറാന്‍ ഹമാസ് ഭീകരവാദി ഭീഷണിപ്പെടുത്തിയെന്നാണ് അവള് പറഞ്ഞത്. തടവിലായിരുന്ന സമയത്ത് ഒരിക്കല്‍ തനിക്കു തനിക്കൊപ്പം ഉണ്ടായിരുന്നവര്‍ക്കും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ തന്ന ഇറച്ചിക്കറി അവര്‍ കൊന്ന കുഞ്ഞുങ്ങളുടേതായിരുന്നുവെന്നും അക്കാര്യം അവര്‍ തന്നെ പിന്നീടു പറഞ്ഞുവെന്നും ഫൗസിയ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേല്‍ ഗാസയില്‍ ആക്രമണം തുടങ്ങിയപ്പോഴാണ് വീടിനു പുറത്തിറങ്ങാനും രക്ഷപെടാനും കഴിഞ്ഞത്.
കഴിഞ്ഞ 15 വര്‍ഷങ്ങളായി വിവിധ ഇസ്ലാമിക ഭീകര പ്രസ്ഥാനങ്ങള്‍ ആഗോളതലത്തില്‍ ക്രിസ്ത്യാനികളോടും ഇതര വംശജരോടും കാണിച്ചിട്ടുള്ള അവര്‍ണ്ണനീയമായ ക്രൂരതകള്‍ക്കും വംശ ഹത്യകള്‍ക്കും സമാനതകളില്ല. അവര്‍ നടത്തിയിട്ടുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ പലപ്പോഴും ലോകം അറിഞ്ഞിട്ടില്ല. പ്രത്യേകിച്ചും മലയാള മാധ്യമങ്ങള്‍ അവയെക്കുറിച്ച് കുറ്റകരമായ തമസ്ക്കരണം നടത്തി. ഈജിപ്റ്റിലും ഇറാക്കിലും സിറിയയിലും കഴുത്തറുക്കപ്പെട്ട ക്രൈസ്തവര്‍ അനേകരുണ്ട്. ബലാല്ക്കാരം ചെയ്യപ്പെട്ടവരുടെ നിലവിളികള്‍ ആരും കേട്ടില്ല. മാധ്യമങ്ങളുടെ രാഷ്ട്രീയ നിലപാടുകളിലെ ഇരട്ടത്താപ്പും നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനത്തിലുണ്ടായ കുറ്റകരമായ അപചയവും മലയാളികളെ പലപ്പോഴും വസ്തുനിഷ്ഠവും യഥാര്‍ത്ഥവുമായ മനുഷ്യാവകാശ ബോധ്യങ്ങളില്നിന്നു അകറ്റി നിര്‍ത്തിയിട്ടുണ്ട്. 2014 ല്‍
21-ാമത്തെ വയസ്സില്‍ ഇറാക്കില്‍ നിന്നു തട്ടിക്കൊണ്ടു പോകപ്പെട്ട യസിദി യുവതി നാദിയ മുറാദ് രക്ഷപ്പെട്ടു പുറത്തുവന്നതോടെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ചവിട്ടിയരച്ച ആയിരക്കണക്കിനു സ്ത്രീകള്‍ അനുഭവിച്ച കൊടും ക്രൂരതകളുടെ ആഴവും പരപ്പും ലോകം അറിഞ്ഞത്. കുടുംബത്തിലുള്ളവരെയെല്ലാം കൊന്നതിനുശേഷമാണ് ഭീകരര്‍ നാദിയയെ കൊണ്ടുപോയതും തീവ്രവാദികള്‍ അവളെ ബലാല്ക്കാരം ചെയ്തതും വില്പന നടത്തിയതും ലൈംഗിക വൈകൃതങ്ങള്‍ക്കു ഇരയാക്കിയതും. രക്ഷപ്പെട്ടശേഷം അവള് എഴുതിയ `ദ ലാസ്റ്റ് ഗേല്‍’ എന്ന പുസ്തകം പരിഷ്കൃത ലോകം വായിച്ചത് വലിയ ഞെട്ടലോടെയാണ്. അവള് അനുഭവിച്ച ക്രൂരതകളുടെ നേര്‍സാക്ഷ്യങ്ങള്‍ പത്രത്താളുകളിലൂടെ എഴുതാന്‍ പറ്റില്ലാത്തവിധം ഭയാനകമാണെന്നാണ് ദീപിക പത്രം ചൂണ്ടിക്കാണിച്ചത്. ഇസ്ലമിക തീവ്രവാദത്തിനെതിരെ നിലപാട് എടുക്കാത്തവര്‍ അത് രാഷ്ട്രീയക്കാരാണെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ ആണെങ്കിലും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആണെങ്കിലും അവര്‍ നടത്തുന്നത് കുറ്റകരമായ അനാസ്ഥ മാത്രമല്ല, ഒരര്‍ത്ഥത്തില്‍ കുറ്റകൃത്യത്തില്‍ പങ്കു ചേരലുമാണ്. കുഞ്ഞുങ്ങളെ കൊന്ന് ഇറച്ചിക്കറിയാക്കുന്നവരെ മനുഷ്യരെന്നു വിളിക്കാനാവില്ല. ഒപ്പം തീവ്രവാദത്തിനു മതമില്ലെന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം എല്ലാവരും മനസിലാക്കണം. മത തീവ്രവാദത്തിനെതിരായ ചെറുത്തുനില്പ് ആദ്യം ഉണ്ടാകേണ്ടത് അത് ഉടലെടുക്കുന്ന മതത്തില്‍ നിന്നായിരിക്കണം.
റവ. ഡോ. മാത്യു കുരിയത്തറ OSH