മുനമ്പത്തിനു സമഗ്രവും ശാശ്വതവുമായ പരിഹാരമാര്‍ഗമാണവശ്യം

വഖഫ്‌ അവകാശവാദത്തിന്റെ പേരില്‍ മുനമ്പത്തെ അറുനൂറിലധികം കുടുംബങ്ങള്‍ അനുഭവിക്കുന്ന പ്രതിസന്ധി പരിഹരിക്കുവാന്‍ ഗവണ്‍മെന്റ്‌ സത്വരമായി ഇടപെടേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. യഥാര്‍ത്ഥത്തില്‍ നിലവിലിരിക്കുന്ന വഖഫ്‌ നിയമം മൂലം കേരളത്തിലെ മുനമ്പത്തു മാത്രമല്ല പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്‌. കേരളത്തിലെ മറ്റു ചില പ്രദേശങ്ങളിലുള്ളവരും ഉത്‌കണ്‌ഠയിലായിട്ടുണ്ട്‌. മുനമ്പത്ത്‌ വഖഫ്‌ നിയമം ഉയര്‍ത്തുന്ന പ്രതിസന്ധിയില്‍ ജാതിമത ഭേദമില്ലാതെ അവിടുത്തെ താമസക്കാര്‍ ബുദ്ധിമുട്ടുമ്പോള്‍ അവരോടു ഐക്യദാര്‍ഢ്യം പുലര്‍ത്തുന്ന വൈദികര്‍ വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിക്കുന്നു എന്നു കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌ മന്ത്രി വി. അബ്‌ദു റഹ്‌മാന്റെ ആരോപണം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്‌. നീതി നിഷേധിക്കപ്പെടുന്നവരുടെയും അവഗണിക്കപ്പെടുന്നവരുടെയും പക്ഷത്തു നില്‌ക്കുവാനും അവരോടു ഐക്യദാര്‍ഢ്യപ്പെടുവാനുമുള്ള സഭയുടെ പ്രവാചക ദൗത്യത്തില്‍ അധിഷ്‌ഠിതമായ ഉത്തരവാദിത്വം മാത്രമാണ്‌ സഭയുടെ പുരോഹിതരില്‍ നിന്ന്‌ ഉണ്ടായിട്ടുള്ളത്‌. വര്‍ഷങ്ങള്‍ക്കു മുന്‍പു അധ്വാനിച്ചുണ്ടാക്കിയ, പോക്കുവരവു നടത്തി കൈവശപ്പെടുത്തി അനുഭവിച്ചു പോരുന്നതുമായ വസ്‌തു, തങ്ങളുടേതല്ലെന്നും അതിന്മേല്‍ വഖഫിനാണ്‌ അവകാശമെന്ന വാദവും ആ വാദത്തിന്റെ അടിസ്ഥാനത്തില്‍ കരം അടക്കാന്‍ പറ്റില്ല എന്ന തീരുമാനവുമെല്ലാം മുനമ്പത്തു വസിക്കുന്ന കുടുംബങ്ങളെ കണ്ണീരിലാഴ്‌ത്തുകയും ആശങ്കയിലേക്കു തള്ളി വിടുകയും ചെയ്‌തിരിക്കുന്നു വഖഫ്‌ അവകാശവാദങ്ങളെ തുടര്‍ന്ന്‌ തങ്ങളുടെ സ്വത്തും ജീവനോപാധികളും സംരക്ഷിക്കുന്നതിനുവേണ്ടി സമരത്തില്‍ മുനമ്പം നിവാസികള്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെ, പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങളുടെ നേതൃത്വത്തില്‍ വിവിധ മുസ്ലിം സംഘടനകള്‍ ഒരുമിച്ചു കൂടുകയും പ്രതികരണം അറിയിക്കുകയും ചെയ്‌തത്‌ സ്വാഗതാര്‍ഹമാണ്‌. കാര്യങ്ങള്‍ സാമുദായിക സ്‌പര്‍ദ്ധ ഉണ്ടാക്കുന്ന സാഹചര്യത്തിലേക്കു പോകാതെ, നിയമപരമായും വസ്‌തുതാപരമായും സര്‍ക്കാര്‍ വിഷയം പരിഹരിക്കാന്‍ മുന്‍കൈ എടുക്കണമെന്നാണ്‌ മുസ്ലീംലീഗ്‌ സംഘടനാഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടിരിക്കുന്നത്‌. എന്നാല്‍ മുസ്ലിം സംഘടനകള്‍ ഇക്കാര്യത്തില്‍ ഏകാഭിപ്രായക്കാരല്ല എന്നത്‌ മുനമ്പം നിവാസികളുടെ ഉത്‌കണ്‌ഠ വര്‍ദ്ധിപ്പിക്കുന്നു. മുസ്ലിം സര്‍വീസ്‌ സൊസൈറ്റിയുടെ സംസ്ഥാനകമ്മിറ്റി മുനമ്പം ഭൂമിക്കു മേലുള്ള അവകാശവാദം ആവര്‍ത്തിച്ചുകൊണ്ട്‌ പ്രസ്‌താവന ഇറക്കിയത്‌ ഒക്‌ടോബര്‍ 31-ാം തീയതിയാണ്‌. അതേ നിലപാട്‌ എസ്‌.ഡി.പി.ഐ യും പി.ഡി.പി യും പോലുള്ള സംഘടനകള്‍ ആവര്‍ത്തിച്ചു. മുനമ്പത്തെ ഭൂസംരക്ഷണ സമിതി പ്രതിനിധികള്‍ ന്യൂനപക്ഷ വകുപ്പ്‌ മന്ത്രി അബ്‌ദുല്‍ റഹ്മാനെ സമീപിച്ചപ്പോള്‍ മന്ത്രി സ്വീകരിച്ചതും മുനമ്പത്തേത്‌ വഖഫ്‌ ഭൂമിയാണെന്ന നിലപാടാണ്‌. മുനമ്പം നിവാസികളുടെ പൂര്‍വികര്‍ ഒരു നൂറ്റആണ്ടു മുന്‍പേ അവിടെ ജീവിച്ചവരാണെന്നിരിക്കേ, അവര്‍ താമസിക്കുന്നതു വില കൊടുത്തു വാങ്ങിയ വസ്‌തുവില്‍ ആണെന്നിരിക്കെ, അതു തെളിയിക്കുന്ന റവന്യു രേഖകള്‍ അവരുടെ കൈവശം ഉണ്ടെന്നിരിക്കെ, അന്യായമായ അവകാശവാദം വഖഫ്‌ ബോര്‍ഡ്‌ ഉപേക്ഷിക്കുകയാണ്‌ വേണ്ടത്‌. എന്നാല്‍ ഏതാനും ആഴ്‌ചകള്‍ക്കു മുന്‍പു കൊച്ചിയിലെ വഖഫ്‌ ആസ്ഥാനത്തു നടന്ന ചര്‍ച്ചയില്‍ വഖഫ്‌ ബോര്‍ഡ്‌ എടുത്ത നിലപാട്‌ “മുനമ്പത്തേത്‌ വഖഫ്‌ ഭൂമി തന്നെയാണ്‌, വിഷയത്തെ നിയമപരമായി നേരിടും” എന്നാണെന്ന്‌ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള വഖഫ്‌ ബോര്‍ഡില്‍ നിന്നു തന്നെവരുമ്പോള്‍ നീതിയുക്തമായ പരിഹാരം അകലെയാണോ എന്ന ആശങ്കയാണ്‌ സാമാന്യജനത്തിനുള്ളത്‌. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വച്ചിരിക്കുന്ന വഖഫ്‌ നിയമഭേദഗതി ബില്ലിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ (കേരളത്തിലെ ഇടതുപക്ഷവും വലതു പക്ഷവും) ഒരുപോലെ എതിര്‍ക്കുന്ന പശ്ചാത്തലത്തിലും പ്രസ്‌തുത ബില്ലിനെതിരെ കേരള നിയമസഭയിലെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ സമാജികരും ഐക്യകണ്‌ഠേന പ്രമേയം പാസാക്കുകയും ചെയ്‌ത സാഹചര്യത്തില്‍ മുനമ്പത്തെ പ്രതിസന്ധിയില്‍ കേരളത്തിലെ മുഖ്യധാര രാഷ്‌ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ച നിലപാട്‌ നീതിക്കു നിരക്കുന്നതാണെന്നു തോന്നുന്നില്ല. മുനമ്പം പ്രതിസന്ധി പരിഹരിക്കണമെന്നു കോണ്‍ഗ്രസ്‌ സര്‍ക്കാരിനോടു ആവശ്യപ്പെട്ടമ്പോഴും ഈ പ്രശ്‌നം ശാശ്വതമായി പരിഹരിക്കുമെന്നു കേരള മുഖ്യമന്ത്രി പറയുമ്പോഴും ഈ പ്രതിസന്ധിക്കു പിന്നില്‍ കാരണമായി വര്‍ത്തിച്ച നിയമത്തിലെ തെറ്റു തിരുത്തുന്നതിനെതിരെ നിലപാട്‌ എടുക്കുന്നത്‌ ഇരട്ടത്താപ്പായി കാണുന്നവരുണ്ട്‌. നിലവിലിരിക്കുന്ന നിയമത്തില്‍ തെറ്റുകളുണ്ടെങ്കില്‍, ആ തെറ്റുകളാണ്‌ നീതിരഹിതവും അന്യായവുമായ ഇത്തരം അവകാശവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വഴി തെളിക്കുന്നത്‌. ആയതുകൊണ്ട്‌ ആ തെറ്റുകള്‍ പരിഹരിക്കപ്പെടണം. ഒപ്പം ഭരണഘടന ഉറപ്പുതരുന്ന മതസ്വാതന്ത്ര്യത്തിനുമേലുള്ള നിയമങ്ങള്‍ ഒരു മത വിഭാഗത്തിന്റെ മേലും അടിച്ചേല്‌പ്പിക്കാനും പാടുള്ളതല്ല. കര്‍ണ്ണാടകയിലെ വിജയപുരയില്‍ 1200 ഏക്കര്‍ കൃഷി ഭൂമി വഖഫ്‌ ഭൂമിയായി വിജ്ഞാപനം ചെയ്‌തതിനെതിരെ ജനങ്ങള്‍ പ്രതിഷേധിച്ചമ്പോള്‍ നടപടി തിരുത്താന്‍ ഉടനടി കര്‍ണ്ണാടക സര്‍ക്കാര്‍ തീരുമാനമെടുത്തത്‌ അടുത്ത ദിവസമാണ്‌. നീതിനിഷ്‌ഠവും വസ്‌തുതാപരവും യുക്തവുമായ നിലപാടു സ്വീകരിച്ചുകൊണ്ടും നടപടികള്‍ക്കു നിര്‍ദ്ദേശം നല്‌കിക്കൊണ്ടും വളരെ മുന്‍പുതന്നെ പരിഹരിക്കാവുന്ന ഒരു വിവാദത്തെ ഇത്തരത്തിലുള്ള സങ്കീര്‍ണ്ണ പ്രശ്‌നമാക്കി വളരുവാന്‍ ഇടയാക്കിയ തില്‍ സര്‍ക്കാരിനും ഭരണപ്രതിപക്ഷ ഭേദമന്യേ ജനപ്രതിനിധികള്‍ക്കും പങ്കുണ്ടെന്നു കരുതുന്നവര്‍ ഏറെയാണ്‌. ആയതിനാല്‍ മതസൗഹാര്‍ദ്ദത്തിനും സാമൂഹിക സാമുദായിക സൗഹാര്‍ദ്ദത്തിനും കോട്ടം വരാതെ ഈ പ്രതിസന്ധി പരിഹരിക്കുവാന്‍, ഗവണ്‍മെന്റിനും മത-സാമുദായിക സംഘടനകള്‍ക്കുമുള്ള ഉത്തരവാദിത്വം നിറവേറ്റിക്കൊണ്ട്‌, മുനമ്പം പ്രതിസന്ധിക്കു എത്രയും പെട്ടെന്ന്‌ സമഗ്രവും ശാശ്വതവുമായ പരിഹാരം കാണുക തന്നെ വേണം.

                                                                                                                                    റവ. ഡോ. മാത്യു കുരിയത്തറ

Previous Post

സാക്രമെന്റോയില്‍ മിഷന്‍ ലീഗ് പ്രവര്‍ത്തനോദ്ഘാടനം നടത്തി

Next Post

മുനമ്പം ജനതയ്ക്ക് ഐക്യദാര്‍ഢ്യം

Total
0
Share
error: Content is protected !!