കോട്ടയം: കോട്ടയം അതിരൂപതയുടെ പുതിയ പ്രോ-പ്രോട്ടോ സിഞ്ചെലുസായി കടുത്തുരുത്തി ഫൊറോന പള്ളി വികാരി ഫാ. തോമസ് ആനിമൂട്ടില്‍ നിയമിതനായി. സിഞ്ചെലുസായി (പബ്ലിക് അഫയേഴ്‌സ്) ഫാ. മൈക്കിള്‍ വെട്ടിക്കാട്ടും കടുത്തുരുത്തി ഫൊറോന വികാരിയായി ഫാ. ജോണ്‍സണ്‍ നീലാനിരപ്പേലും നിയമിക്കപ്പെട്ടു. പ്രോ-പ്രോട്ടോസിഞ്ചെല്ലൂസായിരുന്ന ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ദീപിക എം.ഡി.യായി നിയമിക്കപ്പെട്ടതിനെതുടര്‍ന്നാണ് ആ സ്ഥാനത്തേക്ക് ഫാ. തോമസ് ആനിമൂട്ടില്‍ നിയമിതനായത്.
ഫാ. തോമസ് ആനിമൂട്ടില്‍ 1989 ഏപ്രില്‍ 13-ന് വൈദികപട്ടം സ്വീകരിച്ചു. തുടര്‍ന്ന് പുളിഞ്ഞാല്‍ പള്ളി വികാര്‍ ഇന്‍ചാര്‍ജായി നിമിക്കപ്പെട്ടു. അതിനുശേഷം റോമിലെ ഹോളി ക്രോസ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് കാനന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റ് നേടി. പിന്നീട് മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയുടെ സെക്രട്ടറിയായും ചാന്‍സിലറായും പ്രവര്‍ത്തിച്ചു. 1998-ല്‍ കണ്ണൂര്‍ ബറുമറിയം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടറായും മലബാര്‍ റീജിയന്‍ പ്രൊക്കുറേറ്ററായും സേവനം ചെയ്ത ശേഷം 2002-ല്‍ അമേരിക്കയിലെ ലോസാഞ്ചല്‍സിലുള്ള യു.സി.എല്‍.എ യൂണിവേഴ്‌സിറ്റിയില്‍നിന്നും ചാപ്ലയന്‍സിയില്‍ ഡിപ്ലോമ സമ്പാദിച്ചു. ലോസാഞ്ചല്‍സ്, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി എന്നീ ക്‌നാനായ മിഷനുകളുടെ ഡയറക്ടറായും കെ.സി.സി.എന്‍.എ സ്പിരിച്വല്‍ അഡൈ്വസറായും ഡയറക്ടറായും സേവനം അനുഷ്ഠിച്ചു. 2008-ല്‍ കാരിത്താസ് ഫിനാന്‍സ് ഡയറക്ടറായി ചാര്‍ജെടുത്തു. ആറുമാസത്തിനുശേഷം കാരിത്താസിന്റെ ഡയറക്ടറായി നിയമിക്കപ്പെട്ടു. 10 വര്‍ഷം ഡയറക്ടറായി സേവനംചെയ്ത കാലയളവ് കാരിത്താസിന്റെ വളര്‍ച്ചയുടെ പ്രധാന നാഴികക്കല്ലായിരുന്നു. തുടര്‍ന്ന് ഉഴവൂര്‍ ഫൊറോന വികാരിയായി അഞ്ചുവര്‍ഷം സേവനം ചെയ്തശേഷം കഴിഞ്ഞ 9 മാസമായി കടുത്തുരുത്തി ഫൊറോന വികാരിയായി പ്രവര്‍ത്തിക്കുമ്പോഴാണ് പുതിയ നിയമനം. അതിരൂപത വിവാഹകോടതി ജഡ്ജിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ദൈവദാസന്മാരായ മാര്‍ മാക്കീല്‍ പിതാവിന്റെയും പൂതത്തില്‍ തൊമ്മിയച്ചന്റെയും പ്രമോട്ടര്‍ ഓഫ് ജസ്റ്റീസായും പ്രവര്‍ത്തിക്കുന്നു. 9 വര്‍ഷം അതിരൂപത വൈദികസമിതി സെക്രട്ടറിയായിരുന്നു. നിലവില്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയാണ്.
പയ്യാവൂര്‍ ടൗണ്‍ പള്ളി ഇടവക ആനിമൂട്ടില്‍ പരേതരായ ജോസഫ്-ഏലി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഏലിയാമ്മ പുന്നച്ചന്‍ പുന്നോടത്ത് (റിട്ട. അധ്യാപിക), ചാക്കോ തിരൂര്‍, പരേതനായ ഫിലിപ്പ്, മാത്യു, ബേബി, ലൈസമ്മ ജോസഫ് കീഴേട്ടുകുന്നേല്‍ (വാതില്‍മട).
ഫാ. തോമസ് ആനിമൂട്ടില്‍ പ്രോ-പ്രോട്ടോ സിഞ്ചെല്ലൂസ് ,ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സിഞ്ചെല്ലൂസ്
