കോട്ടയം അതിരൂപതയിലെ വൈദികരുടെ വാര്‍ഷിക ധ്യാന വേളയില്‍ അതിരൂപതാ മെത്രാപ്പോലീത്ത മാത്യു മൂലക്കാട്ട് തൂവാനിസാ ധ്യാനകേന്ദ്രം ചാപ്പലില്‍ വെച്ച് വിശുദ്ധ മൂറോന്‍ കൂദാശ നടത്തി. അതിരൂപതാ മെത്രാപ്പോലീത്തയോടൊത്തുള്ള വൈദികരുടെ കൂട്ടായ്മയുടെയും ഐക്യത്തിന്റെയും പ്രതീകം കൂടിയായാണ് വൈദികരുടെ സാന്നിധ്യത്തിലുള്ള മൂറോന്‍ കൂദാശ പൗരസ്ത്യ പാരമ്പര്യത്തില്‍ നടത്തിവരുന്നത്.
മൂറോന്‍ എന്ന പദം ബൈസെന്റൈന്‍ പാരമ്പര്യത്തില്‍ നിന്ന് ഉടലെടുത്തതാണെങ്കിലും പൗരസ്ത്യ സുറിയാനി സഭകളിലെല്ലാം ഉപയോഗിക്കുന്ന പദമാണ്. വിശുദ്ധതൈലം എന്നാണര്‍ത്ഥമാക്കുന്നത്. ഓരോ പാരമ്പര്യത്തിലും ഈ കര്‍മ്മത്തിന് പ്രത്യേക ഒരുക്കവും തൈലം തയ്യാറാക്കുന്നതിനുതന്നെ പ്രത്യേക രീതിയും ഉണ്ട്. പൗരസ്ത്യ സുറിയാനി പാരമ്പര്യത്തില്‍ ഒലിവെണ്ണയാണ് മൂറോന്‍ കൂദാശയ്ക്ക് ഉപയോഗിക്കുന്നത്. മൂറോനും മൂറോന്‍ കൂദാശയും വിശുദ്ധഗ്രന്ഥ അടിസ്ഥാനത്തിലുള്ള ഒരു അനുഷ്ഠാനമാണ്. പഴയ നിയമത്തില്‍ പുരോഹിത ശ്രേഷ്ഠരെയും രാജാക്കന്മാരെയും അഭിഷേകം ചെയ്യുന്നത് മൂറോന്‍ പൂശിയാണ്. ദൈവസാന്നിധ്യമാണ് ഇതുകൊണ്ട് വ്യക്തമാക്കിയിരുന്നത്.
പൗരസ്ത്യ സുറിയാനി പാരമ്പര്യത്തില്‍ വിശുദ്ധ മൂറോന്‍ അഭിഷേക തൈലം എന്നാണ് മലയാളത്തില്‍ പറയുന്നത്. പരിശുദ്ധ റൂഹായുടെ പ്രതീകവും വാഹനവുമാണു വിശുദ്ധ തൈലം. മെത്രാനു മാത്രമാണ് തൈലം കൂദാശ ചെയ്യാന്‍ അവകാശമുള്ളത്. മെത്രാന്‍ ഒരു തൈലം മാത്രമാണ് കൂദാശ ചെയ്യുന്നത്. ശാരീരികവും മാനസികവും ആത്മീയവുമായ ആരോഗ്യം പ്രദാനം ചെയ്യുന്ന ഈ തൈലം മറ്റു തൈലത്തോട് ചേര്‍ത്താണ് വൈദികര്‍ കൂദാശകള്‍ നടത്തുന്നത്. വിശുദ്ധ മോറാന്‍ വളരെ പൂജ്യമായി കരുതുന്നു. അതു വിശുദ്ധ മദ്ബഹയില്‍ പ്രത്യേക സ്ഥലത്ത് സൂക്ഷിക്കണമെന്നും ആദരവോടെ കൈകാര്യം ചെയ്യണമെന്നുമാണ് ആരാധനക്രമ നിയമം. ഈ തൈലത്താല്‍ റൂശ്മ ചെയ്യപ്പെടുന്ന വ്യക്തികളും സ്ഥലങ്ങളും വിശുദ്ധവും പ്രത്യേകം വേര്‍തിരിക്കപ്പെടുന്നതും ആണെന്നു സഭ പഠിപ്പിക്കുന്നു.