ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണം ഉറപ്പാക്കണം

കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സക്കിടെ വനിത ഡോക്‌ടര്‍ വന്ദന ദാസിനെ അക്രമി കുത്തിക്കൊന്ന സംഭവം കേരളത്തെ ഒന്നടങ്കം ഞെട്ടിക്കുകയും കരയിക്കുകയും ചെയ്‌തു. ഏറെ പ്രതീക്ഷയോടെ ചികിത്സാരംഗത്തേക്കു കടന്നുവന്ന ഒരു യുവ ഡോക്‌ടര്‍, മാതാപിതാക്കളുടെ ഏക മകള്‍ക്കാണ്‌ ഈ ദാരുണാന്ത്യം ഉണ്ടായത്‌. പൊതുസമൂഹത്തിന്റെ ആരോഗ്യ പരിപാലനത്തിനും സൗഖ്യത്തിനുംവേണ്ടി ആതുര സേവനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കേണ്ടത്‌ പൊതുസമൂഹത്തിന്റെയും പ്രത്യേകിച്ചു ഗവണ്‍മെന്റിന്റെയും ബാധ്യതയാണെന്നിരിക്കെ, ആ ബാധ്യത നിറവേറുന്നതില്‍ നാം തികച്ചും പരാജയപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ചും പോലീസിന്റെ സാന്നിധ്യം ഉണ്ടായിട്ടുപോലും ഈ അരുംകൊല തടയാനായില്ല എന്നത്‌ തീര്‍ത്തും ലജ്ജാകരം തന്നെ. ഒരു ഡോക്‌ടര്‍ തന്റെ കൃത്യനിര്‍വ്വഹണത്തിനിടയില്‍ വധിക്കപ്പെട്ടുവെങ്കില്‍, നാം ഊതി പെരുപ്പിച്ചു കാണിക്കുന്ന കേരള മോഡല്‍ പോലും തികച്ചും പ്രഹസനമായി മാറുന്നു. മെയ്‌ പത്താം തീയതി പുലര്‍ച്ചെ നാലരയോടെ വൈദ്യപരിശോധനക്കായി കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ച നെടുമ്പന യു.പി. സ്‌കൂള്‍ അദ്ധ്യാപകന്‍ എസ്‌. സന്ദീപാണ്‌ നാടിനെ നടുക്കിയ ഈ കൃത്യം ചെയ്‌തത്‌. അദ്ദേഹം ലഹരിക്ക്‌ അടിമയാണെന്നു പറയപ്പെടുന്നു. യാതൊരു പ്രകോപനവും ഇല്ലാതെ, ഇത്തരത്തില്‍ ഒരു അധ്യാപകന്‍ പ്രവര്‍ത്തിച്ചത്‌ നമ്മുടെ നാട്ടില്‍ ലഹരിയുടെ ഉപയോഗം എത്രത്തോളം ആഴത്തില്‍ വേരൂന്നിയിരിക്കുന്നു എന്നതിന്റെ തെളിവാണ്‌. എല്ലാ ദിവസവും തന്നെ പോലീസും എക്‌സൈസും മയക്കുമരുന്നുകള്‍ പിടി കൂടുന്നുവെങ്കിലും പിടിക്കപ്പെടാതെ എന്തുമാത്രം മയക്കുമരുന്നാണ്‌ നമ്മുടെ നാട്ടില്‍ വിതരണം ചെയ്യപ്പെടുന്നത്‌. സാധാരണഗതിയില്‍ മാതൃകാപരമായ പെരുമാറ്റം പ്രതീക്ഷിക്കുന്ന അദ്ധ്യാപകന്‍ പോലും ലഹരിക്ക്‌ അടിമയാണെങ്കില്‍, നാം എത്തി ചേര്‍ന്ന അധഃപതനത്തിന്റെ ആഴം എത്രയോ വലുതെന്ന്‌ അനുമാനിക്കാവുന്നതേയുള്ളൂ.
അതിക്രൂരവും നിന്ദ്യവുമായ സംഭവത്തിനെതിരെ കടുത്ത പ്രതിക്ഷേധമാണ്‌ ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുള്ളത്‌. ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്‌ പ്രത്യേക സിറ്റിങ്ങില്‍ ചൂണ്ടിക്കാണിച്ചതുപോലെ രാജ്യത്ത്‌ മറ്റൊരിടത്തും നടക്കാത്ത കാര്യമാണ്‌ പ്രബുദ്ധ കേരളമെന്നു മേനി നടിക്കുന്ന നമ്മുടെ നാട്ടില്‍ നടക്കുന്നത്‌. ഗവണ്‍മെന്റിനും പോലീസിനുമെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച കോടതി, ഡോക്‌ടര്‍മാര്‍ക്കു സുരക്ഷ ഒരുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടിക്കൂടെ എന്നുവരെ വാക്കാല്‍ ചോദിക്കുകയുണ്ടായി. ശാന്തവും സമാധാനപൂര്‍ണ്ണവുമായ സാഹചര്യമില്ലെങ്കില്‍ ഡോക്‌ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തിക്കാനാകില്ലെന്നു കഴിഞ്ഞ ഡിസംബറില്‍ ഹൈക്കോടതി ചൂണ്ടിക്കാണിച്ചത്‌ ഇപ്പോള്‍ കൂടുതല്‍ പ്രസക്തമാകുന്നു. 2021 ജൂണ്‍ മുതല്‍ ഒന്നര വര്‍ഷത്തിനിടെ, ഡോക്‌ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള ആക്രമണങ്ങളുടെ പേരില്‍ 138 കേസുണ്ടായെന്ന ഞെട്ടിക്കുന്ന കണക്കാണ്‌ കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്‌. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 200-ഓളം ഡോക്‌ടര്‍മാര്‍ ആക്രമണത്തിനിരയായി. വനിത ഡോക്‌ടര്‍മാര്‍ക്കെതിരെ ലൈംഗിക ചുവയുള്ള അക്രമങ്ങള്‍ വരെ ഉണ്ടായിട്ടുണ്ടെന്നാണ്‌ സര്‍ക്കാര്‍ തന്നെ കോടതിയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. കോഴിക്കോട്ടെ ഫാത്തിമാ ആശുപത്രിയിലെ ഡോക്‌ടര്‍ക്കെതിരെ ഈയിടെയുണ്ടായ കൊലപാതക ശ്രമം ഞെട്ടിക്കുന്നതായിരുന്നു. പോലീസ്‌ ഇടപ്പെട്ടതുകൊണ്ടു മാത്രമാണ്‌ ഡോക്‌ടര്‍ക്കു ജീവഹാനി ഉണ്ടാകാതിരുന്നത്‌. എന്നാല്‍, സംഭവം ഉണ്ടായി ഒരാഴ്‌ച കഴിഞ്ഞിട്ടും പോലീസിന്റെ കണ്‍മുന്‍പില്‍ നടന്ന അക്രമത്തിന്റെ പേരില്‍ ആരും അറസ്റ്റിലായില്ലെന്നു പറയപ്പെടുന്നു. തങ്ങളുടെ മുന്‍പില്‍ വരുന്ന ഓരോ രോഗിയുടെ ജീവനും അമൂല്യമായി കണ്ടുകൊണ്ടു അടിയന്തിര ചികിത്സ നല്‍കുന്ന ഡോക്‌ടര്‍മാര്‍ക്ക്‌ നിര്‍ഭയം ആത്മവിശ്വാസത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യം സംജാതമാക്കാന്‍ ഗവണ്‍മെന്റിനും പൊതുസമൂഹത്തിനും ഉത്തരവാദിത്വമുണ്ട്‌. ആശുപത്രി സംരക്ഷണ നിയമം പരിഷ്‌ക്കരിച്ചുകൊണ്ട്‌ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഓര്‍ഡിനന്‍സ്‌ കഴിഞ്ഞ്‌ ദിവസം സര്‍ക്കാര്‍ പുറത്തിറക്കി. ഒരു ദുരന്തം ഉണ്ടായതിനുശേഷമല്ല ഇതുപോലുള്ള നിയമപരിഷ്‌ക്കരണങ്ങള്‍ ഉണ്ടാകേണ്ടത്‌. മയക്കുമരുന്നിനു അടിമപ്പെട്ട രോഗികളെ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനു പ്രത്യേക പ്രോട്ടോക്കോള്‍ ഉണ്ടാക്കുമെന്നു സംസ്ഥാന പോലീസ്‌ ഡി.ജി.പി.യും പറഞ്ഞിട്ടുണ്ട്‌. ഡോക്‌ടര്‍ വന്ദനയുടെ കൊലപാതകത്തിനുശേഷം മെയ്‌ 16 ന്‌ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ്‌ വന്ന യുവാവ്‌ ഹൗസ്‌ സര്‍ജനെ മര്‍ദ്ദിച്ചു. മദ്യ ലഹരിയിലായിരുന്നു ഈ യുവാവ്‌. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയല്ലാതെ തടയുന്നതിനു സര്‍ക്കാരിന്‌ കഴിയുന്നില്ലെന്നത്‌ ലജ്ജാകരമാണ്‌. അതുപോലെ പോലീസിന്റെ സാന്നിധ്യമുള്ളപ്പോള്‍ ഇപ്രകാരം ഒരു കൊലപാതകം നടന്നത്‌ നാടിനു നാണക്കേടാണ്‌. നിസാര നിയമലംഘനങ്ങളുടെ പേരില്‍പോലും പോലീസുകാര്‍ അതിരുവിട്ടു പ്രവര്‍ത്തിക്കുന്ന അനുഭവങ്ങള്‍ നമ്മുടെ മുന്‍പില്‍ നില്‌ക്കുമ്പോള്‍ ഒരു ബലപ്രയോഗത്തിലൂടെ ഈ പ്രതിയെ കീഴടക്കാനായില്ല എന്നതു പോലീസിനു നല്‌കുന്ന പരിശീലിനം കൂടി പരിഷ്‌ക്കരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കു വിരല്‍ ചൂണ്ടുന്നുണ്ട്‌. അതുപോലെ കൊട്ടാരക്കര താലൂക്കാശുപത്രി ഒരു റഫറല്‍ ആശുപത്രി ആയിരിക്കേ, അവിടെ കാഷ്വാലിറ്റിയില്‍ സംഭവിച്ച ഈ അത്യാഹിതത്തിനു മതിയായ ചികിത്സ ഒരുക്കാനായില്ല എന്നതും നാടിനു നാണക്കേടാണ്‌. ലഹരിയുടെ നിരാളി പിടുത്തത്തില്‍ നിന്നു ജനതയെ രക്ഷിക്കാനാവശ്യമായ ഊര്‍ജ്ജിതശ്രമങ്ങളും നടപടികളും താമസംവിനാ ഉണ്ടാകേണ്ടിയിരിക്കുന്നു. ലഹരിക്കടിമപ്പെട്ടു നമ്മുടെ തലമുറ തന്നെ നശിക്കുന്ന സാഹചര്യം എന്തു വിലകൊടുത്തും ഒഴിവാക്കണം.

Previous Post

അറ്റ്ലാന്‍്റയില്‍ മാതൃദിനം ആഘോഷിച്ചു

Next Post

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് വന്യജീവി ആക്രമണത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!