ഇറ്റലിയിലെ സര്‍ദേഞ്ഞക്കാരനായ ഇടയന്‍ ബെനിയമീനൊ സുന്‍ഖേദുവാണ് കൊലപാതകക്കുറ്റാരോപിതനായി 33 വര്‍ഷം കാരാഗൃഹത്തിലടയ്ക്കപ്പെടുകയും പിന്നീട് കുറ്റവാളിയല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് വിമോചിതനായതിനു ശേഷം പാപ്പായുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തത്.
കൊലപാതകിയായി മുദ്രകുത്തപ്പെട്ട് മുപ്പത്തിമൂന്നു വര്‍ഷം തടവില്‍ കഴിയേണ്ടിവന്ന ഇറ്റലിയിലെ സര്‍ദേഞ്ഞക്കാരനായ ഇടയന്‍ ബെനിയമീനൊ സുന്‍ഖേദുവിനെ ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ സ്വീകരിച്ചു.
താന്‍ 3 പേരെ കൊലചെയ്തുവെന്ന് നലക്‌പ്പെട്ട കള്ളസാക്ഷ്യത്തിന്റെ വെളിച്ചത്തില്‍ 1991-ല്‍, 26 വയസ്സു പ്രായമുള്ളപ്പോള്‍, അറസ്റ്റുചെയ്യപ്പെട്ട ബെനിയമീനൊ ഇപ്പോള്‍, അറുപതാം വയസ്സിലാണ് നിരപരാധിയാണെന്നു തെളിയുകയും ജയില്‍വിമോചിതനാവുകയും ചെയ്തത്.
തടവറയിലായിരുന്ന സമയത്ത് തന്റെ വക്കീലിന്റെ സഹായത്തോടെ രചിച്ച ”ഞാന്‍ നിരപരാധിയാണ്” എന്ന പുസ്തകത്തിന്റെ ഒരു പതിപ്പ് ബെനിയമീനൊ വെള്ളിയാഴ്ച (23/08/24) വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്ചാ വേളയില്‍ പാപ്പായ്ക്ക് സമ്മാനിച്ചു.
ഒരു ചെറിയ മുറിയില്‍ ചിലപ്പോഴൊക്കെ പതിനൊന്നു തടവുകാരോടൊപ്പം വരെ കഴിയേണ്ടി വന്നിട്ടുള്ളതും നിദ്രാവിഹീനങ്ങളായി രാത്രികള്‍ തള്ളിനീക്കേണ്ടി വന്നിട്ടുള്ളതുമുള്‍പ്പടെയുള്ള കഷ്ടപ്പാടുകളും അതു പോലെതന്നെ തന്നെക്കാള്‍ മോശമായ അവസ്ഥയിലായിരുന്നവരെ സഹായിക്കാനുള്ള അവസരം ലഭിച്ചതുപോലുള്ള നല്ല അനുഭവങ്ങളും തന്റെ പുസ്തകത്തില്‍ അദ്ദേഹം വിവരിച്ചിരിക്കുന്നു. തനിക്ക് തടവറയില്‍ ഇത്രയും നാള്‍ പിടിച്ചു നില്ക്കാന്‍ കഴിഞ്ഞത് ദൈവത്തിന്റെ അനുഗ്രഹവും കുടുംബത്തെക്കുറിച്ചുള്ള ചിന്തയും മൂലമാണെന്ന് ബെനിയമീനൊ പുസ്തകത്തില്‍ പറയുന്നു.