ഇലക്‌ടറല്‍ ബോണ്ടും സുതാര്യതയും

ജനാധിപത്യ രാജ്യമായ നമ്മുടെ രാജ്യത്തു രാഷ്‌ട്രീയ പാര്‍ട്ടികളുടെ നിലനില്‍പ്പും പ്രവര്‍ത്തന സ്വാതന്ത്രവും ജനാധിപത്യത്തിന്റെ നിലനില്‍പ്പിനു ആവശ്യമാണ്‌. രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കാകട്ടെ രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുന്നതിനു പണവും ആവശ്യമാണ്‌. എന്നാല്‍ ഏതു രാഷ്‌ട്രീയ പാര്‍ട്ടികള്‍ ആരില്‍ നിന്നൊക്കെ എത്ര പണം വാങ്ങി എന്ന്‌ അറിയാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്‌. രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യത നിലനിര്‍ത്തുന്നതിനും നിക്ഷിപ്‌ത താല്‌പര്യങ്ങള്‍ക്കും ലാഭങ്ങള്‍ക്കും വേണ്ടി രാഷ്‌ട്രീയ പാര്‍ട്ടികളെ പ്രീണിപ്പിക്കുന്ന സമീപനം കോര്‍പ്പറേറ്റുകളില്‍ നിന്നു ഉണ്ടാകാതിരിക്കേണ്ടതിനും പണം സ്വീകരിച്ചു പ്രത്യുപകാരം ചെയ്യുന്ന തരത്തിലുള്ള ചങ്ങാത്ത മുതലാളിത്തത്തിലേക്കു രാഷ്‌ട്രീയ പാര്‍ട്ടികളും കോര്‍പ്പറേറ്റുകളും ഒക്കെ എത്താതിരിക്കുന്നതിനും ഭരണത്തിന്റെ സ്വാധീനവും അധികാരവും ദുര്‍വിനിയോഗം ചെയ്‌തു ഭരണകൂടത്തെ നിയന്ത്രിക്കുന്ന പാര്‍ട്ടികള്‍ അമിതമായ പണം സമ്പാദിക്കുന്നതു തടയുന്നതിനുമെല്ലാം കൃത്യമായ നിയമനിര്‍മ്മാണം രാജ്യത്തിനു ആവശ്യമാണ്‌. എന്നാല്‍ നിയമം നിര്‍മ്മിക്കുന്ന ഭരണകൂടം തന്നെ ഇക്കാര്യത്തില്‍ സംശയത്തിന്റെ നിഴലില്‍ ആയാല്‍ രാജ്യത്തെ പരമോന്നത കോടതിക്കു ഇടപെടേണ്ടി വരും. ഇക്കഴിഞ്ഞ ഫെബ്രുവരി 15-ാം തീയതി ഇലക്‌ടറല്‍ ബോണ്ടു സമ്പ്രദായം അസാധുവാക്കിക്കൊണ്ട്‌ സുപ്രീംകോടതി അത്തരം ഒരിടപെടല്‍ നടത്തിയിരിക്കുകയാണ്‌.
2017 ല്‍ കേന്ദ്ര ഗവണ്‍മെന്റ്‌ ബഡ്‌ജറ്റിന്റെ ഭാഗമായി കൊണ്ടുവന്ന സംവിധാനമാണ്‌ ഇലക്‌ടറല്‍ ബോണ്ട്‌. 2017 നു മുന്‍പു 20000 രൂപയ്‌ക്കു മുകളില്‍ ലഭിക്കുന്ന ഫണ്ട്‌ പൊളിറ്റിക്കല്‍ പാര്‍ട്ടികള്‍ ഇലക്ഷന്‍ കമ്മീഷനെയും ഇന്‍കം ടാക്‌സ്‌ ഡിപ്പാര്‍ട്ട്‌മെന്റിനെയും അറിയിക്കണമായിരുന്നു. തങ്ങളുടെ കള്ള പണം വെളുപ്പിക്കാന്‍ വേണ്ടി പൊളിറ്റിക്കല്‍ പാര്‍ട്ടികള്‍ക്കു കമ്പനികള്‍, കോര്‍പ്പറേറ്റുകള്‍, വ്യക്തികള്‍ ഒക്കെ പണം കൊടുക്കും. അതുപോലെ ഭരണകൂടം തങ്ങള്‍ക്കു പണം തരാത്ത കമ്പനികളെയോ കോര്‍പ്പറേറ്റുകളെയോ പീഡിപ്പിക്കാം. ഇതൊക്കെ ഒഴിവാക്കാന്‍ വേണ്ടി മുന്‍ഗവണ്‍മെന്റിലെ മന്ത്രി അരുണ്‍ ജയ്‌റ്റലി കൊണ്ടുവന്ന സംവിധാനമാണിത്‌. ഈ സംവിധാനം അനുസരിച്ച്‌ 2000 രൂപ വരെ മാത്രമേ കാഷ്‌ ആയി രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കു വിതരണം ചെയ്യാനാവൂ. കൂടുതല്‍ തുക ഇലക്‌ടറല്‍ ബോണ്ടു സംവിധാനം വഴി മാത്രമേ പൊളിറ്റിക്കല്‍ പാര്‍ട്ടികള്‍ക്കു സ്വീകരിക്കാനാവൂ. ഇലക്‌ടറല്‍ ബോണ്ടു നല്‍കുന്നതിനു, നല്‌കുന്ന വ്യക്തികളോ കമ്പനികളോ കോര്‍പ്പറേറ്റുകളോ ബാങ്കില്‍ പണം നിക്ഷേപിച്ചു ഇലക്‌ടറല്‍ ബോണ്ടു എടുത്തു അതു കൊടുക്കുവാന്‍ ഉദ്ദേശിക്കുന്ന പാര്‍ട്ടികള്‍ക്കു നല്‍ക്കുകയും പാര്‍ട്ടികള്‍ 15 ദിവസത്തിനകം അതു തങ്ങളുടെ അക്കൗണ്ടുകളില്‍ കാഷ്‌ ചെയ്യുകയും ചെയ്യണം. അങ്ങനെ വരവു വയ്‌ക്കാത്ത തുകകള്‍ പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ്‌ എത്തിച്ചേരുക. കള്ളപ്പണം നിയന്ത്രിക്കാന്‍ പറ്റുമെങ്കിലും ഇലക്‌ടറല്‍ ബോണ്ടു കൊടുക്കുന്നതാര്‌ വാങ്ങിക്കുന്നതാര്‌ എന്നത്‌ ഈ ചുമതല ഏല്‌പിച്ചിരിക്കുന്നത്‌ എസ്‌.ബി.ഐ പറയേണ്ടതില്ലാത്തതിനാല്‍ അതിനകത്ത്‌ സുതാര്യതയുടെ കുറവുണ്ട്‌. അതോടൊപ്പം തന്നെ ഒരു കമ്പനിക്കോ കോര്‍പ്പറേറ്റ്‌ സ്ഥാപനത്തിനോ തങ്ങളുടെ മൂന്നു വര്‍ഷത്തെ വരുമാനത്തിന്റെ 7.5 ശതമാനമേ പൊളിറ്റിക്കല്‍ ഫണ്ടിനു ഉപയോഗിക്കാവൂ എന്ന 2017 നു മുന്‍പുള്ള നിയന്ത്രണം ഇലക്‌ടറല്‍ ബോണ്ട്‌ സംവിധാനത്തില്‍ ഇല്ലാതായി. എത്ര തുക വേണമെങ്കിലും നല്‍കാമെന്ന സ്ഥിതിയായി. ഷെല്‍ കമ്പനികള്‍ക്ക്‌ എത്ര തുക വേണമെങ്കിലും നല്‍കാമെന്ന സ്ഥിതി അതുമൂലമുണ്ടാകാം. അതുപോലെ തന്നെ ഫോറിന്‍ കമ്പനികള്‍ക്കു പൊളിറ്റിക്കല്‍ ഫണ്ടിംങ്‌ പറ്റില്ലെന്ന പഴയ നിയമം നിലനില്‍ക്കുമ്പോഴും വിദേശ കമ്പനികളുടെ ഇന്ത്യയിലെ സബ്‌സിഡിയറി കമ്പനികള്‍ക്കു പണം നല്‍കാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഇതു വിദേശ രാജ്യങ്ങളുടെ ഭരണകൂടത്തിലെ ഇടപെടലിനും വിദേശ രാജ്യങ്ങളുടെ താല്‌പര്യമനുസരിച്ച്‌ ഭരണം നടത്തുന്നതിനുമുള്ള അനാരോഗ്യകരമായ സാഹചര്യം സംജാതമാക്കും. യഥാര്‍ത്ഥത്തില്‍ ഇലക്‌ടറല്‍ ഫണ്ടില്‍ സുതാര്യത ഉറപ്പു വരുത്തുവാന്‍ വേണ്ടി കൊണ്ടുവന്ന പരിഷ്‌ക്കാരം വേണ്ടത്ര സുതാര്യമല്ലെന്ന ആക്ഷേപമാണ്‌ ചിലര്‍ ഉയര്‍ത്തിയത്‌. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ തിരഞ്ഞെടുപ്പ്‌ സ്വതന്ത്രവും ന്യായയുക്തവുമായി (Free and Fair) നടക്കുന്നതിന്‌ ഇതു തടസ്സം നില്‌ക്കുമെന്നു ചിന്തിക്കുന്നവരുണ്ട്‌. അതുപോലെ തന്നെ ഇലക്‌ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ടുണ്ടായ മറ്റു നിയമഭേദഗതികള്‍ മണി ബില്ലില്‍ പെടുത്തി കൊണ്ടുവന്നതിനാല്‍ രാജ്യസഭയുടെ അംഗീകാരം വേണമെന്ന നിബന്ധനയുമില്ല. അത്തരത്തിലുള്ള ഒരു ഭരണഘടനാപ്രശ്‌നവും ഈ സംവിധാനത്തിലുണ്ടായി എന്ന്‌ ആക്ഷേപിക്കുന്നവരുണ്ട്‌. ഇത്തരത്തിലുള്ള ന്യൂനതകള്‍ ഒക്കെ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ അസോസിയേഷന്‍ ഓഫ്‌ ഡെമോക്രാറ്റിക്‌ റിഫോംസ്‌ സമര്‍പ്പിച്ച കേസിലാണ്‌ ഇലക്‌ടറല്‍ ബോണ്ടിനെ സംബന്ധിച്ച സകല വിവരങ്ങളും ഇലക്ഷന്‍ കമ്മീഷനെ അറിയിക്കണമെന്നും വിവരങ്ങളൊന്നും മറച്ചു വച്ചിട്ടില്ല എന്ന സത്യവാങ്‌മൂലം നല്‍കണമെന്ന്‌ അറിയിച്ചും, സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബഞ്ച്‌ ഉത്തരവിറക്കിയത്‌.
കോടിക്കണക്കിനു വരുന്ന സംഭാവന പണം രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ വഴി വിനിമയം ചെയ്യപ്പെട്ടു എന്നതു ഇലക്‌ടറല്‍ ബോണ്ടിന്റെ ഗുണവശമായി പറയാവുന്നതാണ്‌. എന്നാല്‍ സംഭാവനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന വ്യവസ്ഥ വച്ചതും നല്‍കാവുന്ന പണത്തിനു പരിധി വയ്‌ക്കാതിരുന്നതും അതിന്റെ ദോഷഫലങ്ങളായി വിലയിരുത്തപ്പെടുന്നു. ഒപ്പം ബോണ്ടു സമ്പ്രദായം ഏര്‍പ്പെടുത്തിയപ്പോള്‍ മുന്‍പു പണമായി നല്‍കിയിരുന്ന രീതി വിലക്കിയിരുന്നുമില്ല. അതിനാല്‍ കള്ളപ്പണത്തിന്റെ വരവു നിയന്ത്രിക്കാനാണ്‌ ബോണ്ടു രീതി കൊണ്ടുവന്നതെന്ന വാദം വേണ്ടത്ര പ്രസക്തമല്ലാതായി. ഇതൊക്കെ വിലയിരുത്തിയാണ്‌ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബഞ്ച്‌ ബോണ്ടു സമ്പ്രദായം അസാധുവാക്കിയത്‌.

Previous Post

കിടപ്പ് രോഗികളുടെയും വയോജനങ്ങളുടെയും സംഗമം ഒരുക്കി രാജപുരം ഇടവക

Next Post

ലോക ജലദിനാഘോഷവുമായി മാസ്സ് വനിതാ സ്വാശ്രയസംഘാംഗങ്ങള്‍

Total
0
Share
error: Content is protected !!