കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ഏഴാമത് ചരമവാര്‍ഷിക ദിനത്തില്‍ കോട്ടയം ക്രിസ്തുരാജ ക്നാനായ കത്തോലിക്ക മെത്രാപ്പോലീത്തന്‍ ദൈവാലയത്തില്‍ അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും അനുസ്മരണ പ്രാര്‍ത്ഥനയും നടത്തി. അചഞ്ചലമായി വിശ്വാസത്തോടെ ദൈവത്തില്‍ ആശ്രയിച്ച് ശക്തമായ അജപാലന നേതൃത്വം നല്കിയ കുന്നശ്ശേരി പിതാവിന്റെ നേതൃത്വത്തില്‍ ക്നാനായ സമൂഹം കൈവരിച്ച നേട്ടങ്ങള്‍ എക്കാലവും സ്മരണീയമാണെന്ന് വചനസന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. പിതാവു പകര്‍ന്നു തന്ന വിശ്വാസതീഷ്ണതയും പ്രബോധനങ്ങളും പ്രാവര്‍ത്തികമാക്കുവാന്‍ പ്രയത്നിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കത്തീഡ്രല്‍ വികാരി ഫാ. ജിതിന്‍ വല്ലര്‍കാട്ടില്‍, ചാന്‍സിലര്‍ ഫാ. തോമസ് ആദോപ്പിള്ളില്‍, പ്രൊക്കുറേറ്റര്‍ ഫാ. അബ്രാഹം പറമ്പേട്ട്, സെക്രട്ടറി ഫാ. ബിബിന്‍ ചക്കുങ്കല്‍, അസിസ്റ്റന്റ് വികാരി ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.