കോട്ടയം: ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷന്‍ നല്‍കുന്ന മികച്ച പൊതുജന സേവകനു നല്‍കുന്ന 2024-ലെ അവാര്‍ഡ്, പ്രശസ്ത ഭിഷഗ്വരനും, കോട്ടയം മെഡിക്കല്‍ കോളജ് മെഡിസിന്‍ വിഭാഗം മുന്‍ മേധാവിയുമായ ഡോ. മാത്യു പാറയ്ക്കലിന് സമ്മാനിക്കും.
ഈ മാസം 28-ന് വൈകുന്നേരം 4 മണിക്ക് കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ആദരണീയനായ ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ പ്രശസ്തിപത്രവും അമ്പതിനായിരം രൂപയുടെ ക്യാഷ് അവാര്‍ഡും സമ്മാനിക്കും.
ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് സിറിയക്ക് ജോസഫ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, ചങ്ങനാശ്ശേരി അതിരൂപതാ നിയുക്ത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. ഫൗണ്ടേഷന്‍ രക്ഷാധികാരി കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അനുസ്മരണ പ്രഭാഷണം നടത്തും.മാനേജിംഗ് ട്രസ്റ്റി തോമസ് ചാഴികാടന്‍ എകസ്.എം.പി , ട്രസ്റ്റിമാരായ മോന്‍സ് ജോസഫ് എം.എല്‍.എ., മുന്‍ അംബാസിഡര്‍ റ്റി.പി. ശ്രീനിവാസന്‍, ഷെവ. അഡ്വ. ജോയി ജോസഫ് കൊടിയന്തറ, പ്രൊഫ. രമണി തറയില്‍, സാവിയോ കുന്നശ്ശേരി എന്നിവര്‍ പങ്കെടുക്കും.
ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി അവാര്‍ഡ് ആദ്യം നല്‍കിയത് മരണാനന്തര ബഹുമതിയായി മുന്‍ മന്ത്രി കെ.എം. മാണിക്കാണ്. രണ്ടാം വര്‍ഷം ഹൃദയ ശസ്ത്രക്രിയ വിദഗ്ദ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും, കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആയിരുന്നു