അനുരഞ്ജന കൂദാശയിലൂടെ നവജീവിതത്തിലേക്ക്‌- മഹാ ജൂബിലി പഠന പരമ്പര

സി. ഡോ. ലിസ് മരിയ SVM

തിരുസഭയുടെ ആത്മീയവളര്‍ച്ചയ്ക്ക് ബലം പകരുന്ന ഏഴ് കൂദാശകളില്‍ സൗഖ്യം പകരുന്ന കൂദാശയാണ് കുമ്പസാരം/അനുരഞ്ജന കൂദാശ. കരുണാമയനായ ദൈവം ഈ കൂദാശയിലൂടെ മനുഷ്യനെ തന്റെ പാപഭാരത്തില്‍നിന്ന് വിമുക്തനാക്കുന്നു. തന്റെ പ്രിയ കുഞ്ഞിനോട് അമ്മയ്ക്ക് അനുഭവപ്പെടുന്ന സ്‌നേഹവും പരിഗണനയുമാണ് ഇവിടെ നാം കാണുന്നത്. പ്രഭാതത്തില്‍ കുഞ്ഞിനെ ഒരുക്കി ഭക്ഷണം കൊടുത്തതിനുശേഷം മണിക്കൂറുകള്‍ കഴിഞ്ഞ് കുഞ്ഞിനെ കാണുന്നത് മറ്റൊരു വിധത്തിലാവും. മുഖത്തും, ദേഹമാസകലവും അഴുക്കുമായി കടന്നുവരുന്ന അവനെ വാത്സല്യത്തോടെ സ്വീകരിച്ച് അഴുക്കുകള്‍ കഴുകിക്കളയുന്ന അമ്മയെപ്പോലെ, തിരുസഭാമാതാവ് കുമ്പസാരവേദിയിലൂടെ ദൈവമക്കളുടെ പാപക്കറകളെ കഴുകിക്കളയുവാന്‍ കാത്തിരിക്കുന്നു. കത്തോലിക്കാവിശ്വാസികളെ, പുതുജീവിതം നയിക്കാന്‍ സജ്ജരാക്കുന്ന ഈ കൂദാശയെ അക്രൈസ്തവര്‍പോലും വിസ്മയപൂര്‍വമാണ് വീക്ഷിക്കുന്നത്. സാഹിത്യകാരനായ എം.റ്റി. വാസുദേവന്‍നായരുടെ ‘വാരണാസി’ എന്ന നോവലില്‍ ഇപ്രകാരം കുറിച്ചിരിക്കുന്നു. ”അമ്പലങ്ങളിലും കുമ്പസാരക്കൂടുകള്‍ വച്ചാലെന്താ? വൃദ്ധനും പണ്ഡിതനുമായ ഒരാള്‍ കേള്‍ക്കുന്നു. ഏതാനും മണിക്കൂറുകള്‍ പറഞ്ഞാല്‍ തീരാത്ത പാപങ്ങളൊന്നും നമുക്കില്ല. പറയാന്‍ ഇടകിട്ടേണ്ടേ?” അക്രൈസ്തവരും അകത്തോലിക്കരും. അഭിലഷിക്കുന്ന ഈ ആത്മീയ വിരുന്നിനെ നാം എപ്രകാരം സ്വീകരിച്ചിരിക്കുന്നു എന്ന് വിചിന്തനം നടത്തേണ്ടിയിരിക്കുന്നു. തിരുസഭാപ്രബോധനങ്ങളുടെ വെളിച്ചത്തില്‍ അനുരഞ്ജനകൂദാശയെ ആഴത്തില്‍ മനസിലാക്കുവാനുള്ള ശ്രമമാണ് ഈ ലേഖനം.
ചരിത്രത്തിലൂടെ
മാമോദീസായിലൂടെ മിശിഹായില്‍ ജനിച്ച വിശ്വാസികള്‍ സ്ഥൈര്യലേപനത്തില്‍ ശക്തിപ്പെട്ട് വി. കുര്‍ബാനയിലൂടെ പോഷിതരാകുന്നു. ഈ പ്രാരംഭകൂദാശകളാല്‍ ലഭിക്കപ്പെട്ട നവജീവിതം പാപംമൂലം ദുര്‍ബലമാകാനും നഷ്ടപ്പെടാനും ഇടയുള്ളതിനാല്‍ ഈശോ തന്റെ സൗഖ്യദായക പ്രവൃത്തികള്‍ പരിശുദ്ധാത്മശക്തിയാല്‍ സഭയില്‍ കുമ്പസാരത്തിലൂടെയും രോഗീലേപനത്തിലൂടെയും തുടരണമെന്നാഗ്രഹിച്ചു. കര്‍ത്താവില്‍നിന്ന് സ്വീകരിച്ച അധികാരം സഭ വിനിയോഗിച്ചതിന് പല രൂപഭേദങ്ങളും സംഭവിച്ചിട്ടുണ്ട്. ആരംഭകാലത്ത് പരസ്യമായി പാപം ഏറ്റുപറയുന്ന പതിവായിരുന്നെങ്കില്‍ പില്‍ക്കാലത്ത് സഭയുടെ പ്രതിനിധിയായ വൈദികന്റെ പക്കല്‍ പാപം ഏറ്റുപറയുന്ന രീതി നിലവില്‍ വന്നു. ആരംഭകാലങ്ങളില്‍ പരസ്യകുമ്പസാരത്തിന് കഠിനമായ പ്രായശ്ചിത്തം നല്‍കപ്പെട്ടിരുന്നു. അതിനാല്‍ പ്രായ്ശ്ചിത്തകൂദാശ എന്ന പേരില്‍ ഈ കൂദാശ അറിയപ്പെട്ടിരുന്നു. കാലാന്തരത്തില്‍ പാപം ഏറ്റുപറഞ്ഞ് വരപ്രസാദം തിരികെ നേടുക എന്നതിനായിരിക്കണം പ്രാധാന്യം നല്‌കേണ്ടത് എന്ന് മനസിലാക്കി രഹസ്യകുമ്പസാരം എന്ന രീതി നിലവില്‍വന്നു. അയര്‍ലണ്ടിലെ സന്ന്യാസ ഭവനങ്ങളില്‍ ആരംഭിച്ച ഈ രീതി ഏഴാം നൂറ്റാണ്ടോടെ സാര്‍വത്രികമായ അംഗീകാരം നേടുകയായിരുന്നു. തുടര്‍ന്നുവന്ന ഫ്‌ളോറന്‍സ് സൂനഹദോസും (1439) ത്രെന്തോസ് സൂനഹദോസും (1545-1563) രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും വൈദികന്റെ മുമ്പില്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞ് പാപമോചനം സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെ സ്ഥിരീകരിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലോടെ ഏറ്റുപറച്ചിലിനേക്കാളും, പ്രായ്ശ്ചിത്താനുഷ്ഠാനത്തേക്കാളും ഊന്നല്‍, ദൈവവും സഭയും സകലരുമായുമുള്ള അനുരഞ്ജനമാണ് എന്ന് വ്യക്തമാക്കപ്പെട്ടതിനാല്‍ ഈ കൂദാശയെ അനുരഞ്ജനകൂദാശ എന്നു വിളിച്ചുതുടങ്ങി. ഇന്ന്, കുമ്പസാരം എന്ന കൂദാശ അതിന്റെ പ്രത്യേക ദൗത്യവും ധര്‍മവുമനുസരിച്ച് അനുതാപകൂദാശ, അനുരഞ്ജന കൂദാശ, ക്ഷമയുടെ കൂദാശ, ഏറ്റുപറച്ചിലിന്റെ കൂദാശ, മാനസാന്തര കൂദാശ എന്നിങ്ങനെയുള്ള പേരുകളിലും അറിയപ്പെടുന്നു.
കാര്‍മ്മികന്‍
ഉത്ഥാനദിവസം കര്‍ത്താവ് ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷനായി പറഞ്ഞ ”നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോട് ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും.” എന്ന വചനമാണ് (യോഹ. 20, 20-23) അനുരഞ്ജന കൂദാശയ്ക്ക് അടിസ്ഥാനം. ഈശോ ശിഷ്യന്‍മാരെ ഭരമേല്പിച്ച ഈ ശുശ്രൂഷ, അവരുടെ പിന്‍ഗാമികളായ മാര്‍പാപ്പമാരും, മെത്രാന്‍മാരും, വൈദികരും ഇന്ന് സഭയില്‍ സഭാനിയമങ്ങള്‍ക്കനുസൃതമായി തുടര്‍ന്നുകൊണ്ടിരിക്കുന്നു. സാധാരണയായി, ഏതാനും ചില പാപങ്ങള്‍ ഒഴികെ മറ്റെല്ലാം വൈദികര്‍ക്ക് മോചിക്കാവുന്നതാണ്. ചില പാപങ്ങള്‍ മാര്‍പാപ്പായ്ക്കും മറ്റ് ചിലത് മെത്രാന്‍മാര്‍ക്കും മാത്രമേ മോചിക്കാവൂ. സഭയില്‍ ചില പാപങ്ങള്‍ ഇങ്ങനെ നീക്കിവയ്ക്കാനുള്ള കാരണം, ഇവയുടെ ഗൗരവം അത്ര വലുതാണെന്ന് പാപികളെ ബോധ്യപ്പെടുത്താനാണ്. എന്നാല്‍, മരണാസന്ന നിലയില്‍ ഒരാളുടെ ഏതുപാപവും മോചിക്കുവാന്‍ ഏതു വൈദികനുമാകും. കുമ്പസാരത്തില്‍ അറിയപ്പെട്ട പാപങ്ങളെ സംബന്ധിച്ചുള്ള പരിപൂര്‍ണ രഹസ്യം കാത്തുസൂക്ഷിക്കാന്‍ ഓരോ കുമ്പസാരക്കാരനും കടപ്പെട്ടിരിക്കുന്നു. തിരിച്ചറിവിന്റെ പ്രായമെത്തിയ ഓരോ വിശ്വാസിയും വര്‍ഷത്തിലൊരിക്കലെങ്കിലും കുമ്പസാരിക്കാന്‍ കടപ്പെട്ടിരിക്കുന്നു.
അനുരഞ്ജന കൂദാശയിലെ
ഉള്‍ച്ചേരുവകള്‍
അനുരഞ്ജനകൂദാശയ്ക്ക് സാരാംശപരമായ രണ്ട് ഘടകങ്ങളുണ്ട്. 1. പരിശുദ്ധാത്മാവിന്റെ പ്രവര്‍ ത്തനം വഴി മാനസാന്തരത്തിന് വിധേയനാകുന്ന മനുഷ്യന്റെ പ്രവൃത്തികള്‍. 2. സഭയുടെ ഇടപെടലിലൂടെയുള്ള ദൈവത്തിന്റെ പ്രവൃത്തികള്‍. അതായത്, ഈശോയുടെ നാമത്തില്‍ മാപ്പ് നല്കുകയും പരിഹാരരീതി നിശ്ചയിക്കുകയും ചെയ്യുന്ന വൈദികന്‍ നല്‍കുന്ന പാപമോചനം. അനുതാപിയുടെ പ്രവൃത്തികള്‍ ഇവയാണ്: സശ്രദ്ധമായ ആത്മപരിശോധന, ചെയ്ത പാപങ്ങളെക്കുറിച്ചുള്ള പശ്ചാത്താപം, പാപം ആവര്‍ത്തിക്കുകയില്ല എന്ന ദൃഢപ്രതിജ്ഞ, വൈദികന്റെ മുമ്പിലുള്ള ഏറ്റുപറച്ചില്‍, വൈദികന്‍ നിര്‍ദ്ദേശിക്കുന്ന പ്രയ്ശ്ചിത്തം നിറവേറ്റല്‍.
പാപങ്ങളെക്കുറിച്ചുള്ള ആത്മപരിശോധനയും, പശ്ചാത്താപവും ഏറ്റുപറച്ചിലും ഒക്കെ വളരെയേറെ പ്രാധാന്യമര്‍ഹിക്കുമ്പോള്‍ പാപങ്ങളെ അവയുടെ ഗൗരവമനുസരിച്ച് ശരിയായി വിലയിരുത്തേണ്ടതാണ്. പാപങ്ങളെ അവയുടെ വിഷയത്തിന്റെയും അവ ലംഘിക്കുന്ന പുണ്യങ്ങളുടെയും കല്പനകളുടെയും അടിസ്ഥാനത്തില്‍ വേര്‍തിരിക്കാം. കൂടാതെ, അവയെ ചിന്തയുടെയോ, വാക്കിന്റെയോ, ഉപേക്ഷയുടെയോ പാപങ്ങളായും തരംതിരിക്കാം. ആദിമാതാപിതാക്കളുടെ പാപത്തിന്റെ ഫലമായി ദൈവികജീവന്‍ നഷ്ടമായ അവസ്ഥയില്‍, എല്ലാ മനുഷ്യനും പങ്കുചേരുകയും ജനനത്താലെ, അത് അവനിലേക്ക് കടന്നുവരുകയും ചെയ്യുന്നുവെന്ന് തിരുസഭ നമ്മെ പഠിപ്പിക്കുന്നു. ഇതാണ് ജന്മപാപം അഥവാ ഉത്ഭവപാപം. മാമോദീസ സ്വീകരിക്കുമ്പോള്‍ ഉത്ഭവപാപം നീങ്ങുകയും ദൈവികജീവന്‍ ലഭിക്കുകയും ചെയ്യുന്നു. നന്മയും തിന്മയും തിരിച്ചറിയാന്‍ പ്രായമായതിനുശേഷം സ്വന്തം മനസോടും അറിവോടുംകൂടി ചെയ്യുന്ന പാപമാണ് കര്‍മപാപം. ഇവ നാലുവിധത്തിലുണ്ട്. 1. വിചാരത്താല്‍, 2. വാക്കാല്‍, 3. പ്രവൃത്തിയാല്‍, 4. ഉപേക്ഷയാല്‍, കര്‍മപാപം നമ്മിലെ ദൈവികജീവനെ നഷ്ടമാക്കുന്നു.
പാപങ്ങളെ അവയുടെ ഗൗരവമനുസരിച്ച് മാരകപാപമെന്നും ലഘുപാപമെന്നും വേര്‍തിരിച്ചിരിക്കുന്നു. പൂര്‍ണമായ അറിവും സമ്മതവും കൂടാതെ ചെയ്യുന്നവയാണ് ലഘു പാപങ്ങള്‍. നമ്മിലെ ദൈവികജീവനെ പൂര്‍ണമായി നശിപ്പിക്കുന്നില്ലെങ്കിലും മാരകപാപത്തിലേക്ക് നയിക്കാന്‍ ഇടയുള്ളതിനാല്‍ അവയെ പരിവര്‍ജ്ജിക്കേണ്ടതാണ്. അതേസമയം, ദൈവപ്രമാണത്തിന്റെ ഗുരുതരമായ ലംഘനമാണ് മാരകപാപം. പൂര്‍ണമായ അറിവോടും സമ്മതത്തോടുംകൂടി ചെയ്യുന്ന പാപം മാരകപാപമാകും. നമ്മുടെ ആത്മാവിന്റെ വരപ്രസാദം നശിപ്പിച്ച് ആത്മാവിന്റെ ജീവനെ കൊല്ലുന്നതുകൊണ്ടാണ് ഇതിനെ മാരകപാപം എന്നു വിളിക്കുന്നത്.
അനുരഞ്ജന കൂദാശയ്ക്കായി ഒരുങ്ങുമ്പോള്‍, ദൈവകാരുണ്യം യാചിച്ച് ദൈവപ്രമാണങ്ങളും, തിരുസഭയുടെ കല്പനകളും മൂലപാപങ്ങളും, പരിശുദ്ധാരൂപിക്ക് എതിരായുള്ള പാപങ്ങളും, ദൈവസന്നിധിയില്‍ പ്രതികാരത്തിനായി ആവശ്യപ്പെടുന്ന പാപങ്ങളും വിലയിരുത്തി, ആത്മശോധന നടത്തേണ്ടതാണ്. കുമ്പസാരത്തില്‍ എല്ലാ പാപങ്ങളും വെളിപ്പെടുത്തണം. ഏതെങ്കിലും പാപം അറിഞ്ഞുകൊണ്ട് മറച്ചുവച്ചാല്‍ കുമ്പസാരം അയോഗ്യമായിത്തീരും, സൗഖ്യം ലഭിക്കുകയില്ല. ”എന്തെന്നാല്‍ രോഗി തന്റെ മുറിവ് ഡോക്ടറെ കാണിച്ചില്ലെങ്കില്‍ സൗഖ്യം ലഭിക്കുകയില്ലാത്തതുപോലെ.” ദൈവസ്‌നേഹത്തിനും സഹോദരസ്‌നേഹത്തിനും എതിരായി ചെയ്ത പാപങ്ങള്‍ പരിശുദ്ധാത്മ സഹായത്താല്‍ കണ്ടെത്തി, പൂര്‍ണമനസ്താപത്തിലൂടെ, മേലില്‍ ആ പാപത്തില്‍ വീഴാതിരിക്കാനുള്ള പ്രതിജ്ഞ ചെയ്ത്, വൈദികന്റെ പക്കല്‍ ഏറ്റുപറയുകയും, പ്രായ്ശ്ചിത്ത പ്രവൃത്തികള്‍ ചെയ്യുകയും ചെയ്യുന്നതുവഴി ദൈവത്തോടും സഹോദരങ്ങളോടും പ്രകൃതിയോടും തന്നോടുതന്നെയും അനുരഞ്ജനം സാധ്യമാക്കുകയും ദൈവമക്കളായി പുനര്‍ജ്ജനിക്കുകയും ചെയ്യുന്നു.
ഫലങ്ങള്‍
1. ദൈവവുമായുള്ള അനുരഞ്ജനം, അതിലൂടെ പാപങ്ങളുടെ മോചനം. 2. സഭയുമായുള്ള അനുരഞ്ജനം 3. കൃപാവരാവസ്ഥ നഷ്ടപ്പെട്ടെങ്കില്‍ അതിന്റെ പുനഃസ്ഥാ പനം 4. മാരകപാപങ്ങള്‍ വഴിയുണ്ടാകുന്ന നിത്യരക്ഷയില്‍നിന്നുള്ള ഇളവ് 5. പാപഫലമായി ഉണ്ടാകുന്ന കാലിക ശിക്ഷകളില്‍നിന്ന് ഭാഗികമായിട്ടെങ്കിലുമുള്ള ഇളവ് 6. സമാധാനവും മനഃസാക്ഷിയുടെ സ്വച്ഛതയും 7. ക്രൈസ്തവപോരാട്ടത്തിനുള്ള ആദ്ധ്യാത്മിക ശക്തികളുടെ വര്‍ദ്ധനവ്.
ഉപസംഹാരം
ധൂര്‍ത്തുപുത്രനെ ഇരുകരങ്ങളും നീട്ടി സ്വീകരിച്ച സ്‌നേഹപിതാവിന്റെ കരുണ തന്നെയാണ് അനുതാപത്തോടെ അനുരഞ്ജന കൂദാശയ്ക്കണയുന്ന ഓരോ പാപിയും അനുഭവിക്കുന്നത്. അനുതാപാര്‍ദ്രമായ ഹൃദയത്തോടെ പാപം ഏറ്റുപറയുമ്പോള്‍, ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന് മുഖം നോക്കാതെ കരുണ വര്‍ഷിക്കുന്നതുവഴി ദൈവവും സഹോദരങ്ങളുമായുള്ള അവന്റെ അകല്‍ച്ച ഇല്ലാതാവുകയും അവന്റെ ഹൃദയം ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ ‘കുമ്പസാരക്കൂടാ’കുന്ന കാരുണ്യക്കൂടാരം വിശുദ്ധജീവിതത്തിലേക്കുള്ള അഭയകേന്ദ്രമായി മാറുന്നു. ദൈവത്തിന്റെ കരുണാര്‍ദ്രസ്‌നേഹം അനുഭവിച്ച് കുറ്റബോധത്തില്‍നിന്ന് വിമുക്തരായി, ദൈവമക്കളുടെ സ്വാതന്ത്ര്യത്തില്‍ ജീവിച്ച് ഈശോമിശിഹായില്‍ നവജീവിതം നയിക്കുവാന്‍ നമുക്ക് പരിശ്രമിക്കാം. ഈ വര്‍ഷം ക്രിസ്തുമസിന് നമ്മുടെ ഓരോരുത്തരുടെയും ഹൃദയങ്ങളിലാവണം ഉണ്ണീശോ പിറക്കേണ്ടത് എന്ന ആഗ്രഹത്തോടെ, ഹൃദയങ്ങളെ നിര്‍മ്മലമാക്കാം, അനുരഞ്ജനകൂദാശയ്ക്കണയാം.

 

Previous Post

കെ.സി.വൈ.എല്‍ സെനറ്റ് യോഗവും ഫാ.മൈക്കിള്‍ വെട്ടികാട്ടിന് സ്വീകരണവും

Next Post

സീനിയര്‍ സിറ്റിസണ്‍സിനായി സെമിനാര്‍ നടത്തി

Total
0
Share
error: Content is protected !!