ക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണസമ്മേളനവും ക്നായിത്തോമാ ദിനാചരണവും കൊടുങ്ങല്ലൂരില്‍

കോട്ടയം: എ.ഡി 345 മാര്‍ച്ച് 7 ന് ക്‌നായിത്തോമായുടെയും ഉറഹാ മാര്‍ ഔസേപ്പിന്റെയും നേതൃത്വത്തില്‍ കൊടുങ്ങല്ലൂരിലേക്കു നടന്ന ചരിത്ര പ്രസിദ്ധമായ പ്രേഷിത കുടിയേറ്റത്തെ അനുസ്മരിച്ച് കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ അല്‍മായ സംഘടനകളായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്,ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ മുഖ്യപങ്കാളിത്തത്തോടെ ഇന്ന് മാര്‍ച്ച് 7 വ്യാഴാഴ്ച കൊടുങ്ങല്ലൂരില്‍ ‘കുടിയേറ്റ അനുസ്മരണ സമ്മേളനവും ക്‌നായി തോമാദിനാചരണവും’ സംഘടിപ്പിക്കുന്നു. അതിരൂപതയിലെ സമുദായ സംഘടനകളുടെ വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍ രാവിലെ 10.30ന് കോട്ടപ്പുറം കോട്ടയിലെത്തി പൂര്‍വ്വിക അനുസ്മരണ പ്രാര്‍ത്ഥന നടത്തും. തുടര്‍ന്ന് ക്നായി തോമാഭവനില്‍ കെ.സി.സി പ്രസിഡന്റ് പതാക ഉയര്‍ത്തുന്നതോടെ ദിനാചരണപരിപാടികള്‍ക്കു തുടക്കമാകും. രാവിലെ 1.15 ന് അതിരൂപതയിലെ പ്രതിനിധികള്‍ പങ്കെടുത്തി കോട്ടപ്പുറം ഹോളി ഫാമിലി ദൈവാലയത്തില്‍ കൃതജ്ഞതാബലിയര്‍പ്പിക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക്് കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നെത്തുന്ന ആളുകള്‍ കിനായിപ്പറമ്പിലുള്ള സമ്മേളനനഗരിയിലേക്ക് എത്തിച്ചേരും. 2.30 ന് യുവജനങ്ങള്‍ അതിരൂപതാപതാകയേന്തിയും ക്നാനായ സമുദായത്തിന്റെ തനതു വേഷവിധാനങ്ങളായ ചട്ടയും മുണ്ടും അണിഞ്ഞ വനിതകള്‍ മുത്തുക്കുടകളേന്തിയും പുരുഷന്മാര്‍ തലയില്‍ കെട്ടുമായി നടവിളികളോടെയും ക്നായിത്തോമാഭവനില്‍നിന്നും സമ്മേളനനഗരിയിലേക്ക് വിശിഷ്ട വ്യക്തികളെ ആനയിക്കും. തുടര്‍ന്ന് കെ.സി.ഡബ്ല്യു.എ. അംഗങ്ങള്‍ വേദിയില്‍ മാര്‍ഗ്ഗംകളി അവതരിപ്പിക്കും. കോട്ടപ്പുറം കോട്ടയ്ക്ക് സമീപം അതിരൂപത നിര്‍മ്മിക്കുന്ന ഓര്‍മ്മക്കൂടാരത്തിന്റെ അടിസ്ഥാനശില അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ആശീര്‍വ്വദിക്കും.
തുടര്‍ന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ക്നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണസമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, കോട്ടപ്പുറം രൂപതാ മെത്രാന്‍ റൈറ്റ് റവ. ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, കോട്ടയം അതിരൂപതാ സഹായമെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവര്‍ അനുഗ്രഹസന്ദേശങ്ങള്‍ നല്‍കും. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍, പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. എബ്രാഹം പറമ്പേട്ട്, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ മദര്‍ ജനറാള്‍ സിസ്റ്റര്‍ കരുണ എസ്.വി.എം, പാസ്റ്ററല്‍ കൗണ്‍സില്‍ അല്‍മായ സെക്രട്ടറി ബിനോയി ഇടയാടിയില്‍, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേല്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. എ.ഡി. 345 ല്‍ ദക്ഷിണ മെസൊപ്പൊട്ടോമിയ ദേശത്തുനിന്നും കൊടുങ്ങല്ലൂരില്‍ വന്നിറങ്ങി ഭാരത ക്രൈസ്തവ സഭയ്ക്ക് പുതുജീവനും സഭാസംവിധാനങ്ങളും ഒരുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ക്നാനായക്കാര്‍ എ.ഡി. 1524 ല്‍ കൊടുങ്ങല്ലൂരില്‍നിന്നും പൂര്‍ണ്ണമായി വിട്ടുപോന്നിട്ട് 2024 ല്‍ 500 വര്‍ഷം പൂര്‍ത്തിയാകുന്ന പശ്ചാത്തലത്തിലാണ് വിപുലമായ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

Previous Post

കള്ളാര്‍:  പള്ളിക്കര ലൂക്ക

Next Post

ഒടയംചാല്‍: മരോട്ടിക്കുഴിയില്‍ മേരി

Total
0
Share
error: Content is protected !!