പ്രിയപ്പെട്ട ക്‌നാനായ സഹോദരങ്ങളേ,
ക്‌നാനായ സമുദായം കഴിഞ്ഞ കാലങ്ങളില്‍ ഒത്തൊരുമിച്ചു വളര്‍ന്ന മാതൃകാപരമായ ചരിത്ര പശ്ചാത്തലത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടും നമ്മുടെയിടയില്‍ അന്തഃച്ഛിദ്രമുണ്ടാക്കുവാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ചിലര്‍ നടത്തുന്ന ശ്രമങ്ങളില്‍നിന്നു പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ജാഗ്രതാസമിതി പ്രസിദ്ധീകരിച്ച പ്രസ്താവനയ്ക്കും സമുദായ സംഘടനകളുടെ സംയുക്ത പ്രസ്താവനയ്ക്കും ക്‌നാനായ സമുദായ സംരക്ഷണസമിതിയുടെ എന്ന പേരില്‍ സാമാന്യമര്യാദ പുലര്‍ത്താതെ നല്‍കിയ മറുപടി ശ്രദ്ധയില്‍പ്പെടുകയുണ്ടായി.
പൊതുസമൂഹത്തിനു മുന്നില്‍ സമുദായത്തിനുണ്ടായേക്കാവുന്ന അവമതിപ്പ് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ അതിരൂപതാ ജാഗ്രതാ സമിതിയില്‍ നടന്ന കൂടിയാലോചനകള്‍ക്കു ശേഷമാണു സമിതി മേല്‍സൂചിപ്പിച്ച പ്രസ്താവന പ്രസിദ്ധീകരിച്ചത്. ഒക്ടോബര്‍ 13 – ന് നടത്തുമെന്നു പറയപ്പെടുന്ന പ്രതിഷേധ റാലി അനുചിതമാണെന്നും നിലവിലെ സഹചര്യങ്ങളില്‍ പൊതുസമൂഹത്തിന് മുന്നില്‍ ഒരു സമുദായമെന്ന നിലയില്‍ നാം അപമാനിക്കപ്പെടുകയും അപഹസിക്കപ്പെടുകയും ചെയ്യുമെന്നുള്ള പശ്ചാത്തലത്തില്‍നിന്നുമാണ് ആ എഴുത്ത് ഉണ്ടായത്. ജാഗ്രതാസമിതി ചെയര്‍മാനെന്ന നിലയിലാണ് സാധാരണ സ്വീകരിക്കുന്ന രീതിയില്‍ ഫാ. അബ്രാഹം പറമ്പേട്ടിന്റെ പേരില്‍ പ്രസ്താവന നല്കിയത്. അതില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും അതിരൂപതാ ജാഗ്രതാ സമിതിയിലെ ഉത്തരവാദിത്തപ്പെട്ട അംഗങ്ങള്‍ എന്ന നിലയില്‍ ഞങ്ങളുടെ ചുമതല തിരിച്ചറിഞ്ഞ് കൂട്ടുത്തരവാദിത്തത്തോടെ നല്‍കിയതാണ്. എന്നാല്‍ ധാര്‍മ്മിക മൂല്യങ്ങള്‍ അവഗണിച്ച് ബഹുമാനപ്പെട്ട വൈദികനെ ഒറ്റപ്പെടുത്തി അപമാനിക്കാനുദ്ദേശിച്ചുള്ള നീക്കം അപലപനീയമാണ്. കോട്ടയത്തായാലും മലബാറിലായാലും ലോകത്തെവിടെയായാലും ക്‌നാനായക്കാര്‍ ഒന്നാണെന്ന ചിന്ത മറന്ന് അദ്ദേഹത്തിന്റെ സേവന മേഖലകളെ പ്രാദേശികവത്കരിച്ച് ഭിന്നിപ്പ് സൃഷ്ടിക്കാനുളള നീക്കം അങ്ങേയറ്റം ഖേദകരമാണ്. ജാഗ്രതാസമിതി നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യവിരുദ്ധമാണ് എന്ന് വരുത്തിതീര്‍ക്കാന്‍, കുറെക്കാലമായി ചോദിക്കുന്ന, പല വേദിയിലും സന്ദര്‍ഭങ്ങളിലും വിശദവും യുക്തവുമായ മറുപടികള്‍ ആവര്‍ത്തിച്ച് നല്‍കിയ ചോദ്യങ്ങള്‍, വഴിപാടു പോലെ വീണ്ടും വീണ്ടും ചോദിച്ച്, പ്രബുദ്ധതയുള്ള ആളുകളെ തെറ്റിദ്ധരിപ്പിക്കാമെന്ന് കരുതരുത്. സംരക്ഷണസമിതിക്കു പുതിയ നേതൃത്വം വന്നപ്പോള്‍ പ്രത്യേകിച്ച് ഒന്നും പറയാനില്ലാത്തതുകൊണ്ട് തങ്ങളുടെ സംഘടനയെ ചലിപ്പിക്കാനും വളര്‍ത്താനുമുള്ള ഒരു അവസരമെന്ന നിലയില്‍ പഴയകാര്യങ്ങള്‍തന്നെ വീണ്ടും ആവര്‍ത്തിക്കുന്നു. തങ്ങള്‍ പറയുന്നതിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാണിച്ച് സത്യാവസ്ഥ ബോദ്ധ്യപ്പെടുത്തുന്നവരെ തുടരെത്തുടരെ വ്യക്തിഹത്യനടത്തി പ്രതിരോധത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇക്കൂട്ടരുടെ പ്രസ്താവന.
നവീകരണ സമിതി കേസും ബിജു ഉതുപ്പ് കേസും ഹൈക്കോടതിയില്‍ വിസ്താരത്തിന് വരാനിരിക്കെ, കോട്ടയം അതിരൂപതാധ്യക്ഷന് ക്‌നാനായക്കാരുള്ള ഇടങ്ങളിലെല്ലാം അജപാലനാധികാരം വ്യാപിപ്പിക്കാന്‍ ക്‌നാനായ ജനമൊന്നിച്ച് ഒപ്പിട്ട് റോമിന് നിവേദനം നല്‍കാനിരിക്കെ, എല്ലാവരും പ്രാര്‍ഥനാപൂര്‍വ്വം ഏകമനസ്സോടെ ഒന്നിച്ച് നില്‍ക്കേണ്ട ഘട്ടത്തില്‍, അപക്വമായും അടിസ്ഥാനരഹിതമായും ആശയ്ക്കുഴപ്പമുണ്ടാക്കുന്നവിധം ആളുകളെ തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചില പ്രശ്‌നങ്ങള്‍ ഉന്നയിച്ചും പര്‍വ്വതീകരിച്ചും നടത്തുന്ന പ്രതിഷേധ നീക്കം അനവസരത്തിലുള്ളതും അങ്ങേയറ്റം അപലപനീയവുമാണെന്ന് ഉറച്ച ബോദ്ധ്യത്തോടെ ഞങ്ങള്‍ ആവര്‍ത്തിക്കുന്നു.
പ്രിയരേ, വസ്തുതകള്‍ ബോധ്യപ്പെട്ട്, ക്‌നാനായ ജനതയുടെ നല്ല നാളെയെ പ്രതീക്ഷിക്കുന്ന സമുദായാംഗങ്ങള്‍, ഒക്ടോ. 13-ന് സംഘടിപ്പിക്കുമെന്ന് പറയപ്പെടുന്ന പ്രതിഷേധ റാലിയില്‍നിന്നു പിന്മാറണമെന്ന് ഹൃദയപൂര്‍വ്വം അഭ്യര്‍ഥിക്കുന്നു.
എന്ന് ജാഗ്രതാസമിതിക്കുവേണ്ടി,
ഫാ. ജോണ്‍സണ്‍ നീലാനിരപ്പേല്‍
ഫാ. മാത്യു കൊച്ചാദംപള്ളില്‍
ഫാ. ജിസ്‌മോന്‍ മഠത്തില്‍
അഡ്വ. ജിസ്‌മോള്‍ തൊണ്ണമ്മാവുങ്കല്‍
സി. സൗമി എസ്.ജെ.സി
അഡ്വ. അജി കോയിക്കല്‍
അഡ്വ. നവ്യ പഴുമാലില്‍
ശ്രീ. ടോം കരികുളം
ശ്രീ. പി.സി കുര്യാക്കോസ് പന്തല്ലൂര്‍
ശ്രീ. ജോണി തെരുവത്ത്
ഫാ. അബ്രാഹം പറമ്പേട്ട് (ചെയര്‍മാന്‍)