തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

കോട്ടയം: കോവിഡ് അതിജീവനത്തിന്റെ ഭാഗമായി സ്വയംതൊഴില്‍ സംരംഭങ്ങളിലൂടെ സ്വയം പര്യാപ്തതയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന തൊഴില്‍ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി 20 വനിതകള്‍ക്ക് തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ ലഭ്യമാക്കി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തയ്യല്‍ മെഷീന്‍ യൂണിറ്റുകളുടെ വിതരണോദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. ഉപവരുമാന പദ്ധതികള്‍ സാമ്പത്തിക സുസ്ഥിരതയ്ക്കും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ക്കും വഴിയൊരുക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുവന്‍ സഹായിക്കുന്ന ഉപവരുമാന പദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിലൂടെ തൊഴില്‍ രംഗത്ത് ആത്മ വിശ്വാസം വളര്‍ത്തിയെടുക്കുവാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. റോസമ്മ സോണി, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ബിന്‍സി സെബാസ്റ്റ്യന്‍, റ്റി.സി റോയി എന്നിവര്‍ പ്രസംഗിച്ചു. തയ്യല്‍ ജോലികള്‍ എളുപ്പത്തില്‍ ചെയ്യുവാന്‍ സാധിക്കുന്ന ഉഷ കമ്പനിയുടെ മോട്ടറോടുകൂടിയ തയ്യല്‍ മെഷീന്‍ യൂണിറ്റുകളാണ് വിതരണം ചെയ്തത്. കെ.എസ്.എസ്.എസിന്റെ കിടങ്ങൂര്‍, കടുത്തുരുത്തി, ചുങ്കം, ഉഴവൂര്‍ എന്നീ മേഖലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 20 വനിതകള്‍ക്കാണ് മെഷീനുകള്‍ ലഭ്യമാക്കിയത്.

 

Previous Post

ചെറുപുഷ്പ മിഷന്‍ലീഗ് പ്ലാറ്റിനം ജൂബിലി

Next Post

ആട് വളര്‍ത്തല്‍ പദ്ധതി ധനസഹായ വിതരണം നടത്തി

Total
0
Share
error: Content is protected !!