കോട്ടയം: സമൂഹത്തെ ആകമാനം സാരമായി ബാധിച്ചിരിക്കുന്ന മാരക വിപത്തായ ലഹരി വസ്തുക്കളുടെ ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വാശ്രയസംഘങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നു. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്രതല സന്നദ്ധ പ്രവര്‍ത്തകര്‍ക്കും കോര്‍ഡിനേറ്റേഴ്സിനുമായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാന് ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിച്ചു. സമൂഹത്തെ കാര്‍ന്ന് തിന്നുന്ന മാരക വിപത്തായ ലഹരിയുടെ അപകടം തിരിച്ചറിയുന്നതൊടൊപ്പം അതിനെ പ്രതിരോധിക്കുവാനുള്ള കൂട്ടായ പരിശ്രമങ്ങള്‍ എല്ലാതലങ്ങൡലും ഉണ്ടാകണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കുടുംബങ്ങളില്‍ തുടങ്ങി സാമൂഹിക പങ്കാളിത്തത്തോടെയുള്ള ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അത്യന്താപേക്ഷിതമാണെന്നും ലഹരിയുടെ വ്യാപനം തടയുവാന്‍ വനിതാ കൂട്ടായ്മകള്‍ക്ക് നിര്‍ണ്ണായക പങ്ക് വഹിക്കുവാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ബോധവല്‍ക്കരണ സെമിനാറിന് കോട്ടയം നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി എ.ജെ തോമസ് നേതൃത്വം നല്കി. അമ്മമാരുടെ പങ്കാളിത്തത്തോടെയുള്ള ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാലിക പ്രസക്തമാണെന്ന് ഡി.വൈ.എസ്.പി പറഞ്ഞു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ലീഡ് കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലായി സ്വാശ്രയസംഘ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു. അവബോധ പരിപാടികളോടൊപ്പം സ്വാശ്രയസംഘ ഗ്രൂപ്പുകളുടെയും ഫെഡറേഷനുകളുടെയും പങ്കാളിത്തത്തോടെ ലഹരി വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കും.