കാരുണ്യത്തില്‍ അധിഷ്ഠിതമായ സാഹോദര്യമാണ് ഓരോരുത്തരുടെയും ജിവിതത്തില്‍ വെളിച്ചം വീശുന്നത് – ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: കാരുണ്യത്തില്‍ അധിഷ്ഠിതമായ സാഹോദര്യമാണ് ഓരോരുത്തരുടെയും ജിവിതത്തില്‍ വെളിച്ചം വീശുന്നതെന്ന് കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കി വരുന്ന ജീവകാരുണ്യനിധി ചികിത്സാ സഹായ വിതരണ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപ്രതീക്ഷിതമായി ഉണ്ടാകുന്ന രോഗങ്ങളിലും പ്രയാസങ്ങളിലും ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകളെ കരുണയോടെ കാണുവാനും അവരുടെ ആവശ്യങ്ങള്‍ സ്വന്തമെന്ന് കരുതി സഹായിക്കുവാന്‍ കഴിയുമ്പോഴാണ് ലോകം കൂടുതല്‍ സുന്ദരമായി തീരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പരസ്പരം കരുതിയും സഹായിച്ചും മുന്‍പോട്ട് പോയെങ്കില്‍ മാത്രമെയുള്ളു ഈ കാലഘട്ടത്തിലെ വിഷമതകളെ അതിജീവിക്കുവാന്‍ സാധിക്കുകയുള്ളുവെന്നും ഈ ലക്ഷ്യം മുന്‍നിര്‍ത്തി നിരവധിയായ ക്ഷേമ പദ്ധതികളും സഹായങ്ങളും വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കെ.എസ്.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ്ജ് ആലീസ് ജോസഫ്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്‍, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ പ്രസംഗിച്ചു. ക്യാന്‍സര്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, കിഡ്‌നി രോഗങ്ങള്‍, കരള്‍, തലച്ചോര്‍ സംബന്ധമായ അസുഖങ്ങള്‍, പെട്ടെന്നുണ്ടാകുന്ന അപകടങ്ങള്‍ തുടങ്ങിയവ മൂലം ബുദ്ധിമുട്ടുന്ന നിര്‍ദ്ധന കുടുംബങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 151 വ്യക്തികള്‍ക്കാണ് ജീവകാരുണ്യനിധിയുടെ ഭാഗമായി ധനസഹായം ലഭ്യമാക്കിയത്.

Previous Post

രാജപുരം ഇടവകയില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു

Next Post

കലാപകാരികള്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണം-ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍

Total
0
Share
error: Content is protected !!