ഷിക്കാഗോ: ക്നാനായ റീജിയനിലെ 2024-2025 അക്കാഡമിക് വര്‍ഷത്തെ വിശ്വാസപരിശീലനത്തിനു തുടക്കം കുറിച്ചുകൊണ്ട് വിശ്വാസപരിശീലനവര്ഷം ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. അള്‍ജീരിയയുടെയും ട്യുണീഷ്യയുടെയും വത്തിക്കാന്‍ സ്ഥാനപതിയായി സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യമായി അമേരിക്കയില്‍ എത്തുന്ന കോട്ടയം അതിരൂപതാംഗമായ ആര്‍ച്ച് ബിഷപ്പ് മാര്‍. കുര്യന് വയലുങ്കല്‍ പിതാവാണ് ഷിക്കാഗോയിലെ ബെന്‍സന്‍വില്‍ ഇടവക യില്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. പുതിയതായി രൂപപ്പെടുത്തിയ വിശ്വാസ പരിശീലന ലോഗോയും പ്രകാശനം ചെയ്തു. ക്നാനായ റീജിയന് വികാരി ജനറല്‍ മോണ്‍. തോമസ് മുളവനാല്‍, ക്യാറ്റിക്കിസം ഡയറക്ടര്‍ ഫാ. ബീന്‍സ് ചേത്തലില്‍, ക്നാനായ റീജിയന് മതബോധനഡയറക്ടര്മാരുടെ സെക്രട്ടറിയായ സജി പൂതൃക്കയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.ക്നാനായ റീജിയണിലെ വിവിധ ഇടവകകളിലും മിഷനുകളിലും ഈ വര്‍ഷത്തെ വിശ്വാസ പരിശീലം ഈ മാസം ആരംഭിക്കും. ബെന്‍സന്‍വില്‍ ഇടവക കൈക്കാരന്മാരായ തോമസ്സ് നെടുവാമ്പുഴ, മത്തിയാസ് പുല്ലാപ്പളളില്‍, സാബു മുത്തോലം, കിഷോര്‍ കണ്ണാല, ജെന്സന് ഐക്കരപറമ്പില്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കി.
ലിന്‍സ് താന്നിച്ചുവട്ടില്‍ PRO