വയനാടിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രകൃതിദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു സുസ്ഥിര പുനരധിവാസം സാധ്യമാക്കുവാനുള്ള കേരള കത്തോലിക്കാസഭയുടെ പ്രവര്‍ത്തനങ്ങളോടു ചേര്‍ന്ന് ഊര്‍ജ്ജിതമായി പ്രവര്‍ത്തിക്കുവാന്‍ കോട്ടയം അതിരൂപതയുടെ അല്മായ സംഘടനയായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് തീരുമാനിച്ചു. പ്രസിഡന്റ് ബാബു പറമ്പടത്തുമലയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അതിരൂപതാ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനമുണ്ടായത്. ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കുവാനായി അതിരൂപതയുടെ നേതൃത്വത്തില്‍ ഇടവകകളില്‍ നടത്തുന്ന സാമ്പത്തിക സമാഹരണത്തില്‍ കെ.സി.സി അംഗങ്ങള്‍ സജീവമായി പങ്കെടുക്കും. കൂടാതെ വയനാട്ടിലെ പെരിക്കല്ലൂര്‍ ഫൊറോനയിലെ കെ.സി.സി യൂണിറ്റുകളിലൂടെ സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്നും എക്സിക്യൂട്ടീവ് യോഗം അറിയിച്ചു. ചാപ്ലെയിന്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറം, ട്രഷറര്‍ ജോണ്‍ തെരുവത്ത്, അതിരൂപതാ ഭാരവാഹികളായ ബിനു ചെങ്ങളം, ടോം കരികുളം തുടങ്ങിയവര്‍ പങ്കെടുത്തു.