കോട്ടയം അതിരൂപത 2016 മുതല്‍ നടപ്പിലാക്കിവരുന്ന കാരുണ്യദീപം പദ്ധതിയോടു ചേര്‍ന്ന് ബഹു. നെടുംതുരുത്തിപുത്തന്‍പുരയില്‍ മൈക്കിളച്ചന്‍ തന്റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി ചങ്ങലേരി ഫൊറോനയിലെ ചങ്ങലേരി, ചുള്ളിയോട്, മംഗലഗിരി, കാന്തളം, രാജഗിരി, അമരമ്പലം, മുണ്ടേരി, മൈലംപള്ളി ഇടവകകളിലെ വരുമാന മാര്‍ഗ്ഗമില്ലാത്തവരും തീര്‍ത്തും നിര്‍ദ്ധനരുമായ കുടുംബങ്ങള്‍ക്ക് നല്‍കുന്നതിനായി 15 ലക്ഷം രൂപ ലഭ്യമാക്കുന്നു. അതിരൂപതയുടെ മലബാറിലെ സാമൂഹ്യസേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയിലൂടെയാണ് പദ്ധതി നടപ്പിലാക്കുക. ചങ്ങലേരി ഫൊറോനയിലെ ഇടവകകളില്‍നിന്നും വാസയോഗ്യമായ വീടില്ലാത്ത കുടുംബങ്ങള്‍, വിധവകള്‍, ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, മാനസികമോ ശാരീരികമോ ആയ വെല്ലുവിളികള്‍ നേരിടുന്ന അംഗങ്ങളുളള കുടുംബങ്ങള്‍, സ്ഥിരമായി വരുമാനമുള്ള വ്യക്തി ഇല്ലാത്ത കുടുംബങ്ങള്‍, കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുവാന്‍ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ ഇവര്‍ക്കായിരിക്കും പദ്ധതിയില്‍ മുന്‍ഗണന ലഭിക്കുക. ഇടവകകളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിച്ച് നിര്‍ദ്ദിഷ്ട കമ്മിറ്റി തെരഞ്ഞെടുക്കുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസം 2500 രൂപ വീതം ബാങ്ക് അക്കൗണ്ട് വഴി മാസ്സില്‍ നിനും ലഭ്യമാക്കുന്നതാണ്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രില്‍ 28 ന് ചങ്ങലേരിയില്‍ നടത്തപ്പെടുന്ന കുടുംബസംഗമത്തില്‍ വച്ച് നിര്‍വ്വഹക്കപ്പെടും.