ചൈതന്യ കാര്‍ഷിക മേള – സ്വാശ്രയ സംഗമ ദിനം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിക്കുന്ന 25-ാമത് ചൈതന്യ കാര്‍ഷിക മേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും ആറാം ദിനം സ്വാശ്രയസംഗമ ദിനമായി ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് കൈപ്പുഴ മേഖല കലാപരിപാടികളും തേങ്ങാപൊതിയ്ക്കല്‍ മത്സരവും ‘രാജാറാണി’ പെയര്‍ ഡാന്‍സ് മത്സരവും നടത്തപ്പെട്ടു. മാനുഷിക മൂല്യങ്ങള്‍ ആധുനിക സമൂഹത്തില്‍ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെട്ട സെമിനാറിന് ഫാമിലി കൗണ്‍സിലര്‍ ഡോ. ഗ്രേയ്സ് ലാല്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ‘താടിവാല’ താടിസുന്ദരന്‍ മത്സരവും കാരിത്താസ് കോളേജ് ഓഫ് നേഴ്സിംഗ് & ഫാര്‍മസി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടിയും ഫ്യൂഷന്‍ നൈറ്റും അരങ്ങേറി.


കാര്‍ഷിക മേളയുടെ ഏഴാം ദിനമായ ഇന്ന് (ഫെബ്രവരി 8 ശനി) ഭക്ഷ്യസുരക്ഷ ദിനമായിട്ടാണ് ആചരിക്കുന്നത്. 12.30 ന് മലങ്കര മേഖല കലാപരിപാടികളും 1.00 മണിക്ക് ‘റിംഗ് മാസ്റ്റേഴ്സ്’ മത്സരവും 1.30 ന് ലയനതാളം സിനിമാറ്റിക് ഡാന്‍സ് മത്സരവും നടത്തപ്പെടും. 2.30 ന് നടത്തപ്പെടുന്ന ഭക്ഷ്യസുരക്ഷാ ദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍വ്വഹിക്കും. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് മുഖ്യപ്രഭാഷണം നടത്തും. നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ബൈജു എന്‍. കുറുപ്പ്, കേരള ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ ലതിക സുഭാഷ്, ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പി ബിജു കെ. സ്റ്റീഫന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത്, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ന്യൂജെന്റ് ജോസഫ്, നബാര്‍ഡ് കോട്ടയം ഡിസ്ട്രിക്റ്റ് ഡെവലപ്പ്മെന്റ് മാനേജര്‍ റെജി വര്‍ഗ്ഗീസ്, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി. റോയി, സെന്റ് വിന്‍സെന്റ് ഡി. പോള്‍ സൊസൈറ്റി കോട്ടയം അതിരൂപത പ്രസിഡന്റ് ടോമി നന്ദികുന്നേല്‍, കെ.എസ്.എസ്.എസ് വനിതാ സ്വാശ്രയസംഘ കേന്ദ്രതല പ്രസിഡന്റ് ലിസ്സി ലൂക്കോസ്, പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. 4.45 ന് കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് കോളേജ് ഓഫ് നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടി ‘ചിലമ്പൊലി’യും 6.30 ന് ചലച്ചിത്ര ടിവി താരങ്ങള്‍ അണിനിരക്കുന്ന മെഗാ ഷോയും നടത്തപ്പെടും.

 

Previous Post

കൈപ്പുഴ : ചാമക്കാലായില്‍ സി.എ മാത്യു

Next Post

കീഴൂര്‍: മുണ്ടുവേലി സൈമണ്‍

Total
0
Share
error: Content is protected !!