കോട്ടയം: ഫെബ്രുവരി 2 മുതല്‍ 9 വരെ തീയതികളില്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന 25-ാമത് ചൈതന്യ കാര്‍ഷികമേളയോടും സ്വാശ്രയ സംഘ മഹോത്സവത്തോടും അനുബന്ധിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിക്കേണ്ട പ്രദര്‍ശന വിപണന സ്റ്റാളുകളുടെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം നടത്തപ്പെട്ടു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പന്തല്‍ കാല്‍നാട്ട് കര്‍മ്മം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയും കോട്ടയം അതിരൂപത സഹായമെത്രന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേമും സംയുക്തമായി നിര്‍വ്വഹിച്ചു. തോമസ് ചാഴികാടന്‍ എക്‌സ്. എം.പി, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടറും ചൈതന്യ കാര്‍ഷികമേള ജനറല്‍ കണ്‍വീനറുമായ ഫാ. സുനില്‍ പെരുമാനൂര്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം, കോട്ടയം അതിരൂപത പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ റവ. ഡോ. മാത്യു മണക്കാട്ട്, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സ് സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, കോട്ടയം അതിരൂപത വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജിബിന്‍ മണലോടിയില്‍, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ഷെറിന്‍ കുരിക്കിലേട്ട്, കെ.എസ്.എസ്.എസ് – ചൈതന്യ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. സില്‍വര്‍ ജൂബിലി കാര്‍ഷിക മഹോത്സവത്തോടനുബന്ധിച്ച് കേരളത്തിലെ ഏറ്റവും വലിയ എച്ച്.എഫ് മൂരിയായ ബാഹുബലിയുടെ പ്രദര്‍ശനം, വിവിധ സംസ്ഥാനങ്ങളിലെ നാടന്‍ പശുക്കളുടെ പ്രദര്‍ശനം, സ്റ്റാച്ച്യു പാര്‍ക്ക്, കാര്‍ഷിക വിള പ്രദര്‍ശന പവിലിയന്‍, ചലച്ചിത്ര ടിവി താരങ്ങള്‍ അണിനിരക്കുന്ന കലാസന്ധ്യകള്‍, നാടകരാവുകള്‍, നാടന്‍പാട്ട് സന്ധ്യകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, കര്‍ഷക സംഗമവും ആദരവ് സമര്‍പ്പണവും, പെറ്റ് ഷോ, നൂറ് കണക്കിന് പ്രദര്‍ശന വിപണന സ്റ്റാളുകള്‍, സംസ്ഥാന തല അവാര്‍ഡ് സമര്‍പ്പണം, കാര്‍ഷിക കലാ മത്സരങ്ങള്‍, പുരാവസ്തു പ്രദര്‍ശനം, കാര്‍ഷിക പ്രശ്‌നോത്തരിയും സെമിനാറുകളും, സ്വാശ്രയസംഘ കലാവിരുന്നുകള്‍, പൗരാണിക ഭോജന ശാല, മെഡിക്കല്‍ ക്യാമ്പ്, പച്ചമരുന്നുകളുടെയും പാരമ്പര്യ ചികിത്സ രീതികളുടെയും പ്രദര്‍ശനം, പുഷ്പ ഫല വൃക്ഷാദികളുടെയും പക്ഷി മൃഗാദികളുടെയും പ്രദര്‍ശനവും വിപണനവും, പുരാവസ്തു പ്രദര്‍ശനത്തോടൊപ്പം വിവിധ രാജ്യങ്ങളിലെ കറന്‍സികളുടെയും സ്റ്റാമ്പുകളുടെയും പ്രദര്‍ശനം, നിര്‍ദ്ദന രോഗി ചികിത്സാ സഹായ പദ്ധതി തുടങ്ങി നിരവധിയായ ക്രമീകരണങ്ങാണ് ഒരുക്കിയിരിക്കുന്നത്.