കല്ലറ: സെന്റ് തോമസ് പഴയപള്ളിയുടെ ശതോത്തര രജതജൂബിലിയുടെ സമാപന ആഘോഷങ്ങളുടെ മുന്നോടിയായി വെച്ചൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക ദേവാലയാങ്കണത്തില്‍നിന്നാരംഭിച്ച വാഹനവിളംബര റാലി കൈപ്പുഴ ഫൊറോന വികാരി ഫാ. സാബു മാലിത്തുരുത്തേല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കഴിഞ്ഞുപോയ 125 വര്‍ഷത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കി 125 വണ്ടികളുടെ അകമ്പടിയോടെയാണ് വിളംബര ജാഥ നടത്തിയത്. കൈപ്പുഴ ഫൊറോനയിലെ ഒന്‍പത് പള്ളികളിലൂടെ നടത്തിയ ഈ വിളംബര ജാഥയ്ക്ക് അതത് പള്ളികളുടെ വികാരിയച്ചന്‍മാരുടെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണമാണ് നല്കിയത്. വാഹന വിളംബര ജാഥ വൈകിട്ട് 7.45-ഓടുകൂടി കല്ലറ പഴയപള്ളിയില്‍ എത്തിച്ചേര്‍ന്നു. കൂടാരയോഗ പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ ഓരോ കൂടാരയോഗത്തില്‍നിന്നും 7 വണ്ടികള്‍ വീതം ഇതിനായി എത്തിച്ചേരുകയും മുന്നൂറോളം ഇടവകക്കാര്‍ ഈ വിളംബരജാഥയില്‍ പങ്കെടുക്കുകയും ചെയ്തു. വികാരി ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി, അസി. വികാരി ഫാ. എബിന്‍ ഇറപുറത്ത്, കൈക്കാരന്മാര്‍, ജൂബിലി കമ്മിറ്റി കണ്‍വീനര്‍മാര്‍ എന്നിവര്‍ വാഹന വിളംബരഘോഷയാത്രയ്ക്ക് നേതൃത്വം നല്കി.