നഗര മധ്യത്തിലെ വനത്തിലേക്ക് പഠനയാത്ര നടത്തി സെന്റ്. മൈക്കിള്‍സിലെ കുട്ടി പോലീസ്

കടുത്തുരുത്തി: സെന്റ്.മൈക്കിള്‍സ് സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ എറണാകുളം നഗര മധ്യത്തിലെ വനമായ മംഗള വനം പക്ഷി സങ്കേത കേന്ദ്രത്തിലേക്ക് പഠനയാത്ര നടത്തി. സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിവന്നിരുന്ന ക്യാമ്പിന്റെ തുടര്‍ച്ചയായാണ് പഠനയാത്ര സംഘടിപ്പിച്ചത്. ഈ വര്‍ഷത്തെ അവധിക്കാല ക്യാമ്പിന്റെ തീം ‘സുസ്ഥിരവികസനം, സുരക്ഷിത ജീവിതം ‘ എന്നതായിരുന്നു. മനുഷ്യനെപ്പോലെ തന്നെ പ്രകൃതിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും, സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട് എന്ന തിരിച്ചറിവായിരുന്നു ഈ ദിവസങ്ങളില്‍ കേഡറ്റുകള്‍ നേടിയെടുത്തത്. വിവിധതരം മരങ്ങളും കണ്ടല്‍ക്കാടുകളും, മണ്ണിലെ ജീവികളും, ഇഴജന്തുക്കളും, ഷഡ്പദങ്ങളും, പാറിപ്പറക്കുന്ന പൂമ്പാറ്റകളും, ഉയര്‍ന്നു പറക്കുന്ന വലിയ പക്ഷികളും ഉള്‍പ്പെടുന്ന മംഗളവനം എറണാകുളം നഗര മധ്യത്തില്‍ ഹൈക്കോടതിയോട് ചേര്‍ന്ന് ടൗണിന്റെ ശ്വാസകോശമായി പ്രവര്‍ത്തിക്കുന്നു എന്ന തിരിച്ചറിവ് പുതിയ പാഠമായി കുട്ടികളെല്ലാവരും ഉള്‍ക്കൊണ്ടു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മൃഗങ്ങളെയും പക്ഷികളെയും സസ്യങ്ങളെയും സംബന്ധിക്കുന്ന അറിവുകളും, പക്ഷി നിരീക്ഷണത്തിന്റെ പുതിയ പാഠങ്ങളും കുട്ടികള്‍ക്ക് കൗതുകമായി. പരിസ്ഥിതി സംരക്ഷണത്തിന്റെ വ്യത്യസ്തവും പ്രായോഗികവുമായ മാതൃക കുട്ടികള്‍ക്ക് നവ്യാനുഭവം ആയെന്ന് ഹെഡ്മിസ്ട്രസ് സുജ മേരി തോമസ് പറഞ്ഞു. അധ്യാപകരായ ജിനോ തോമസ്, ചിക്കു ചാക്കോ, ബിന്‍സി മോള്‍ ജോസഫ് എന്നിവര്‍ പഠന യാത്രയ്ക്ക് നേതൃത്വം നല്‍കി.

 

Previous Post

വോളണ്ടിയേഴ്‌സ് സംഗമം സംഘടിപ്പിച്ചു

Next Post

ഒരു മരിയന്‍ കുടുംബയാത്രയ്ക്ക് പ്രര്‍ത്തനാനിര്‍ഭരമായ തുടക്കം

Total
0
Share
error: Content is protected !!