കാലവര്‍ഷക്കെടുതി: മുന്നൊരുക്കങ്ങള്‍ പാളിയോ?

അടുത്ത നാളുകള്‍ മുന്‍പുവരെ കേരളത്തില്‍ ഉഷ്‌ണതരംഗം ആയിരുന്നു. അതിന്റെ ഫലമായി പലര്‍ക്കും പൊള്ളല്‍ ഏല്‍ക്കുകയും ചിലര്‍ മരണപ്പെടുകയും ചെയ്‌തു. ഒരു മഴ കിട്ടിയിരുന്നെങ്കില്‍ എന്ന്‌ മലയാളി മനസുകൊണ്ട്‌ ആഗ്രഹിച്ച ദിനങ്ങള്‍. ഏതാനും ദിവസങ്ങള്‍ക്കുശേഷം വേനല്‍ മഴയും ഇപ്പോഴിതാ കാലവര്‍ഷവും ആരംഭിച്ചിരിക്കുന്നു. കാലവര്‍ഷം ആരംഭിക്കുന്നതിനു മുന്‍പു വേനല്‍ മഴയില്‍ തന്നെ കേരളത്തില്‍ തിരുവനന്തപുരത്തും തൃശൂരിലും എറണാകുളത്തുമൊക്കെ വെള്ളക്കെട്ടുമൂലം ജനജീവിതം ദുരിത്തിലായിരിക്കുന്നു. മെട്രോ നഗരമായ കൊച്ചിയിലും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ടുമൂലം വീടുകളില്‍ വെള്ളം കയറി. വീടുകളില്‍ താമസിക്കുന്നവര്‍ക്കു മാത്രമല്ല വഴിയോര കച്ചവടക്കാര്‍ക്കും ജീവിതം ദുരിതക്കയത്തിലായി. എല്ലാ വര്‍ഷവും മെയ്‌, ജൂണ്‍ മാസങ്ങളില്‍ സാധാരണയായി കാലവര്‍ഷം എത്തുന്നതാണ്‌ പതിവ്‌. കാലവര്‍ഷക്കെടുതികള്‍ നേരിടാന്‍ ആവശ്യത്തിനു മുന്നൊരുക്കങ്ങള്‍ അനിവാര്യമാണ്‌. പലപ്പോഴും മുന്നൊരുക്കങ്ങള്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാതെയും കാര്യക്ഷമതയോടുകൂടി നടത്താതെയും ജനങ്ങളെ ദുരിതത്തിലാക്കുന്ന രീതി പതിവു കാഴ്‌ചയാണ്‌. മഴക്കാലപൂര്‍വ ശുചീകരണത്തിനു ഓരോ വാര്‍ഡിനും അനുവദിക്കുന്ന തുക മൂന്നു ലക്ഷം രൂപയാണ്‌. 12 വര്‍ഷം മുന്‍പു നിശ്ചയിച്ച തുകയാണിത്‌. ഇതു തന്നെ വേണ്ടത്ര കാര്യക്ഷമമായി വിനിയോഗിക്കുന്നുണ്ടോ എന്നു സംശയിക്കുന്നവരുണ്ട്‌. തെക്കന്‍ ജില്ലകളില്‍ വ്യാപാരികള്‍ക്കും കൃഷിക്കാര്‍ക്കും ലക്ഷങ്ങളുടെ നഷ്‌ടം ഉണ്ടായി. മെട്രോ നഗരത്തിലെ എം.ജി റോഡ്‌, കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്റ്റാന്‍ഡ്‌, രവിപുരം, പനമ്പള്ളി നഗര്‍, തമ്മനം, പേട്ട, ഇടപ്പള്ളി, വടുതല പ്രദേശങ്ങളിലൊക്കെ വെള്ളം കയറി. അശാസ്‌ത്രീയമയ നിര്‍മ്മാണങ്ങളും ഓടകളുടെ അപര്യാപ്‌തതയും കനാലുകള്‍ വൃത്തിയാക്കത്തതും കൈയ്യേറ്റങ്ങളുമൊക്കെ വെള്ളക്കെട്ട്‌ രൂപപ്പെടുവാന്‍ കാരണമാകുന്നുണ്ട്‌. എല്ലാ വര്‍ഷവും കൊച്ചി അഭിമുഖീകരിക്കുന്ന ഈ പ്രശ്‌നത്തിനു ശാശ്വതമായ പരിഹാരം ഇന്നും സ്വപ്‌നങ്ങളില്‍ തന്നെ അവശേഷിക്കുന്നു. പലപ്പോഴും പല പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും കോടികള്‍ ചെലവിടുകയും ചെയ്‌തിട്ടും വഞ്ചി പിന്നെയും തിരുനക്കരെ തന്നെ എന്ന അവസ്ഥയാണുള്ളത്‌. അമൃത്‌, സ്‌മാര്‍ട്ട്‌ സിറ്റി, ഓപ്പറേഷന്‍ ബ്രേക്ക്‌ ത്രൂ തുടങ്ങി നിരവധി പദ്ധതികള്‍ക്കുവേണ്ടി കോടികള്‍ ചെലവഴിച്ചിട്ടും കൊച്ചിനഗരത്തെ ചൂഴ്‌ന്നു നില്‌ക്കുന്ന വെള്ളക്കെട്ടിനു പരിഹാരം കാണാന്‍ കഴിയുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിനും ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വമുണ്ട്‌. അതുപോലെ തന്നെ പൊതുസമൂഹവും കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറണം. ഏതു മാലിന്യവും എവിടെയും തോന്നും പടി ഉപേക്ഷിക്കുന്ന രീതി മാറ്റണം. മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയാത്തവിധം അതിതീവ്ര മഴയും മേഘവിസ്‌ഫോടനവും ഇപ്പോള്‍ കേരളത്തില്‍ പതിവായിരിക്കെ, അത്തരത്തിലുള്ള അടിയന്തര സാഹചര്യത്തെ കൈകാര്യം ചെയ്യാനുള്ള വൈദഗ്‌ധ്യം ഉണ്ടാകേണ്ടതുണ്ട്‌. ദീര്‍ഘവീഷണത്തോടെ സര്‍ക്കാരുകള്‍ ഇക്കാര്യം കൈകാര്യം ചെയ്യുകയും സമൂഹം ജാഗ്രതയോടെയും ഉത്തരവാദിത്വബോധത്തോടെയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
തോടുകളും കനാലുകളുമൊന്നും കേരളത്തിലെ മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മാലിന്യ മുക്തമാക്കിയിട്ടില്ല എന്നതാണ്‌ വസ്‌തുത. കുറെയൊക്കെ കെടുതികള്‍ കാലവര്‍ഷക്കാലത്തു പ്രതീക്ഷിക്കാമെങ്കിലും ഉത്തരവാദിത്വബോധത്തോടെ സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒപ്പം പൊതുസമൂഹവും പ്രവര്‍ത്തിച്ചാല്‍ അവയുടെ ആഘാതം കുറക്കാനാകും. മനുഷ്യര്‍ ഒളിച്ചു വെച്ചതെല്ലാം മഴ പുറത്തെടുത്ത കാഴ്‌ചയാണ്‌ നാം കാണുന്നത്‌. പഞ്ചായത്തുകളില്‍ അജൈവമാലിന്യശേഖരണം നടക്കുന്നുണ്ട്‌ എന്നതു ശ്ലാഘിക്കേണ്ട കാര്യമാണ്‌. ഈ സര്‍ക്കാരിന്റെ കാലത്ത്‌ അക്കാര്യത്തില്‍ കുറച്ചു പുരോഗതി ഉണ്ടായിട്ടുണ്ട്‌ എന്നു മനസിലാക്കുന്നു. ജൈവമാലിന്യം ഇവിടെ ഇടരുതെന്ന ബോര്‍ഡല്ലാതെ എവിടെ ഇടണമെന്ന നിര്‍ദ്ദേശമൊന്നും പലപ്പോഴും കാണുന്നില്ല. പ്രത്യേകിച്ചു നഗരങ്ങളിലും ഫ്‌ളാറ്റുകളിലുമൊക്കെ താമസിക്കുന്നവര്‍ക്കു ഇക്കാര്യത്തില്‍ ഏറെ പരിമിതികള്‍ ഉണ്ട്‌. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും അടിയന്തിര ശ്രദ്ധ ഉണ്ടായേ തീരൂ. അപകടാവസ്ഥയിലുള്ള വൃക്ഷങ്ങള്‍, മരച്ചില്ലകള്‍, പോസ്റ്റുകള്‍ തുടങ്ങിയവ നീക്കം ചെയ്യണമെന്നു നിര്‍ദ്ദേശിച്ചിരിക്കുന്നു. കാല്‍ നടക്കാരുടെ സുരക്ഷിതത്വം മലയോര ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച ബോധവല്‍ക്കരണം, വിനോദ സഞ്ചാര കേന്ദ്രങ്ങളിലുള്‍പ്പെടെ മുന്നറിയിപ്പു ബോര്‍ഡുകള്‍, പകര്‍ച്ചവ്യാധി പ്രതിരോധം എന്നീ ഒട്ടേറെ കാര്യങ്ങള്‍ വിഭാവനം ചെയ്‌തിട്ടും കാര്യമായൊന്നും നടന്നില്ലന്നതാണ്‌ വസ്‌തുത. റോഡില്‍ ഒരു മുന്നറിയിപ്പ്‌ ബോര്‍ഡു ഉണ്ടായിരുന്നെങ്കില്‍ കോട്ടയം കുറുപ്പന്തറ കടവില്‍ ഹൈദ്രാബാദ്‌ സ്വദേശികളുടെ കാര്‍ തോട്ടില്‍ വിഴുകയില്ലായിരുന്നു. ഭാഗ്യം കൊണ്ടു നാലു പേരുടെ ജീവന്‍ നഷ്‌ടമായില്ലാത്തത്‌ ആശ്വാസത്തിനു കാരണമായി എന്നു മാത്രം. കാലവര്‍ഷം കനക്കുന്നതോടെ പകര്‍ച്ചവ്യാധികളും ജലജന്യ രോഗങ്ങളും വ്യാപകമാകാനിടയുണ്ട്‌. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവ വ്യാപകമാകാനുള്ള സാധ്യത ഉണ്ട്‌. എറണാകുളം, തൃശൂര്‍, പത്തനംതിട്ട, കണ്ണൂര്‍, മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇത്തവണ മഞ്ഞപ്പിത്ത ഭീഷണി ശക്തമായിരുന്നു. ഇവയൊക്കെ പ്രതിരോധിക്കുന്നതില്‍ ശുചിത്വമാണ്‌ പ്രധാനം. കാലവര്‍ഷക്കെടുതികള്‍ നിയന്ത്രിക്കുന്നതില്‍ വ്യക്തമായ ആസൂത്രണവും കൃത്യമായ ഏകോപനവും അനിവാര്യമാണ്‌.

Previous Post

പൂഴിക്കോല്‍: മുകളേല്‍ എം. എം. ചുമ്മാര്‍

Next Post

ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു

Total
0
Share
error: Content is protected !!