മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരീക്ഷ ഇനിയും ഏറെ നീറ്റാകാനുണ്ട്‌

മെഡിക്കല്‍ ബിരുദ പ്രവേശന പരീക്ഷയായ നീറ്റ്‌ യു.ജി ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ദേശീയ പരീക്ഷ ഏജന്‍സിയായ നാഷണല്‍ ടെസ്റ്റിംഗ്‌ ഏജന്‍സിയെയും (എന്‍.ടി.എ) കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായ ഭാഷയില്‍ സുപ്രീംകോടതി വിമര്‍ശിക്കുകയുണ്ടായി. ചോദ്യപേപ്പര്‍ ചോര്‍ച്ച, ഗ്രേഡ്‌ മാര്‍ക്ക്‌ നല്‍കിയതിലെ അസ്വഭാവികത തുടങ്ങിയ കാര്യങ്ങള്‍ പരീക്ഷയുടെ പരിശുദ്ധിയെ ബാധിച്ചു എന്നാണ്‌ സുപ്രീംകോടതിയുടെ നിരീക്ഷണം. നമ്മുടെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മത്സരപരീക്ഷകളിലൊന്നായ നീറ്റിന്റെ ഫലം റദ്ദാക്കണമെന്ന ഹര്‍ജിയില്‍, പരീക്ഷ നടത്തിപ്പിന്റെ ചുമതലയുള്ള എന്‍.ടി.എയ്‌ക്കും കേന്ദ്ര സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ്‌ അയച്ചു. എന്നാല്‍ എം.ബി.ബി.എസ്‌ അടക്കമുള്ള കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനു കൗണ്‍സിലിംഗ്‌ അടക്കമുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരാകരിച്ചു. കൗണ്‍സിലിംഗ്‌ നിര്‍ത്തി വയ്‌ക്കില്ലെന്ന്‌ ജസ്റ്റിസുമാരായ അഹ്‌സനുദ്ദിന്‍ അമാനുല്ലയും വിക്രം നാഥും അഭിപ്രായപ്പെട്ടു. കേസ്‌ ജൂലൈ എട്ടിലേക്കു മാറ്റി വച്ചു. കഴിഞ്ഞ അഞ്ചിനു നടന്ന നീറ്റ്‌ പരീക്ഷയുടെ ഫലം റദ്ദാക്കണമെന്നും പുതിയ പരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയിലാണ്‌ സുപ്രീംകോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്‌. നടന്ന നീറ്റ്‌ പരീക്ഷ റദ്ദാക്കിയില്ലെങ്കിലും എന്‍.ടിഎയോടു വിശദീകരണം തേടിയതിന്റെ അടിസ്ഥാനത്തില്‍ പിന്നീടു വിശദമായ വാദം കേള്‍ക്കും. നീറ്റ്‌ യു.ജി യില്‍ ക്രമക്കേടു നടന്നുയെന്നും പുനഃപരീക്ഷ വേണമെന്നും ആവശ്യപ്പെട്ട്‌ ഗിവാംഗിമിശ്ര ഉള്‍പ്പെടെ പത്തു വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ്‌ കോടതി പരിഗണിച്ചത്‌. ബീഹാര്‍ സര്‍ക്കാരിനോടും സുപ്രീംകോടതി വിശദീകരണം തേടിയിട്ടുണ്ട്‌. ബീഹാറില്‍ പരീക്ഷ നടത്തിയതില്‍ ക്രമക്കേട്‌ നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു.
ചോദ്യപേപ്പര്‍ ചോര്‍ന്നെന്നും പലയിടത്തും അതു നേരത്തെ ലഭിച്ചുവെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു. 5-5-2024 ല്‍ നടന്ന പരീക്ഷയില്‍ 2406079 വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കു രജിസ്റ്റര്‍ ചെയ്യുകയും 2333297 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുകയും 1316268 പഠനത്തിനു യോഗ്യത നേടുകയും ചെയ്‌തു. പരീക്ഷ എഴുതിയ 67 വിദ്യാര്‍ത്ഥികള്‍ക്കു 720 ല്‍ 720 മാര്‍ക്കു ലഭിച്ചത്‌ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണെന്ന ഹര്‍ജിക്കാരുടെ വാദം പരിഗണിച്ച കോടതി, ഹര്‍ജി വേനലവധിക്കു ശേഷം ജൂലൈ എട്ടിനു പരിഗണിക്കാന്‍ മാറ്റി. പരീക്ഷയില്‍ ഗ്രേസ്‌ മാര്‍ക്ക്‌ നല്‍കിയതുള്‍പ്പെടെയുള്ള വിവാദങ്ങള്‍ അന്വേഷിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസം യു.പി.എസ്‌.സി മുന്‍ ചെയര്‍മാന്‍ അദ്ധ്യക്ഷനായ നാലംഗ സമിതി രൂപീകരിച്ചിട്ടുണ്ട്‌. പ്രസ്‌തുത സമിതിയോട്‌ ഒരാഴ്‌ചക്കുള്ളില്‍ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ക്രമക്കേട്‌ നടന്നിട്ടുണ്ടെങ്കില്‍ പുനഃപരീക്ഷ നടത്തണമോ എന്ന കാര്യത്തില്‍ അടുത്ത ആഴ്‌ച തീരുമാനം എടുക്കുമെന്നുമാണ്‌ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞത്‌. മത്സര പരീക്ഷകളിലെ സ്‌കോറുകളിലെ പൊരുത്തക്കേടുകളും ചില വിദ്യാര്‍ത്ഥികള്‍ക്കു മുന്തിയ പരിഗണന ലഭിച്ചതും കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഗ്രേസ്‌ മാര്‍ക്ക്‌ നല്‌കുന്നതില്‍ വ്യത്യാസമുണ്ടെന്നു തെലുങ്കാന, ആന്ധ്രപ്രദേശ്‌ എന്നിവിടങ്ങളില്‍ നിന്നുള്ള ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. നീറ്റ്‌ 2024 പരീക്ഷ എഴുതിയ 1600 വിദ്യാര്‍ത്ഥികളുടെ പരാതികള്‍ ഉന്നതാധികാര സമിതി വിശകലനം ചെയ്യണമെന്ന്‌ എന്‍.ടി.എ തീരുമാനിച്ചിരിക്കുന്നത്‌. ഒന്നാം റാങ്കുകാരുടെ എണ്ണം കുതിച്ചുയര്‍ന്നതോടൊപ്പം സമയം തീരുന്നതിനുമുന്‍പു പരീക്ഷ അവസാനിപ്പിച്ചതുവരെ നിരവധി പരാതികളാണ്‌ ഉയര്‍ന്നു വന്നത്‌. പരീക്ഷ നടത്തിപ്പ്‌ഏജന്‍സിയായ എന്‍.ടി.എയുടെ മറുപടികള്‍ പലപ്പോഴും തൃപ്‌തികരമായിരുന്നില്ല. 24 ലക്ഷം പേര്‍ എഴുതിയ ഇന്ത്യയിലെ ഏറ്റം പ്രധാനപ്പെട്ട മത്സര പരീക്ഷകളിലൊന്നായ നീറ്റ്‌ 2024, കുറച്ചുകൂടി നീറ്റായി നടത്തുന്നതില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ജാഗ്രത കാണിക്കേണ്ടിയിരുന്നു.
പരീക്ഷ എഴുതിയ 67 പേര്‍ 720 ല്‍ 720 മാര്‍ക്കും നേടി ഒന്നാം റാങ്കു കരസ്ഥമാക്കിയപ്പോള്‍ അതില്‍ ആറു പേര്‍ ഹരിയാനയിലെ ഒരേ കേന്ദ്രത്തില്‍ പരീക്ഷ എഴുതിയവരാണ്‌. മൂന്നേകാല്‍ മണിക്കൂറുള്ള പരീക്ഷയുടെ സമയം മൂന്നു മണിക്കുര്‍ എന്നു തെറ്റിദ്ധരിപ്പിച്ച്‌ മേല്‍നോട്ടം വഹിക്കുന്ന അദ്ധ്യാപകര്‍ പലരും പലയിടത്തും പരീക്ഷ അവസാനിപ്പിച്ചു. ജൂണ്‍ 14 ന്‌ പ്രസിദ്ധീകരിക്കാനിരുന്ന പരീക്ഷാഫലം തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്ന ജൂണ്‍ നാലിനു തന്നെ പ്രഖ്യാപിച്ചു. 2 മണി മുതല്‍ 5.20 വരെയാണു പരീക്ഷയുടെ സമയം എന്നിരിക്കെ നാലു മണിക്കു ചോദ്യപേപ്പര്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചോര്‍ന്നു. പോലീസ്‌ കേസ്‌ എടുത്തു. പോലീസ്‌ അന്വേഷണം നടക്കുന്നതിനിടെ തിരക്കിട്ട്‌ പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്‌ അട്ടിമറിയാണെന്ന്‌ ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല. എന്‍.സി.ഇ.ആര്‍ടി. ഫിസിക്‌സ്‌ പാഠപുസ്‌തകത്തിലെ ഉത്തരങ്ങളില്‍ പിഴവു വന്നതിനാല്‍ മുന്‍കോടതി വിധികളുടെ അടിസ്ഥാനത്തില്‍ കൊടുത്ത ഗ്രേസ്‌ മാര്‍ക്കാണ്‌ ഒന്നാം റാങ്കുകാരുടെ എണ്ണം കൂടാനുള്ള കാരണമെന്നാണ്‌ എന്‍.ടിഎയുടെ വിശദീകരണം. രണ്ടാം റാങ്കു ലഭിച്ചവര്‍ക്കു ഗ്രേസ്‌ മാര്‍ക്ക്‌ കൊടുക്കാന്‍ കാരണം പരീക്ഷ എഴുതാന്‍ സമയം ലഭിക്കാത്തതാണ്‌. സാധ്യമായ ഏറ്റവും കൂടിയ രണ്ടാമത്തെ മാര്‍ക്ക്‌ 716 ആണെന്നിരിക്കെ 718 ഉം 719 ഉം മാര്‍ക്കുകള്‍ എങ്ങനെ കൊടുക്കാനായി എന്ന ചോദ്യത്തിനു സമയനഷ്‌ടത്തിനു നല്‍കിയ കോമ്പന്‍സേഷന്‍ മാര്‍ക്കാണെന്ന വിചിത്രവാദമാണ്‌ എന്‍.ടി.എ നല്‍കിയത്‌. ഇല്ലാത്ത പണമുണ്ടാക്കി ഏറെ പ്രതീക്ഷയോടെ മാതാപിതാക്കളും വിദ്യാര്‍ത്ഥികളും എഴുതുന്ന മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരീക്ഷയില്‍ സംശയത്തിന്റെ കരിനിഴല്‍ വീഴാന്‍ അനുവദിച്ചുകൂടാ.

Previous Post

കത്തീഡ്രല്‍ തീര്‍ത്ഥാടന സഹായി പ്രകാശനം ചെയ്തു

Next Post

കെ.സി.വൈ.എല്‍ അംഗത്വകാമ്പയിന് തുടക്കം

Total
0
Share
error: Content is protected !!