ഭാരത റിപ്പബ്ലിക്കിനു അഭിമാനമുഹൂര്‍ത്തം

നമ്മുടെ റിപ്പബ്ലിക്കിന്റെ പതിനഞ്ചാമതു രാഷ്‌ട്രപതിയായി ദ്രൗപതി മുര്‍മു ജുലൈ 25-ന്‌ സത്യപ്രതിജ്ഞ ചെയ്‌തു സ്ഥാനമേറ്റത്‌ രാജ്യത്തിനു ഏറ്റവും അഭിമാനകരമായ നിമിഷമായിരുന്നു. രാജ്യത്തിന്റെ 75 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഗോത്രവര്‍ഗവിഭാഗത്തില്‍നിന്ന്‌ ഒരാള്‍ രാഷ്‌ട്രപതി പദവിയില്‍ എത്തുന്നത്‌. ഒഡീഷയിലെ മയൂര്‍ഭഞ്ച്‌ ജില്ലയിലെ റായ്‌റംഗ്‌പൂരിലെ സന്താള്‍ ഗോത്രവിഭാഗത്തില്‍നിന്ന്‌ ഒരാള്‍ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അമരക്കാരിയായതില്‍ രാജ്യം അഭിമാനിക്കുന്നു, സന്തോഷിക്കുന്നു. രാഷ്‌ട്രപതിയായിരുന്ന പ്രതിഭാപാട്ടീലിനുശേഷം വീണ്ടുമൊരു വനിത ഇന്ത്യയുടെ സര്‍വസൈന്യാധിപതിയാകുമ്പോള്‍ ഇന്ത്യയിലെ സ്‌ത്രീജനങ്ങള്‍ക്കു മുഴുവന്‍ ഇത്‌ ആഘോഷത്തിന്റെ അവസരമാകുന്നു.
ഓരോ പൗരനും തുല്യനീതിയും തുല്യസമത്വവും ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ കാവല്‍ക്കാരിയായി അവര്‍ മാറട്ടെയെന്നു ആശംസിക്കുന്നു. ദളിത്‌ വിഭാഗത്തില്‍നിന്ന്‌ 1997-ല്‍ കെ.ആര്‍. നാരായണനും 2017-ല്‍ രാംനാഥ്‌ കോവിന്ദുമൊക്കെ പ്രസിഡന്റ്‌ പദത്തില്‍ എത്തിയെങ്കിലും രാഷ്‌ട്രം സ്വാതന്ത്ര്യലബ്‌ധിയുടെ 75-ാം വാര്‍ഷികം, അമൃത മഹോത്സവം, ആചരിക്കുന്ന 2022 വരെ കാത്തിരിക്കേണ്ടിവന്നു പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നു ഒരാള്‍ ഇന്ത്യയുടെ ഏറ്റവും ഔന്നത്യമേറിയ പദവിയില്‍ എത്തുവാന്‍. നമ്മുടെ രാജ്യത്ത്‌ ഇന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെയും ദളിതരുടെയും അന്തസാര്‍ന്ന ഉയിര്‍ത്തെഴുന്നേല്‌പിനു പുതിയ രാഷ്‌ട്രപതിയുടെ നിയമനം കാരണമാകുമെന്നു പ്രത്യാശിക്കാം. പ്രാദേശികതലം മുതല്‍ രാഷ്‌ട്രീയത്തില്‍ പ്രവര്‍ത്തിച്ച്‌ എം.എല്‍.എയും മന്ത്രിയും ഗവര്‍ണറുമൊക്കെയായി പ്രവര്‍ത്തിച്ചതിന്റെ പ്രവര്‍ത്തനപരിചയവും നേതൃപാടവവും, തന്റെ ഉത്തരവാദിത്വങ്ങള്‍ ഔന്നത്യത്തോടെ നിറവേറ്റുവാന്‍ അവര്‍ക്ക്‌ ശക്തി നല്‌കുമെന്നു കരുതാനാവും. ദ്രൗപതി മുര്‍മുവിന്റെ തിരഞ്ഞെടുപ്പ്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നന്ദയുടെയും നേതൃത്വത്തില്‍ എന്‍.ഡി.എയുടെ രാഷ്‌ട്രീയ വിജയമായും കണക്കാക്കാനാകും. ദേശീയ പ്രാദേശിക തലങ്ങളില്‍നിന്നായി 44 പാര്‍ട്ടികള്‍ അവരെ പിന്തുണച്ചപ്പോള്‍ അതില്‍ പ്രതിപക്ഷത്തെ 8 പാര്‍ട്ടികളുമുണ്ടായിരുന്നു എന്നതാണു സത്യം. പ്രതിപക്ഷത്തിന്റെ സംയുക്ത രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിക്കു ലഭിച്ചതിനേക്കാള്‍ 296626 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ അവര്‍ രാഷ്‌ട്രപതിസ്ഥാനത്തേക്ക്‌ ഉയര്‍ത്തപ്പെട്ടതെന്നതും അവരുടെ വിജയത്തിന്റെ മാറ്റു വര്‍ദ്ധിപ്പിക്കുന്നു. അവഗണിക്കപ്പെട്ട അതിദരിദ്രരുടെ പ്രതിനിധി ഈ രാജ്യത്തിന്റെ പരമോന്നത അധികാരപദവിയില്‍ എത്തുമ്പോഴാണ്‌ നമ്മുടെ രാജ്യം പൂര്‍ണമായ അര്‍ത്ഥത്തില്‍ സ്വതന്ത്രമാവുക എന്ന ഗാന്ധിജിയുടെ സ്വപ്‌നംകൂടിയാണ്‌ ഈ സ്ഥാനലബ്‌ധിയിലൂടെ സാക്ഷാത്‌കരിക്കപ്പെടുക. ഈ പരമോന്നത സ്ഥാനത്തിന്റെ മഹത്വവും പവിത്രതയും അന്തസും പരിരക്ഷിച്ചുകൊണ്ടു, രാജ്യത്തിന്റെ ഭരണഘടനയുടെ അന്തഃസത്ത മുറുകെ പിടിച്ചുകൊണ്ട്‌ രാഷ്‌ട്രത്തിന്റെ മതേതര സ്വഭാവം സംരക്ഷിക്കുന്ന വ്യക്തിത്വത്തെയാണ്‌ രാഷ്‌ട്രപതിയെന്ന നിലയില്‍ ഇന്ത്യയിലെ 130 കോടി ജനം നെഞ്ചിലേറ്റുക. അതിനുള്ള കരുത്തു പുതിയ രാഷ്‌ട്രപതിക്ക്‌ ഉണ്ടെന്നാണു അവരുടെ വാക്കുകള്‍ വെളിവാക്കുക. “രാഷ്‌ട്രപതിയെന്നത്‌ ഭരണഘടനാപരമായ സ്ഥാനമാണ്‌. തിരഞ്ഞെടുക്കപ്പെട്ടാല്‍ ആ സ്ഥാനത്തിന്റെ മൂല്യം കാക്കും. രാഷ്‌ട്രീയ മേഖലയില്‍നിന്നു പൂര്‍ണമായി മാറിനിന്നുകൊണ്ട്‌ രാജ്യത്തെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കും.” അവരുടെ ഈ പ്രസ്‌താവന ഓരോ ഇന്ത്യാക്കാരനും പ്രതീക്ഷ നല്‌കുന്നു. പാര്‍ലമെന്റംഗങ്ങളും നിയമസഭാംഗങ്ങളും ചേര്‍ന്ന്‌ ജനസംഖ്യാനുപാത വോട്ടധികാരത്തോടെ തിരഞ്ഞെടുക്കുന്ന പരമാധികാരസ്ഥാനമാണ്‌ രാഷ്‌ട്രപതിക്കുള്ളത്‌. നേരിട്ട്‌ ഭരണം കൈയ്യാളുന്നില്ലെങ്കിലും ഇന്ത്യന്‍ പ്രസിഡന്റിനു നിര്‍ണായകമായ വിവേചനാധികാരങ്ങളുണ്ട്‌.
ഇന്ത്യയുടെ ബഹുസ്വരത സംരക്ഷിച്ചുകൊണ്ട്‌ നാനാത്വത്തില്‍ ഏകത്വമെന്ന്‌ ഇന്ത്യ കരുതുന്ന പരമോന്നത മൂല്യത്തെ ഊട്ടി ഉറപ്പിച്ചുകൊണ്ട്‌, പ്രാദേശിക, ജാതി, മത, വര്‍ഗ, വര്‍ണ വ്യത്യാസങ്ങള്‍ക്കതീതമായി ഇന്ത്യന്‍ റിപ്പബ്ലിക്കിനെ മുന്നില്‍നിന്നു നയിക്കാനുള്ള വലിയ ഉത്തരവാദിത്വമാണ്‌ രാഷ്‌ട്രാപതിക്കുള്ളത്‌. ഈ ഉത്തരവാദിത്വം കുറവുകൂടാതെ നിര്‍വഹിക്കുവാന്‍ അവര്‍ക്ക്‌ കഴിയട്ടെ എന്നാശംസിക്കുന്നു.
ആദിവാസി – ദളിത്‌ വിഭാഗത്തില്‍നിന്നു ഒരാളെ രാഷ്‌ട്രപതിയായി കണ്ടെത്തിയതില്‍ എന്‍.ഡി.എ അഭിമാനം പ്രകടിപ്പിക്കുന്നു. ഈ അഭിമാനബോധം സ്വാര്‍ത്ഥകമാകണമെങ്കില്‍ ആദിവാസി-ദളിത്‌ പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഗവണ്‍മെന്റിന്റെ ശ്രദ്ധ പതിയണം. സ്വാതന്ത്ര്യം ലഭിച്ചു 75 വര്‍ഷം പിന്നിടുമ്പോഴും ആദിവാസി ദളിത്‌ വിഭാഗങ്ങള്‍ ഇന്ത്യയില്‍ ഇന്നും തീര്‍ത്തും പിന്നോക്കാവസ്ഥയിലാണ്‌. സമ്പത്തുണ്ടാക്കുന്നതിനുവേണ്ടി സ്വാര്‍ത്ഥ ലക്ഷ്യത്തോടെ രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ അവരുടെ ഭൂമിയും ആവാസസ്ഥലങ്ങളും കൈയേറുന്ന അനുഭവം രാജ്യത്തുണ്ടാകുന്നുണ്ട്‌. ഐക്യരാഷ്‌ട്രസംഘടന പുറത്തുവിട്ട കണക്കുപ്രകാരം ഇന്ത്യയിലെ 13 കോടിയോളമുള്ള ആദിവാസി ജനസംഖ്യയില്‍ ആറരക്കോടി പേര്‍ ദാരിദ്ര്യപീഢ അനുഭവിക്കുന്നവരാണ്‌. പട്ടികവിഭാഗത്തിലെ 28.3 കോടിയിലെ 9.4 കോടി പേരും ദാരിദ്ര്യത്തിലാണ്‌. ആദിവാസി ദളിത്‌ പീഡനവുമായി ബന്ധപ്പെട്ട്‌ രാജ്യത്ത്‌ 2020-ല്‍ 53886 കേസുകള്‍ ഉണ്ടായി. ഇന്ത്യയിലെ എല്ലാവിഭാഗം ജനങ്ങളുടെയും അന്തസാര്‍ന്ന ജീവിതം ഉറപ്പുവരുത്തുന്നതില്‍ രാഷ്‌ട്രപതിക്കു ഏറെ കാര്യങ്ങള്‍ ചെയ്യാനാകും. അതിനാകട്ടെയെന്നു രാജ്യമാകാമാനം പ്രത്യാശിക്കുന്നു.

Previous Post

മാറിക: എരുമേലിക്കര ജോസഫ്.ടി

Next Post

നികുതി ചുമടിന്റെ അധികഭാരം പേറുന്ന സാധാരണക്കാര്‍

Total
0
Share
error: Content is protected !!