കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഏഴാം തവണ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ സംബന്ധിച്ച് പാര്‍ലമെന്റിലും രാജ്യസഭയിലും ചര്‍ച്ച നടക്കുകയാണല്ലോ. നമ്മുടെ രാജ്യത്തെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതും ഗ്രാമങ്ങളിലെ കര്‍ഷകരടക്കം എല്ലാ വിഭാഗങ്ങളെയും ശാക്തികരിക്കുന്നതുമാണീ ബജ്‌റ്റെന്നുമാണ് പ്രധാനമന്ത്രി അവകാശപ്പെട്ടത്. കൃഷി, തൊഴില്‍-നൈപുണ്യ വികസനം, മാനവവിഭവശേഷിയും സാമൂഹിക നീതിയും ഉല്‌പാദനവും സേവനവും നഗര വികസനം, ഊര്‍ജ്ജ സുരക്ഷ, അടിസ്ഥാന സൗകര്യം, ഗവേഷണ – വികസനം, വരും തലമുറ പരിഷ്‌ക്കാരങ്ങള്‍ തുടങ്ങിയ ഒന്‍പത് മുന്‍ഗണന മേഖലകളിലൂടെ വികസിത ഭാരതം എന്ന ലക്ഷ്യം അതു മുന്നോട്ടു വയ്‌ക്കുന്നു. കേരളത്തില്‍ നിന്നു ബി.ജെ.പിക്കു ഒരു എം.പി യെ ലഭിച്ചിട്ടും കേരളത്തിനു രണ്ടു കേന്ദ്രമന്ത്രിമാരെ ലഭിച്ചിട്ടും കേരളത്തെക്കുറിച്ചു ബജറ്റില്‍ പ്രത്യേക പരാമര്‍ശം ഒന്നുമില്ലാത്തത് മലയാളികളെ നിരാശരാക്കി. ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ ബീഹാറിനും ആന്ധ്രക്കും മുന്തിയ പരിഗണനയാണ് ലഭിച്ചത്. സര്‍ക്കാരിന്റെ സഖ്യകക്ഷികളായ തെലുഗു ദേശം പാര്‍ട്ടിയുടെയും ജെ.ഡി.യു വിന്റെയും സമ്മര്‍ദ്ദവും താല്‌പര്യവും പരിഗണിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാകാം ബീഹാറിനു 26000/- കോടിയുടെ റോഡു പദ്ധതിയും ആന്ധ്രക്ക് പ്രത്യേക സഹായം 15000/- കോടിയും അനുവദിക്കപ്പെട്ടത്. ആന്ധ്രക്കു അനുവദിക്കപ്പെട്ട 15000/- കോടി യഥാര്‍ത്ഥത്തില്‍ വായ്‌പയെടുക്കാനുള്ള അനുമതിയും ആ വായ്‌പക്കു കേന്ദ്രം ഗാരന്‍റ്റി നല്‌കുമെന്നതു മാത്രമാണെന്നും വൈ.എസ്.ആര്‍. കോണ്‍ഗ്രസ് ആരോപിച്ചിട്ടുണ്ട്. ഇന്ത്യാ രാജ്യം ഫെഡറല്‍ തത്വങ്ങളനുസരിച്ചു ഭരിക്കപ്പെടുമ്പോള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ആനുപാതിക പരിഗണന ലഭിക്കുക എന്നത് നീതിയാണ്. എന്നാല്‍ പ്രതിപക്ഷം ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ക്ക് ആനുപാതികമായ പരിഗണന ലഭിച്ചില്ലെന്ന ആക്ഷേപം ഉന്നയിക്കുന്നവരുണ്ട്. ഝാര്‍ഖണ്ഡ്, ഒഡീഷ, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കു പ്രത്യേക പരിഗണന ലഭിച്ചിട്ടുണ്ട്. ചില സംസ്ഥാനങ്ങള്‍ക്കു പ്രത്യേക പരിഗണന നല്‌കുന്നതിനെ അപ്പാടെ ചോദ്യം ചെയ്യാനാകില്ല. പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും സാമൂഹിക സാമ്പത്തിക മുന്നേറ്റം സാധ്യമാക്കുന്നതിനും ചിലപ്പോഴൊക്കെ അതാവശ്യമാണ്. ഒപ്പം രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനത്തിനും വളര്‍ച്ചയ്‌ക്കും അതു ഉപകരിക്കും. അപ്പോള്‍ പോലും മറ്റു സംസ്ഥാനങ്ങള്‍ തഴയപ്പെടുന്ന അവസ്ഥ സംജാതമാക്കിയല്ല അതു സാധ്യമാക്കേണ്ടത്. രാജ്യത്തിന്റെ വിഭവങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ അതു സന്തുലിതമായിരിക്കണമെന്നത് ഫെഡറല്‍ തത്വങ്ങള്‍ക്കു നിരക്കുന്ന സങ്കല്‌പം തന്നെയാണ്. പാവപ്പെട്ടവര്‍, യുവജനങ്ങള്‍, സ്‌ത്രീകള്‍, കര്‍ഷകര്‍ എന്നിവര്‍ക്കു ബജറ്റില്‍ പ്രത്യേക പരിഗണന ലഭിച്ചു എന്നതു ശ്ലാഘനീയമാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പങ്കു മാത്രമായി കേരളത്തിന്റെ വിഹിതം കുറഞ്ഞുവെന്നത് ദുഃഖകരമാണ്. എന്നാല്‍ റെയിവേ വികസനത്തിനു 3011 കോടി ലഭിച്ചു എന്നതും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 978 കോടി രൂപ അധികം ലഭിച്ചു എന്നതും കേരളത്തിനു സന്തോഷകരമാണ്. എന്നാല്‍ കേരളം ആവശ്യപ്പെട്ട 25000 കോടിയുടെ പ്രത്യേക പാക്കേജ് വിഴിഞ്ഞം തുറമുഖത്തിന്റെ പശ്ചാത്തല വികസനത്തിനായി ആവശ്യപ്പെട്ട 5000�- കോടിയുടെ പ്രത്യേക സഹായം, കേരളത്തിനു എയിംസ്, കട പരിധിയില്‍ വര്‍ദ്ധന തുടങ്ങിയവ ഒന്നും പരിഗണിക്കപ്പെട്ടില്ല. കേരളത്തിന്റെ എയിംസ് ഇത്തവണ ലോകസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചാവിഷയമാക്കിയിരുന്നു. കോഴിക്കോട്ടെ കിനാലൂരില്‍ എയിംസ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചുവെന്നത് സംസ്ഥാന ആരോഗ്യ മന്ത്രി പറയുകയും ചെയ്‌തിരുന്നുവെങ്കിലും എയിംസ് എന്ന കേരളത്തിന്റെ ദീര്‍ഘകാല ആവശ്യം പരിഗണിക്കപ്പെട്ടില്ലായെന്നതില്‍ രാഷ്‌ട്രീയ വ്യത്യാസമില്ലാതെ കേരളീയരാകെ ദുഃഖിതരാണ്. കേരളത്തിന്റെ എയിംസിനെക്കുറിച്ചു തൃശ്ശൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ചര്‍ച്ച ചെയ്യപ്പെട്ടതു കൊണ്ടും തൃശൂര്‍ മണ്ഡലത്തില്‍ നിന്നു ഒരു എം.പി യെ ബി.ജെ.പി ക്കു ലഭിച്ചതുകൊണ്ടും മലയാളികള്‍ ആ സാധ്യതയെ താലോലിച്ചു എന്നതാണ് സത്യം.
പഴയ നികുതി സമ്പ്രദായത്തില്‍ മാറ്റങ്ങളൊന്നും പുതിയ ബജറ്റ് കൊണ്ടു വന്നിട്ടില്ലെങ്കിലും പുതിയ നികുതി സമ്പ്രദായത്തില്‍ നികുതി ദായകര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന സാഹചര്യം ഉണ്ടായി. നികുതി ഇളവ് 50000 രൂപയില്‍ നിന്ന് 75000 രൂപയായി വര്‍ദ്ധിപ്പിച്ചു. ഒപ്പം കുടുംബ പെന്‍ഷന്റെ കിഴിവ് പുതിയ നികുതി വ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തി 15000 രൂപയില്‍ 20000 രൂപയായി ഉയര്‍ത്തുകയും ചെയ്‌തു. ആദ്യമായി ജോലിക്കു കയറുന്നവര്‍ക്കു 15000 രൂപ വരെയുള്ള ഒരു മാസത്തെ ശമ്പളം കേന്ദ്രം നല്‍കുമെന്ന വാഗ്‌ദാനം അങ്ങേയറ്റം ശ്രദ്ധേയമാണ്. നമ്മുടെ രാജ്യത്തെ 500 പ്രധാന സ്ഥാപനങ്ങളില്‍ 5000 രൂപ സ്റ്റൈപെന്റോടുകൂടി ഒരു കോടി യുവാക്കള്‍ക്ക് ഇന്റേന്‍ഷിപ്പിനു സൗകര്യം ഒരുക്കുമെന്ന പ്രഖ്യാപനം നമ്മുടെ രാജ്യത്തെ തൊഴിലില്ലായ്‌മ കുറെയെങ്കിലും പരിഹരിക്കുന്നതില്‍ നിമിത്തമാകുമെന്നും കരുതാം. ഒപ്പം കാലാവസ്ഥ വ്യതിയാനം കാര്‍ഷികമേഖലയെ പ്രതികൂലമായി ബാധിക്കുന്ന പശ്ചാത്തലത്തില്‍ കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്ന വിളകള്‍ കര്‍ഷര്‍ക്കു എത്തിക്കാനുള്ള പരിശ്രമം അങ്ങേയറ്റം ശ്ലാഘനീയം തന്നെ. സ്വര്‍ണ്ണം, വെള്ളി, മൊബൈല്‍ ഫോണ്‍, കാന്‍സര്‍ രോഗത്തിന്റെ മരുന്നുകള്‍ ഇവയുടെ വില കുറയുന്നത് ജനത്തിനു ആശ്വാസകരമാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി (എം.ജി.എന്‍.ആര്‍.ഇ.എസ്), ആരോഗ്യമേഖല എന്നിവക്കുള്ള വിഹിതം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂട്ടിയിട്ടുണ്ടെങ്കിലും തൊഴിലിനുവേണ്ടി ആളുകള്‍ അലയുമ്പോള്‍ എം.ജി.എന്‍.ആര്‍.ഇ.എസിനു ഈ തുക പര്യാപ്‌തമാണോ എന്നു ചിന്തിക്കുന്നവരുമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സാമൂഹ്യക്ഷേമ മേഖലകളുടെ വിഹിതം കുറച്ചു കൂടെ കൂട്ടാമായിരുന്നു. ഒപ്പം സംസ്ഥാനങ്ങള്‍ക്കുള്ള വിഭവവിതരണത്തില്‍ പക്ഷപാതിത്വം കാണിച്ചുവെന്ന ആരോപണവും ബാക്കി നില്‌ക്കുന്നു.